പൊള്ളാച്ചി: വനിതാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും നഗ്നത പകർത്താൻ സർക്കാർ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഒളിക്യാമറ സ്ഥാപിച്ച യുവ ഡോക്ടർ അറസ്റ്റിലായി. ട്രെയിനി ഡോക്ടറായ കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) പിടിയിലായത്. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ വിഭാഗം അവസാന വർഷ വിദ്യാർത്ഥിയും പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ ട്രെയിനിയുമാണ് ഇയാൾ. രണ്ടുദിവസം മുൻപ് ശുചിമുറിയിൽ പോയ നഴ്സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടത്. നിരവധി വനിതാ ഡോക്ടർമാരും നഴ്സുമാരും ജോലിചെയ്യുന്ന ആശുപ്രതിയിലാണ് സംഭവം.
തുടർന്ന് ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചു. അന്വേഷണം നടത്തുകയും രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരെന്ന് കണ്ടെത്താൻ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിൽ യുവ ഡോക്ടറാണെന്ന് വ്യക്തമായത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡോക്ടറെ ചോദ്യംചെയ്തപ്പോൾ നവംബർ 16 മുതൽ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയതായി വ്യക്തമായി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡോക്ടറുടെ ഫോൺ പരിശോധിച്ചപ്പോൾ ഓൺലൈനിൽ ക്യാമറ വാങ്ങിയതായി കണ്ടെത്തി. വെങ്കിടേഷിനെ സസ്പെൻഡുചെയ്തു. ഇയാൾ നിരവധി ആശുപത്രികളിൽ നേരത്തേ ജോലിചെയ്തിരുന്നു. അവിടങ്ങളിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇയാൾ മറ്റുളളവർക്കാർക്കെങ്കിലും ദൃശ്യങ്ങൾ അയച്ചിട്ടുണ്ടാേ എന്നും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |