തിരുവനന്തപുരം: ഭരണഘടനയിലെ 370-ാം വകുപ്പ് കാശ്മീരിനെ വികസനത്തിൽ നിന്ന് പിറകോട്ട് വലിച്ചെന്നും മറ്റു സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം പിറകിലാക്കിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചിന്താ സായാഹ്നം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വസ്തുതകൾ പരിശോധിച്ചാൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ല ഈ വകുപ്പ് എന്ന് മനസിലാകും. കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നിയമം, സംവരണം, മാലിന്യ നിർമ്മാർജന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങൾ തുടങ്ങിയവ കാശ്മീരിന് അന്യമായി. തദ്ദേശ തിരഞ്ഞെടുപ്പ് വർഷങ്ങളോളം നടന്നില്ല. കാശ്മീരിൽ ചില കുടുംബങ്ങളുടെ നേതൃത്വത്തിലാണ് ഭരണം നിയന്ത്രിച്ചിരുന്നത്. കൺട്രോളർ ആൻഡ് ഓഡിറ്റ് പരിശോധനയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തുകയും ചെയ്തു. കാശ്മീരിനെ വച്ചുള്ള രാഷ്ട്രീയം മറ്റു സംസ്ഥാനങ്ങളിൽ പ്രയോജനപ്പെടുത്താനാണ് ഇടുങ്ങിയ ചിന്താഗതികൾ വച്ചു പുലർത്തുന്ന ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്. കേരളത്തിലെ മാർക്‌സിസ്റ്റ്, കോൺഗ്രസ് പാർട്ടികൾ 370-ാം വകുപ്പ് എടുത്തുമാറ്റിയത് ഒരു പ്രത്യേക മതത്തിനെതിരാണെന്നും തങ്ങൾ ആ മതത്തിന്റെ കൂടെയാണെന്ന് വരുത്തിത്തീർക്കാനുമാണ് ശ്രമിക്കുന്നത്. നിയമം പാസാക്കി പത്തുദിവസം കഴിഞ്ഞിട്ടും മറ്റുള്ളവർ കരുതിയതുപോലെ കാശ്മീരിൽ കലാപം ഉണ്ടായില്ല. കേന്ദ്ര ഭരണപ്രദേശമാക്കിയ ലഡാക്കിന്റെ സ്ഥിതിയിൽ കേന്ദ്ര സർക്കാർ മാറ്റം കൊണ്ടുവരുമെന്നും മുരളീധരൻ പറഞ്ഞു. 370-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് മുരളീ മനോഹർ ജോഷി നയിച്ച ഏകതാ യാത്രയിൽ പങ്കെടുത്ത് കശ്മീരിൽ അറസ്റ്റ് വരിച്ച ഏക മലയാളിയായ ഡോ.റേച്ചൽ മത്തായി, ശതാഭിഷിക്തനായ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.രാമൻപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.രാമൻപിള്ള രചിച്ച 'അടിയന്തരാവസ്ഥയുടെ അന്തർധാരകൾ', 'ഭാരതരത്‌നം അടൽ ബിഹാരി വാജ്‌പേയ്' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷനായി. നയതന്ത്ര വിദഗ്ദ്ധൻ ടി.പി.ശ്രീനിവാസൻ, മുൻ കരസേനാ ഉപമേധാവി ലഫ്.ജനറൽ ശരത്ചന്ദ്, ജോർജ് ഓണക്കൂർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ്, പാപ്പനംകോട് സജി, ബിജു ബി.നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |