പയ്യന്നൂർ : ദേശീയ പാതയിൽ കണ്ടോത്ത് കാർ വർക്ക്‌ഷോപ്പിൽ വൻ അഗ്നിബാധ. കാറുകളിൽ രണ്ടെണ്ണം പൂർണമായും മൂന്നെണ്ണം ഭാഗികമായും കത്തി നശിച്ചു. കണ്ടോത്ത് പെട്രോൾ പമ്പിന് സമീപത്തെ ടി.പി.നിധുവിന്റെ ഉടമസ്ഥതയിലുള്ള ടി.പി.ഓട്ടോ ഗാരേജിലാണ് തീ പിടുത്തം ഉണ്ടായത്. വർക്ക്‌ഷോപ്പിന് അകത്ത് സൂക്ഷിച്ച വാഹനങ്ങളാണ് കത്തി നശിച്ചത്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീയും പുകയും ദേശീയ പാത വഴി പോകുന്ന വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിലേക്ക് വിവരമറിയിക്കുകയായായിരുന്നു. അസി.സ്റ്റേഷൻ ഓഫീസർ സി.പി. ഗോകുൽദാസിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീയണച്ചത്.
പൂർണമായും കത്തിനശിച്ച വാഹനങ്ങളിൽ ഒന്നിൽമാത്രമാണ് ബാറ്ററിയുണ്ടായിരുന്നതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു . ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയുടെ ഇടപെടലിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന മറ്റുവാഹനങ്ങൾക്ക് തീ പടർന്നില്ല. സ്ഥാപനത്തിന് തൊട്ടടുത്താണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പ്. ഇവിടേക്ക് പടർന്നാൽ ഉണ്ടാകാമായിരുന്ന വൻ അപകടത്തെയും ഫയർഫോഴ്സ് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |