സംസ്ഥാന സ്കൂൾ കായികമേള കഴിഞ്ഞിട്ടും കാശുകിട്ടാതെ ഒഫിഷ്യൽസ്
തിരുവനന്തപുരം : എറണാകുളത്ത് സംസ്ഥാന സ്കൂൾ കായിക മേള നടന്ന് ഒരു മാസം കഴിഞ്ഞിട്ടും അതിന് ഒഫിഷ്യൽസ് ആയി ജോലി നോക്കിയവർക്ക് പ്രതിഫലം ലഭിച്ചില്ല. കായിക മേളയിലെ മത്സരങ്ങൾ നടത്താൻ സ്പോർട്സ് കൗൺസിലിലേയും അസോസിയേഷനിലെയും നിലവിലെ പരിശീലകർ,മുൻ പരിശീലകർ, മുൻ കായിക താരങ്ങൾ, സ്കൂളുകളിലെ കായിക അദ്ധ്യാപകർ.പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ തുടങ്ങി അഞ്ഞൂറോളം പേരാണ് ഒളിമ്പിക് മാതൃകയിൽ നടത്തിയ മേളയ്ക്ക് ഒഫിഷ്യൽസായി ജോലി ചെയ്‌തത്.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും ദേശീയ മത്സരങ്ങളിലേക്കുള്ള ടീമുകളെ തിരഞ്ഞെടുക്കുന്നതിനുമാണ് ഒഫിഷ്യൽസിനെ നിയോഗിച്ചത്. സെലക്ടർമാർക്ക് ഒരുദിവസം 1500 രൂപയോളമാണ് പ്രതിഫലമായി നൽകിവരുന്നത്. കായിക അദ്ധ്യാപകർക്ക് 750 രൂപയാണ് ബത്ത. മറ്റ് ഒഫിഷ്യൽസിന് താമസസൗകര്യം ഡി.പി. ഐ നൽകാറുണ്ടെങ്കിലും കായിക അദ്ധ്യാപകർക്ക് അതും ലഭിക്കാറില്ല.
കായിക മേളകളുടെ ഒഫിഷ്യൽസിനുള്ള തുക ഡി.പി.ഐയിലെ സ്പോർട്സ് ഫണ്ടിൽ നിന്നാണ് അനുവദിക്കുന്നത്. ഡി.പി.ഐ സ്പോർട്സ് വിഭാഗത്തിൽ ഫണ്ട് ഉണ്ടെങ്കിലും വിതരണം ചെയ്യുന്നതിലെ കാലതാമസമാണ് ഒഫിഷ്യൽസിന് വിനയായിരിക്കുന്നത്.
പണമില്ല, ടീം മാനേജർമാർ പിന്മാറുന്നു
ദേശീയ സ്കൂൾ കായിക മേളയ്ക്കുള്ള കേരള ടീമുകളെ കൊണ്ടുപോകുന്നതിനുള്ള പണം സമയത്ത് അനുവദിക്കാത്തതിനാൽ ടീം മാനേജർമാരാകാൻ കായികാദ്ധ്യാപകർ തയ്യാറാകാത്ത സാഹചര്യവുമുണ്ട്. ആദ്യ ഘട്ടങ്ങളിൽ ടീമുകൾക്ക് കൃത്യമായി പണം നൽകിയിരുന്നു. അടുത്തിടെ പോയ ടീമുകൾക്ക് ഇതുവരെ ചെലവായ തുക നൽകിയിട്ടില്ല. ഇതോടെയാണ് സാമ്പത്തിക ബാദ്ധ്യത ഭയന്ന് ടീം മാനേജർമാരാകാൻ കായിക അദ്ധ്യാപകർ മടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |