ന്യൂഡൽഹി: വിമാനത്താവളത്തിനുളളിൽ നിലത്തിരിക്കുന്ന യാത്രക്കാരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ച് യുവാവ്. വിഷ്ണു തവാര എന്ന യുവാവാണ് എക്സിൽ ചിത്രങ്ങളും ഒരു കുറിപ്പും പങ്കുവച്ചിരിക്കുന്നത്.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുളള ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാകുന്നത്. വിമാനത്താവളത്തിലെ ബോർഡിംഗ് ഗേറ്റിന് സമീപത്തായി രാത്രിയിൽ നിലത്തിരിക്കുന്ന യാത്രക്കാരുടെതാണ് ചിത്രങ്ങൾ. ബോർഡിംഗ് ഗേറ്റിൽ ഒഴിഞ്ഞ കസേരകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് യാത്രക്കാർ നിലത്തിരുന്നതെന്ന ചോദ്യവും സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്.
'നമ്മുടെ വിമാനത്താവളങ്ങളിൽ രാത്രി വൈകി യാത്ര ചെയ്യാനെത്തുന്നവർക്ക് ഉറങ്ങാനും മറ്റുളള ആവശ്യങ്ങൾക്കും കൂടി സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതാണ്. ഒക്ടോബർ 28ന് ഡൽഹിയിൽ നിന്നും പോർട്ട് ബ്ലെയറിലേക്ക് പോകാനെത്തിയവരാണ് ഇത്തരത്തിൽ നിലത്തിരിക്കുന്നത്. പുറപ്പെടുന്നതിന് അവസാന നിമിഷമായപ്പോഴേയ്ക്കും യാത്ര വൈകുമെന്നും അധികൃതർ അറിയിച്ചു'- വിഷ്ണു പോസ്റ്റിൽ കുറിച്ചു. എയർഇന്ത്യയെയും ഡൽഹി വിമാനത്താവളത്തെയും അധികൃതരെയും മെൻഷൻ ചെയ്താണ് യുവാവ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
യുവാവിന്റെ പോസ്റ്റിന് ഡൽഹി വിമാനത്താവളം പ്രതികരിച്ചിട്ടുണ്ട്. താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും നിങ്ങൾ യാത്ര ചെയ്ത വിമാനത്തിന്റെ വിവരങ്ങളും ഫോൺ നമ്പരും പങ്കുവയ്ക്കൂവെന്നാണ് പ്രതികരണം. എയർപോർട്ട് ഗേറ്റിനടുത്ത് യാത്രക്കാർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യങ്ങൾ ഇല്ലാത്തത് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |