ഡോ. മൻമോഹൻസിംഗിന്റെ യു.പി.എ സർക്കാരിന്റെ കാലം തൊട്ടേ കേൾക്കുന്നതാണ് കേരളത്തിന് എയിംസ് ഇതാ കിട്ടിപ്പോയി എന്ന പാഴ് വാഗ്ദാനങ്ങൾ. മൻമോഹൻ സിംഗ് മാറി നരേന്ദ്രമോദി സർക്കാർ വന്നപ്പോഴും, പാർലമെന്റ് സമ്മേളിക്കുമ്പോഴെല്ലാം വാഗ്ദാനങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. കടകവിരുദ്ധമായ പ്രഖ്യാപനങ്ങളും ഉണ്ടാകാതിരുന്നില്ല. സംസ്ഥാനം എയിംസിന് ആവശ്യമായ സ്ഥലം നിശ്ചയിക്കാത്തതാണ് കാലതാമസത്തിനു കാരണമെന്ന ന്യായീകരണവും മുന്നോട്ടുവയ്ക്കാറുണ്ട്. ഇതോടൊപ്പം തന്നെ കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ ഇല്ലെന്ന് അറുത്തുമുറിച്ച ഉത്തരവും ചിലപ്പോൾ ബന്ധപ്പെട്ട മന്ത്രിയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായുള്ള, സംസ്ഥാനത്തു നിന്നുള്ള എം.പിമാരുടെ സമ്മേളന അജണ്ടയിലെ പ്രധാന ഇനമായി എയിംസ് ഉൾപ്പെടാറുണ്ട്. എയിംസിനൊപ്പം റെയിൽവേയുമായി ബന്ധപ്പെട്ട ആവശ്യങ്ങളും സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ മുൻഗണനയോടെ ഉൾപ്പെടാറുണ്ട്. എന്നാൽ ഈ രണ്ടു വിഷയങ്ങളിലും സംസ്ഥാനത്തോട് അങ്ങേയറ്റം വിവേചനപരമായ സമീപനമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടാകാറുള്ളത്.
അദാനി - സംഭൽ വിഷയങ്ങളിൽ പാർലമെന്റിന്റെ ആദ്യ ദിനങ്ങൾ പാടേ ഒലിച്ചുപോയിരുന്നു. ചൊവ്വാഴ്ച മുതൽ സമ്മേളനം ബഹളമില്ലാതെ തുടരാൻ ധാരണയായപ്പോൾ കേരളത്തിന്റെ എയിംസ് ആവശ്യം ഒരിക്കൽക്കൂടി രാജ്യസഭയിൽ ഉന്നയിക്കപ്പെട്ടു. സി.പി.എം അംഗമായ ജോൺ ബ്രിട്ടാസാണ് വിഷയം ഉന്നയിച്ചത്. കേരളത്തിന്റെ ആവശ്യം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നാണ് ആരോഗ്യവകുപ്പു മന്ത്രി ജെ.പി. നദ്ദ മറുപടി നൽകിയത്. ഇതേ മന്ത്രി തന്നെയാണ് കഴിഞ്ഞ സമ്മേളനത്തിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന പ്രസ്താവന നടത്തിയത്. ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്? മന്ത്രിമാർ പാർലമെന്റിൽ പറയുന്ന കാര്യങ്ങൾക്ക് വിശ്വാസ്യതയും ഉറപ്പും ഉണ്ടെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ കേരളത്തിന്റെ എയിംസ് ആവശ്യത്തിൽ ഓരോ സമ്മേളനകാലത്തും ഓരോ നിലപാടുമായി സംസ്ഥാനത്തെ കളിയാക്കുകയാണ് കേന്ദ്ര ഭരണാധികാരികൾ.
വിവിധ സംസ്ഥാനങ്ങളിലായി നിലവിൽ ഇരുപത് എയിംസ് പ്രവർത്തിക്കുന്നുണ്ട്. യു.പിയിൽ രണ്ടെണ്ണമാണുള്ളത്. ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും ഇതിനകം എയിംസ് അനുവദിച്ചിട്ടുണ്ട്. 2025-ൽ അഞ്ചെണ്ണം കൂടി തുടങ്ങാനാവശ്യമായ നടപടികൾ എടുത്തിട്ടുണ്ട്. അതിലും കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിന്റെ ആവശ്യം പരിഗണനയിൽ ഇല്ലെന്ന് രാജ്യസഭയിൽ മറുപടി നൽകിയ മന്ത്രിതന്നെ, പുറത്തു വന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട പ്രക്രിയ തുടരുകയാണെന്നാണ് പറഞ്ഞത്. ഇത്തരം ഇരട്ടത്താപ്പിനു പിന്നിലെ ചേതോവികാരമാണ് മനസിലാക്കാൻ കഴിയാത്തത്. എയിംസ് തുടങ്ങാൻ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കേരളത്തിൽ എവിടെയും ലഭ്യമാണ്. ഒന്നിലേറെ സ്ഥലങ്ങൾ പോലും എന്നേ കണ്ടുവച്ചതാണ്. ആവശ്യമായ പരിശോധനകളും നടന്നതാണ്. അനുവാദം നൽകുന്ന മുറയ്ക്ക് എല്ലാം അനായാസം ലഭ്യമാക്കാവുന്നതേയുള്ളൂ.
സർക്കാർ വകയായും സ്വകാര്യ മേഖലയിലും മെഡിക്കൽ കോളേജുകൾക്ക് ഇവിടെ കുറവൊന്നുമില്ലെങ്കിലും എയിംസ് പോലെ ലോക നിലവാരത്തിലുള്ള ഒരു അത്യാധുനിക ചികിത്സാ കേന്ദ്രത്തിനായി കേരളം വർഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മൻമോഹൻ സിംഗ് ഗവൺമെന്റിൽ കേരളത്തിൽ നിന്ന് എട്ടു മന്ത്രിമാർ വരെ ഉണ്ടായിരുന്നപ്പോഴും സംസ്ഥാനത്തിന്റെ ഈ ആവശ്യം നേടിയെടുക്കാൻ സാധിച്ചില്ല. അതിനായി ആരും മിനക്കെട്ടില്ല എന്നു പറയുന്നതാകും ശരി. എയിംസിനായുള്ള സംസ്ഥാനത്തിന്റെ ആവശ്യം അത്യാഗ്രഹമല്ലെന്നും അനിവാര്യമായ ആവശ്യമാണെന്നും കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തണം. സർക്കാരും എം.പിമാരും ഒറ്റക്കെട്ടായി നിന്ന് അതു നേടിയെടുക്കാൻ മാർഗം തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |