തൃശൂർ: മുന്തിരി കയറ്റിവന്ന മിനി ലോറിയിൽ ഒളിപ്പിച്ച 2600 ലിറ്റർ സ്പിരിറ്റ് മണ്ണുത്തി ദേശീയപാതയിലെ തിരുവാണിക്കാവിൽ എക്സൈസ്പിടികൂടി. ലോറി ഡ്രൈവർ പാലക്കാട് പള്ളിപ്പുറം കള്ളിക്കാട് കേത്തപ്പൻ വീട്ടിൽ ഹരി (37), വാഹനം കൈമാറി ഏറ്റെടുക്കാൻ വന്ന തൃശൂർ കുറുമ്പിലാവ് സ്വദേശി പുളിപറമ്പിൽ വീട്ടിൽ പ്രദീപ് (62) എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ കൊടുങ്ങല്ലൂർ സ്വദേശി ജിനീഷ് വന്ന കാർ എക്സൈസ് ഉദ്യോഗസ്ഥന്റെ ബൈക്കിൽ ഇടിച്ചശേഷം കടന്നു. ഉദ്യോഗസ്ഥർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് കടത്താനായി 79 കന്നാസ് സ്പിരിറ്റ് കാർട്ടൻ ബോക്‌സ് ഉപയോഗിച്ച് പാക്ക് ചെയ്ത് മുകളിൽ മുന്തിരി പെട്ടികൾ വച്ചാണ് ലോറി വന്നത്. എറണാകുളത്തേക്ക് കൊണ്ടുപോകാൻ മണ്ണുത്തിയിൽ വച്ച് ലോറി പ്രദീപിനെ ഏൽപ്പിക്കാനായിരുന്നു പദ്ധതി. പ്രദീപ് ഇതിനായാണ് ജിനീഷുമായി മണ്ണുത്തിയിൽ കാറിലെത്തിയത്.സ്പിരിറ്റ് ലോറി ഏറ്റെടുക്കാൻ കാറിൽ നിന്നിറങ്ങിയ പ്രദീപിനെയും ലോറി കൈമാറാൻ പുറത്തിറങ്ങിയ ഡ്രൈവർ ഹരിയെയും ഒന്നിച്ച് പിടികൂടുകയായിരുന്നു. ഇതുകണ്ട് ജിനീഷ് കാറിൽ കടന്നുകളയുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ എക്‌സൈസ് സംഘം ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനവും ബൈക്കും ഉപയോഗിച്ചാണ് ലോറിയും കാറും തടഞ്ഞത്. ഇതിനിടയിലാണ് ജിനീഷ് കാറിൽ കടന്നുകളഞ്ഞത്. പിന്തുടർന്നപ്പോഴാണ് എക്‌സൈസ് സംഘത്തിന്റെ ബൈക്കിൽ ഇടിച്ചത്. ജിനീഷിനെയും പ്രതിയാക്കി. വ്യാജമദ്യം നിർമ്മിക്കാനുള്ള സ്പിരിറ്റ് ലോബിയുടെ നീക്കമാണ് തടയാൻ കഴിഞ്ഞെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സി.സുനു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |