കെ.എസ്.ഇ.ബി ഫിനാൻസ് വിഭാഗത്തിൽ നിന്ന് രണ്ടുമാസം മുമ്പ് ലഭിച്ച വിവരാവകാശ മറുപടിയിൽ ബോർഡ് 218 കോടി ലാഭത്തിലാണെന്ന് പറയുന്നു. ലാഭത്തിലാണെങ്കിൽ എന്തിനാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്? ഈ സാഹചര്യത്തിലാണ് ജനങ്ങളെ ദ്രോഹിച്ച് അവരുടെ ദുരിതങ്ങൾ കണ്ട് ആസ്വദിക്കുന്ന സാഡിസ്റ്റാണോ കെ.എസ്.ഇ.ബി എന്ന സംശയം ഉയരുന്നത്. ഏതു നിമിഷവും പുതിയ താരിഫ് പ്രഖ്യാപിക്കാം. കൂട്ടിയേ പറ്റുവെന്ന് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.
ഒക്ടോബർ 29ന് റെഗുലേറ്ററി കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവിൽ നിരക്ക് വർദ്ധന സംബന്ധിച്ച സൂചനയുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് കാരണമാണ് പ്രഖ്യാപനം നീണ്ടത്. തിരഞ്ഞെടുപ്പ് കഴിയും വരെ വർദ്ധന നീട്ടിവച്ച് സർക്കാർ ജനങ്ങളെ കബിളിപ്പിക്കുകയായിരുന്നു. റെഗുലേറ്ററി കമ്മിഷൻ, കെ.എസ്.ഇ.ബിയുടെ ശുപാർശ അതേപടി അംഗീകരിക്കാനുള്ള സംവിധാനമല്ല. ശുപാർശ ജനഹിതത്തിന് എതിരാണെങ്കിൽ തള്ളാനും ബാദ്ധ്യസ്ഥരാണ്. കേരളത്തിൽ നാലു ജില്ലകളിൽ മാത്രമാണ് റെഗുലേറ്ററി കമ്മിഷൻ ഹിയറിംഗ് നടത്തിയത്. ഇവിടങ്ങളിൽ പങ്കെടുത്തവരെല്ലാം നിരക്ക് വർദ്ധനവിനെ ശക്തമായി എതിർക്കുകയും ചെയ്തു.
മറ്റുള്ള ജില്ലകളിലും പൊതുതെളിവെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഞാൻ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകിയിരുന്നു. ആകെ 600 പേരേ ഹിയറിംഗിൽ പങ്കെടുത്തുള്ളു എന്നതടക്കമുള്ള വസ്തുതാവിരുദ്ധമായ വിവരങ്ങളാണ് കെ.എസ്.ഇ.ബി ഹാജരാക്കിയത്. ഹാർജിക്കാരൻ കൺസ്യൂമറല്ലെന്ന സാങ്കേതികത്വം പറഞ്ഞ് ഹർജി തള്ളിയത് കെ.എസ്.ഇ.ബി തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വൻതോതിൽ പ്രചരിപ്പിച്ചു. കെ.എസ്.ഇ.ബി ആരുടെ പക്ഷത്താണെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്.
ജലവൈദ്യുതി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതാണ് നിരക്ക് വർദ്ധനവിന് കെ.എസ്.ഇ.ബി പറയുന്ന ന്യായം. ഇതിന്റെ ഉത്തരവാദികൾ ബോർഡിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരാണ്. ഉന്നതരുടെ വീഴ്ചയ്ക്ക് ജനങ്ങളെ പിഴിയണോ? ആയിരം കോടിയുടെ വൈദ്യുതിയാണ് പ്രതിവർഷം പുറത്ത് നിന്ന് വാങ്ങുന്നത്. ഇതിന് വൻതുക കമ്മിഷൻ കിട്ടും. കമ്മിഷൻ മുടങ്ങാതിരിക്കാൻ കെ.എസ്.ഇ.ബിയിലെ മാഫിയ സംഘം തന്നെയാണോ വ്യാജ പരിസ്ഥിതിവാദികളെ ഇറക്കിവിട്ട് പദ്ധതികൾ തടസപ്പെടുത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നഷ്ടത്തോട് നഷ്ടം
ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുതി പദ്ധതിയിൽ കെ.എസ്.ഇ.ബിയുടെ വീഴ്ച മൂലം നഷ്ടമായത് 500 കോടിയാണെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. സിവിൽ, ഇലക്ട്രോ, മെക്കാനിക്ക് ജോലിക്കായി 169 കോടി രൂപയാണ് തമിഴ്നാട്ടിലെ കമ്പനിക്ക് നൽകിയത്. ഇതുവരെ പൂർത്തിയാകാത്ത പ്രവൃത്തികൾക്കാണ് ഇതിൽ 70.44 കോടി നൽകിയത്. 2016 ആഗസ്റ്റിൽ ഉത്പാദനം തുടങ്ങേണ്ട പദ്ധതിയിൽ നിന്ന് പ്രതിവർഷം 35 കോടിയുടെ വൈദ്യുതി ലഭിക്കേണ്ടതായിരുന്നു. ഉത്പാദനം തുടങ്ങാതെ എട്ട് വർഷത്തെ നഷ്ടം 280 കോടിയാണ്.
ഉദ്യോഗസ്ഥ സംവിധാനത്തെ ഉടച്ചുവാർക്കണം
കെ.എസ്.ഇ.ബി 2014ൽ കമ്പ്യൂട്ടർവത്കരിച്ചതോടെ ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുത്തനെ കുറഞ്ഞു. ഒരാഴ്ച കൊണ്ട് ചെയ്യേണ്ട ജോലി ഒരു ദിവസം കൊണ്ട് ചെയ്യാവുന്ന അവസ്ഥയായി. ഇതിന് പിന്നാലെ കെ.എസ്.ഇ.ബി നിയോഗിച്ചത് പ്രകാരം കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സംഘം നടത്തിയ പഠനത്തിൽ ബോർഡിലെ ഉദ്യോഗസ്ഥ സംവിധാനം ഉടച്ചുവാർക്കണമെന്ന് പറഞ്ഞിരുന്നു. നാളിതുവരെ ഇത് നടപ്പാക്കാതെ വീണ്ടും ലക്ഷങ്ങൾ മുടക്കി ഈ റിപ്പോർട്ട് പഠിക്കുന്നത് നെറികേടാണ്.
(ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |