മെഗാഹിറ്റായി മാറിയ മാളികപ്പുറത്തിലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ താരമാണ് ദേവനന്ദ. ചിത്രത്തിൽ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. അയ്യപ്പനെ കാണാൻ ഏറെ ആഗ്രഹിക്കുകയും, തുടർന്ന് ശബരിമലയിലെത്താൻ കല്ലു നടത്തിയ സാഹസത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
മാളികപ്പുറത്തിൽ അഭിനയിക്കുന്നതിനുവേണ്ടിയാണ് ആദ്യമായി ശബരിമലയിൽ പോയതെന്നും വ്രതം നോക്കി മല കയറി അയ്യപ്പനെ കണ്ടെന്നുമൊക്കെ ദേവനന്ദ മുമ്പ് പറഞ്ഞിരുന്നു. സിനിമ പുറത്തിറങ്ങിയതിന് ശേഷം സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് പലരും ദേവനന്ദയെ കാണുന്നത്.
ഉദ്ഘാടനങ്ങളിലും മറ്റും പങ്കെടുക്കാൻ എത്തുമ്പോൾ ദേവനന്ദയെ കാണാൻ നിരവധി പേർ എത്താറുണ്ട്. കുഞ്ഞുതാരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പരിപാടി കഴിഞ്ഞ് ദേവനന്ദ നടന്നുവരികയാണ്. ഈ സമയം മുന്നിലെത്തിയ വയോധികൻ കുട്ടിയുടെ കാല് തൊട്ടുവന്ദിക്കുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. സിനിമാ താരമായിട്ടല്ല മാളികപ്പുറമായിട്ടാണ് ദേവനന്ദയെ ആ മനുഷ്യൻ കണ്ടതെന്നും അതിനാലാണ് കാലുതൊട്ട് വന്ദിച്ചതെന്നുമാണ് ചിലർ കമന്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ വേറെ ചിലർ ഇതിനെ വിമർശിക്കുകയും ചെയ്‌തു. സാക്ഷര കേരളമാണെന്നോർക്കണമെന്നൊക്കെയാണ് പലരുടെയും പരിഹാസം.
2019 ൽ തീയേറ്ററുകളിലെത്തിയ തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെയാണ് ദേവനന്ദ വെളളിത്തിരയിലെത്തിയത്. മൂന്നര വയസിലാണ് ദേവനന്ദ ഈ ചിത്രത്തിൽ അഭിനയിച്ചത്. തുടർന്ന് ദിലീപ് നായകനായെത്തിയ മൈ സാന്റ, 2018, നെയ്‌മർ, 'ഗു' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |