പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്‌ക്ക് സ്ഥലംമാറ്റം നൽകി ഉത്തരവ്. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തേ കോന്നി തഹസിൽദാർ ആയിരുന്ന മഞ്ജുഷയ്‌ക്ക് പത്തനംതിട്ട കളക്‌ടറേറ്റിലേക്കാണ് മാറ്റം നൽകിയത്. നിലവിൽ മഞ്ജുഷ അവധിയിൽ തുടരുകയാണ്. ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ നിന്ന് ഒഴിവാക്കി കളക്‌ടറേറ്റിലേക്ക് മാറ്റി നൽകണമെന്ന് മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിലെ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് സ്‌പെഷ്യൽ സെൽ അന്വേഷണം പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് ഈ ആഴ്‌ച ആഭ്യന്തര വകുപ്പിന് കൈമാറും. കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ ആണ് ആരോപണത്തിൽ അന്വേഷണം നടത്തിയത്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്‌പെഷ്യൽ സെല്ലിന് സർക്കാർ നിർദേശം നൽകിയത്. കോൺഗ്രസ് നേതാവായ ടിഒ മോഹനനും വിജിലൻസിന് പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും വിജിലൻസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.
അതിനിടെ, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ കളക്‌ടർക്കും ടിവി പ്രശാന്തനും നോട്ടീസ് അയച്ചു. ഹർജി പരിഗണിച്ച കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേസ് ഡിസംബർ പത്തിന് വീണ്ടും പരിഗണിക്കും. കേസിൽ പ്രതിചേർക്കാത്ത ജില്ലാ കളക്‌ടറുടെയും ടിവി പ്രശാന്തന്റെയും മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന സംശയം കോടതി കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഇരുവർക്കും കോടതി നോട്ടീസ് അയക്കാൻ നിർദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |