കടുവാ മാത്തനേഡും ഇഞ്ചാർജ്ജ് കുട്ടൻപിള്ളയും മറ്റുമുള്ള മൂരാച്ചി പൊലീസുകാർ നടപ്പാക്കിവന്ന കലാപരിപാടികളൊക്കെ- ഗരുഡപ്പറവ, സാങ്കല്പിക കസേരയിലിരിപ്പ്, ഗരുഡൻതൂക്കം എന്നിത്യാദി- ഇനിയൊരു തിരിച്ചുവരവില്ലാത്തവണ്ണം എങ്ങോ പോയ് മറഞ്ഞിരിക്കുന്നു! നെടുങ്കണ്ടത്തെ പൊലീസ്, മൂരാച്ചിയല്ലായിരുന്നു. അത് ജനമൈത്രിയായിരുന്നുവെന്നത് ഏത് പൊലീസുകാരനും സമ്മതിക്കുന്ന നഗ്നയാഥാർത്ഥ്യമാണ്. അതുകൊണ്ടാണല്ലോ നെടുങ്കണ്ടത്തെ രാജ്കുമാറിന് ന്യൂമോണിയ പിടിപെട്ടതും കോട്ടയം മെഡിക്കൽകോളേജാശുപത്രിയിൽ രാത്രിക്ക് രാത്രി എത്തിച്ചതും. വരാപ്പുഴയിലും ഏതാണ്ട് അതുതന്നെയായിരുന്നു. മൂരാച്ചി പൊലീസായിരുന്നെങ്കിൽ ഈ ശുഷ്കാന്തി കാട്ടുമോ? ഇല്ലേയില്ല. എറണാകുളത്ത് എൽദോ എമ്മെല്ലേയെയും ജനമൈത്രി വാത്സല്യാതിരേകത്താൽ തലോടിയതായിരുന്നു. നിർഭാഗ്യവശാൽ തലോടിയ ലാത്തിയും പൊട്ടി. ഇപ്പോളാണെങ്കിൽ പ്രളയവും വന്നു. പശുവും ചത്തു, മോരിലെ പുളിയും പോയി എന്ന് പറയുമ്പോലെ. ഒടിഞ്ഞ ലാത്തിയുമെടുത്ത് നടന്നാൽ ഏത് ജനമൈത്രിക്കാണ് സ്വസ്ഥത കിട്ടുക! എൽദോയൊന്ന് ചിന്തിച്ച് നോക്കൂ. അപ്പോൾ തീരും മനസിന്റെ ആളൽ. അതുകൊണ്ട് മാത്രമാണ് ബെഹ്റാജി ആ പൊലീസിനെയങ്ങ് വെറുതെ വിട്ടോളാൻ പറയുന്നത്. ആ നിഷ്കളങ്ക മനസിനെ മാനിക്കേണ്ടേ, എൽദോ? അല്ലെങ്കിലും എൽദോയെ വീട്ടിൽക്കയറി അടിച്ചതല്ലല്ലോയെന്ന് കാനം സഖാവ് പറഞ്ഞിട്ടുണ്ട്. ജനമൈത്രിയുടെ വേദന തിരിച്ചറിയാനുള്ള ആ വലിയ മനസ് പിണറായി സഖാവിനെപ്പോലെ കാനം സഖാവിനല്ലാതെ മറ്റാർക്കുണ്ടാവാനാണ്?
പറഞ്ഞു വരുന്നത് ജനമൈത്രി പൊലീസിനെപ്പറ്റി തന്നെ. മൂരാച്ചിയായിരുന്നോ എന്ന് ആ അയ്യോപാവം ശ്രീറം വെങ്കട്ടരാമനോട് ചോദിച്ചുനോക്കൂ. ചോദിക്കുന്ന മാത്രയിൽ ആ കണ്ണിൽ നിന്ന് നീർ ധാരധാരയായി ഒഴുകും.അത് ജനമൈത്രിയുടെ കരുതലും നന്മയും കണ്ട് ഉള്ളം നിറഞ്ഞ് പുറത്തേക്കൊഴുകി വരുന്ന ലാവയാണ്. അതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് ശ്രീറമ്മിന് ഇതുവരെ നിശ്ചയമില്ലാത്തത് കൊണ്ട് മാത്രമാണ് ഒന്നും വിളിക്കാത്തത്.
ശരിക്കും പറഞ്ഞാൽ മ്യൂസിയത്തെ ജനമൈത്രിയെ മ്യൂസിയത്തിനകത്ത് തന്നെ ചില്ലിട്ട് സൂക്ഷിക്കേണ്ടതാണ്. മ്യൂസിയം വകുപ്പിന്റെ ചുമതലയുള്ള കടന്നപ്പള്ളി മന്ത്രി അതിന് മുൻകൈയെടുക്കുന്നത് നന്നായിരിക്കും. വെങ്കട്ടരാമൻ അന്ന് ആ റോഡിനെ ഏതോ പുഴയായി സങ്കല്പിച്ച് തുഴഞ്ഞ് കൊണ്ടിരിക്കെ, ജനമൈത്രി ചോദിച്ചത് ഒരു തോണിയും പങ്കായവും തരട്ടെ, അതിൽ തുഴഞ്ഞ് തുഴഞ്ഞ് പോവാലോ എന്നായിരുന്നു. കണ്ടുനിന്ന കാപാലികരത്രയും വെങ്കട്ടരാമൻ തുഴയുന്നത് കണ്ടുവെന്ന് പറയുന്നു.
മൂരാച്ചിയായിരുന്നു മ്യൂസിയത്തെ പൊലീസെങ്കിലെന്തായിരുന്നേനെ. നിങ്ങൾ തന്നെയൊന്ന് സങ്കല്പിച്ച് നോക്കൂ. വെങ്കട്ടരാമനോട് ഊതാൻ പറയും, പിന്നെ ശബ്ദതാരാവലിയിലേക്ക് ശ്രീകണ്ഠേശ്വരം പോലും കണ്ടുപിടിക്കാതിരുന്ന പദാവലികൾ കൊണ്ടുള്ള അക്ഷരശ്ലോകം, ജഗപൊഗ...! ഇവിടെ അതൊന്നുമുണ്ടായില്ലല്ലോ. മകനേ, വത്സാ, കാപ്പി കുടിക്കുന്നോ, അല്പം വിശ്രമമായാലോ, കൂടെയുള്ള ശിഷ്യരത്നത്തെ വീട്ടിലെത്തിക്കട്ടെ എന്നെല്ലാം പറയുന്ന ജനമൈത്രിയെ കണ്ട ശ്രീറമ്മിന്റെ കണ്ണ് നിറയാതിരിക്കുന്നതെങ്ങനെയാണ് !
പാവം കവിമന്ത്രിയെ സംശയിച്ചുവെന്ന് പറഞ്ഞാൽ മതി. കവിഹൃദയം അങ്ങനെയൊന്നും പിടയുന്ന പതിവില്ലാത്തതാണ്. പക്ഷേ ചേർത്തല അർത്തുങ്കലിൽ ദുരിതാശ്വാസ ക്യാമ്പിൽ ചെന്നപ്പോൾ സഖാവ് ഓമനക്കുട്ടൻ അരി കൊണ്ടുവന്ന ഓട്ടോയ്ക്ക് കൂലി കൊടുക്കാൻ പണപ്പിരിവെടുത്തെന്നറിഞ്ഞ മന്ത്രിയുടെ ഹൃദയം നൊന്തു! 'ചൊല്ലൂ ഒബാമ, നീ ആരാണ്, എന്തിനായ് വന്നു നീ, കൊല്ലുവാനോ, കൊന്നു തിന്നുവാനോ' എന്ന് ആരാണ് നീ ഒബാമ എന്ന കവിതയിൽ ചോദിച്ചത് പോലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രിയും ഓമനക്കുട്ടൻ സഖാവിനോട് ചോദിച്ചെന്നാണ് പറയുന്നത്. അത് ഓമനക്കുട്ടനോടുള്ള കോപമായിരുന്നില്ല. ഉദ്യോഗസ്ഥപ്രഭൃതികളോടുള്ള രോഷം അണപൊട്ടിയ കവിഹൃദയത്തിന്റെ ആത്മസംഘർഷമായിരുന്നു.
കാള പെറ്റെന്ന് കേട്ടപാടേ കയറെടുത്തെന്ന് പറഞ്ഞത് പോലെ, ഓമനക്കുട്ടൻ സഖാവിനെ ഉടൻ സസ്പെൻഡ് ചെയ്യേണ്ടിയിരുന്നില്ലെന്നിപ്പോൾ പാർട്ടിക്ക് തോന്നിയിരിക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് മന്ത്രി ക്യാമ്പിൽ വച്ചുതന്നെ പറഞ്ഞശേഷവും ഓമനക്കുട്ടൻ സസ്പെൻഷനിലായതിനാൽ കവിമന്ത്രി മാപ്പ് പറയാനാവശ്യപ്പെട്ട് സഖാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പാവം കവിഹൃദയങ്ങളെ സംശയിക്കരുത്. കവിഹൃദയം പിളർന്ന് കാണിക്കാനാവില്ലല്ലോ. ഓമനക്കുട്ടന്റേതല്ല തെറ്റെന്ന് കവി
നെഞ്ച് പിളർന്ന് കാട്ടി പറയുന്നുണ്ട്. ഏതായാലും ഓമനക്കുട്ടന്റെ സസ്പെൻഷൻ പിൻവലിക്കലും പാർട്ടി തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമാക്കി ഉൾപ്പെടുത്തേണ്ടതാണ് എന്നാണ് പി.ബിയോട് അഭ്യർത്ഥിക്കാനുള്ളത്.
ശ്രീറം വെങ്കട്ടരാമന്റെ റെട്രോഗ്രേഡ് അംനേഷ്യ അതിന്റെ വിശ്വരൂപം കാണിച്ചാലെന്താകും അവസ്ഥ! പിണറായി സഖാവ് ഈ അന്തരാളഘട്ടത്തിൽ വെങ്കട്ടരാമന്റെ കണ്ണിൽപ്പെടാതെ തീർച്ചയായും മാറിനടക്കാൻ ശ്രദ്ധിക്കണം. അംനേഷ്യവെങ്കട്ടരാമന്റെ കൺമുന്നിൽ സഖാവ് എത്തിപ്പെട്ടാൽ, 'ഇതാര്, നമ്മുടെ വേലിക്കകത്ത് ശങ്കരൻ മകൻ അച്യുതാനന്ദൻ സാറല്ലേ ഈ വരുന്നത്...' എന്നാകും പ്രതികരണമെന്നാണ് റെട്രോഗ്രേഡ് അംനേഷ്യയെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കിയ പേരൂർക്കട അമ്പലമുക്കിലെ ന്യൂറോ സ്പെഷ്യലിസ്റ്റ് ഡോ.സ്വാമി ചൂണ്ടിക്കാണിക്കുന്നത്. അംനേഷ്യയുടെ മാരകഭാവമായിരിക്കും അത്. പിണറായി സഖാവിൽ അതുണ്ടാക്കുന്ന ഭാവമാറ്റം എന്തായിരിക്കുമെന്ന് ഊഹിക്കാൻ ദ്റോണർക്ക് കഴിയുന്നുണ്ട്. കൂടുതൽ അനിഷ്ടസംഭവങ്ങൾക്ക് വഴിയൊരുക്കാതിരിക്കുന്നതല്ലേ ബുദ്ധി!
ഈ അംനേഷ്യബാധ കണ്ടെത്തി മരുന്ന് കുറിച്ച് കൊടുത്തത് ശൈലജടീച്ചറുടെ മെഡിക്കൽകോളേജിലെ ഡോക്ടർമാരൊക്കെ തന്നെ. എന്നുവച്ച് അംനേഷ്യക്കാരന് ശൈലജടീച്ചറാണെന്ന വകഭേദമൊന്നുമില്ല. 'ഹാ, ഇതാര് നമ്മുടെ പി.കെ. ശ്രീമതി ടീച്ചറല്ലേ' എന്നാവും വെങ്കട്ടരാമൻ പറഞ്ഞ് പോവുക. അതുകൊണ്ട് ശൈലജ ടീച്ചറും ഒന്ന് അകലം പാലിച്ച് നടക്കുന്നത് നന്നായിരിക്കും!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |