പകൽ വൈദ്യുതിക്ക് ഇക്കൊല്ലം 10 പൈസ കുറയ്ക്കും
തിരുവനന്തപുരം: വർഷംതോറും വൈദ്യുതി നിരക്ക് കൂട്ടുന്ന സർക്കാർ എന്ന പേരുദോഷം ജനവികാരം എതിരാക്കുമെന്ന് ആശങ്ക. അടുത്ത വർഷത്തേക്ക് പ്രഖ്യാപിച്ച 12 പൈസ വർദ്ധന വേണ്ടെന്നു വച്ചേക്കും. ഈ വർഷം യൂണിറ്റിന് 16 പൈസ വർദ്ധിപ്പിച്ചതിനൊപ്പമാണ് അടുത്ത വർഷത്തെ വർദ്ധനവും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഫിക്സഡ് ചാർജും കൂട്ടിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഓരോ വർഷവും വൈദ്യുതി നിരക്ക് കൂട്ടിയിരുന്നു.
അടുത്ത വർഷത്തെ വർദ്ധന ഒഴിവാക്കാൻ ശ്രമിക്കുമെന്നും ഈ മാസം മുതൽ പകൽ നിരക്കിൽ യൂണിറ്റിന് 10 പൈസ കുറച്ച് നൽകുമെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങുകയാണ്. സ്വന്തം ഉത്പാദനം കുറഞ്ഞതോടെ, പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതും അതിന് അമിതവില കൊടുക്കേണ്ടി വരുന്നതും കെ.എസ്.ഇ.ബിക്ക് വൻ നഷ്ടമാണ്.
കമ്മി നികത്തിയാൽ നിരക്ക് വർദ്ധന ഒഴിവാക്കാമെന്ന കണക്കു കൂട്ടലിലാണ് സർക്കാർ.
കമ്മി നികത്താൻ നടപടി;
നിരക്ക് കൂട്ടേണ്ടിവരില്ല
1. വർഷം 500 മുതൽ 1200 വരെ മെഗാവാട്ടാണ് വൈദ്യുതി കമ്മി. സോളാർ ഉത്പാദനം വർദ്ധിപ്പിച്ചാൽ 500 മെഗാവാട്ട് കിട്ടും. പക്ഷേ, രാത്രി ഉപയോഗത്തിനായി ശേഖരിച്ചു വയ്ക്കാൻ കഴിയുന്നില്ല. കേന്ദ്രസർക്കാർ കഴിഞ്ഞ മാസം 135 കോടിയുടെ ബാറ്ററി സ്റ്റോറേജ് സഹായം നൽകിയിട്ടുണ്ട്. വയബിലിറ്റി ഗ്യാപ് ഫണ്ടായാണ് സഹായം. ഇത് ഉപയോഗിച്ച് 500 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കാനാണ് തീരുമാനം.
2. കൽക്കരി അലോട്ട്‌മെന്റ് ഉപയോഗിച്ച് സംസ്ഥാനത്തിന് പുറത്ത് താപനിലയങ്ങൾ സ്ഥാപിച്ച് 500 മെഗാവാട്ടും എത്തിക്കും. പുതിയ കരാറുകളിലൂടെ കുറഞ്ഞ നിരക്കിൽ വൈദ്യുതിയും കണ്ടെത്തും. ഇങ്ങനെ കമ്മി നികത്താനാണ് കെ.എസ്.ഇ.ബിക്ക് സർക്കാരിന്റെ നിർദ്ദേശം.
സോളാറിനോട്
പ്രിയമേറുന്നു
# ഓരോ സ്ഥാപനവും വീടും വൈദ്യുതിയിൽ സ്വയംപര്യാപ്തമാക്കാനാണ് സോളാറിലൂടെ ലക്ഷ്യമിടുന്നത്.
രാത്രി കൂടുതലായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം ബില്ല് നൽകിയാൽ മതിയെന്നതാണ് നേട്ടം.കൂടുതൽ സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകിയാൽ വരുമാനവുമാകും.
# 2.36 ലക്ഷം പേരാണ് പുരപ്പുറ സോളാറിന് അപേക്ഷിച്ചത്. 81,589 പേർക്ക് അനുമതി നൽകി. 45,152പേർക്ക് കണക്‌ഷനും നൽകി. ട്രാൻസ്ഫോർമറുകളുടെ ശേഷിക്കുറവും സോളാർ പാനലുകളുടെയും നെറ്റ് മീറ്ററുകളുടെയും ദൗർലഭ്യവും കെ.എസ്.ഇ.ബി.യുടെ ഉദാസീനതയുമാണ് പുരപ്പുറ സോളാർ വ്യാപനത്തിന് പ്രതിബന്ധം.
കെ.എസ്.ഇ.ബിയുടെ
10 വർഷത്തെ നഷ്ടം
(തുക കോടിയിൽ)
2023-24....................1370.90
2022-23....................1023.62
2021-22......................736.27(ലാഭം)
2020-21....................1803.74
2019-20......................290.08
2018-19......................269.55
2017-18......................784.09
2016-17....................1494.63
2015-16....................1272.90
2014-15......................313.29
2013-14....................2425.29
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |