ന്യൂഡല്‍ഹി: മറ്റ് പല സംസ്ഥാനങ്ങളില്‍ ലഭിച്ചതിനേക്കാള്‍ വലിയ സ്വീകാര്യതയാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് കിട്ടിയത്. ഇതോടെ കേരളത്തിന് മൂന്നാം വന്ദേഭാരത് വേണമെന്ന ആവശ്യവും ശക്തമായിരുന്നു. ഒടുവില്‍ ഏറെ നാളത്തെ ആവശ്യത്തിന് ശേഷം കൊച്ചി - ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുകയും ചെയ്തു. യാത്രക്കാര്‍ സര്‍വീസ് ഏറ്റെടുത്തെങ്കിലും അധികം വൈകാതെ ട്രെയിന്‍ ഓട്ടം നിര്‍ത്തി.
കേരളത്തിലേക്ക് ഈ ട്രെയിന്‍ വീണ്ടും ഓടിക്കണമെന്ന് ആവശ്യപ്പെട്ടവരില്‍ ദക്ഷിണ റെയില്‍വേയും ഉള്‍പ്പെടുന്നു. എന്നാല്‍ ബംഗളൂരു സ്റ്റേഷനില്‍ ഒഴിവില്ലെന്നും ഇപ്പോള്‍ അത്തരത്തിലൊരു സര്‍വീസ് സ്വീകരിക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്ന സൗത്ത് റെയില്‍വേ അറിയിച്ചതാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയാത്തതിന് പിന്നില്‍. ഇപ്പോഴിതാ കൊച്ചി - ബംഗളൂരു വന്ദേഭാരതിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള എംപി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തോടാണ് മന്ത്രി പ്രതികരിച്ചത്. സര്‍വീസ് റദ്ദാക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് എംപി ചോദിച്ചത്. വന്ദേ ഭാരത് ട്രെയിന്‍ റദ്ദാക്കുകയല്ല, പകരം ഒരു പ്രത്യേക സര്‍വീസ് എന്ന നിലയിലാണ് താല്‍ക്കാലികമായി അവതരിപ്പിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. താത്കാലിക ക്രമീകരണം എന്നതില്‍ നിന്നാവാം റദ്ദാക്കല്‍ എന്ന ധാരണ വന്നതെന്നും മന്ത്രി വിശദമാക്കി.
ആവശ്യകത, സര്‍വീസ് നടത്താനുള്ള അനുകൂല സാഹചര്യങ്ങള്‍തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നും ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും അശ്വനി വൈഷ്ണവ് വിശദമാക്കി. കൂടാതെ, സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് റെയില്‍വേ ശൃംഖല അനുസരിച്ചാണ് ട്രെയിനുകള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ ആവശ്യമെന്ന് തോന്നിയാല്‍ സര്‍വീസ് സ്ഥിരപ്പെടുത്തുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |