കണ്ണൂർ: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കിയാലും ഓഹരി ഉടമകളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കിയാൽ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയുടെ ഫലമായാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതെന്ന് കിയാൽ ഷെയർ ഹോൾഡേഴ്സ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. റീ ബിൽഡ് കേരളവുമായി ബന്ധപ്പെട്ട ആരോപണ വിധേയമായ കെ.പി.എം.ജി എന്ന കൺസൾട്ടൻസി കമ്പനിക്ക് 13.89 കോടി രൂപ നൽകിയതും പ്രോജക്ട് പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് ഫീസായി മാത്രം 24 ലക്ഷം രൂപ നൽകിയതും അന്വേഷിക്കണമെന്ന് ഷെയർ ഹോൾഡേഴ്സ് ആവശ്യപ്പെട്ടു.
വിമാനത്താവളത്തിലെ മികച്ച ജീവനക്കാരെ പല കാരണങ്ങളാൽ പിരിച്ചുവിട്ട് സുതാര്യമല്ലാത്ത നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ എച്ച്.ആർ തസ്തിയിലുള്ള ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. 51 സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുമെന്ന കാരണം പറഞ്ഞ് കാർഗോ വിഭാഗം സ്വകാര്യ ഏജൻസിക്ക് കൈമാറി. എന്നാൽ ഇതുവരെ അത്തരത്തിൽ ഒരു നിയമനവും നടന്നിട്ടില്ല. അവിടെയും കിയാലിനുണ്ടായത് വലിയ നഷ്ടമാണ്.
ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത ലോൺ തിരിച്ചടയ്ക്കാത്ത ആർ.ഇ.സി എന്ന ധനകാര്യസ്ഥാപനത്തിന് പുനഃക്രമീകരണമെന്ന പേരിൽ സർക്കാരിന്റെ 51 ശതമാനം ഓഹരികൾ 21 വർഷത്തേക്ക് വൻ പലിശക്ക് ഈട് നൽകിയത് പരിശോധിക്കണം. സർക്കാരിന് പൂർണ്ണ നിയന്ത്രണമുള്ളതും 50 ശതമാനത്തിലേറെ ഓഹരിയുമുള്ള കമ്പനിയുടെ കണക്ക് ഓഡിറ്റ് ചെയ്യാൻ സി ആൻഡ് എ.ജിയെ ഏൽപ്പിക്കാത്ത നടപടി പുനഃപരിശോധിക്കണമെന്നും ഇതു സംബന്ധിച്ച കേരള ഹൈക്കോടതിയിലെ റിട്ട് ഹർജിയെ കുറിച്ച് വിശദീകരിക്കണമെന്നും ഷെയർ ഹോൾഡേഴ്സ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ചെയർമാൻ അബ്ദുൾ ഖാദർ പനക്കാട്ട്, ജനറൽ കൺവീനർ സി.പി സലിം, കെ.പി മോഹനൻ, കെ.പി അബ്ദുൾ മജീദ് എന്നിവർ പങ്കെടുത്തു.
വിമാനത്താവള സംരക്ഷണ ദിനം ഒമ്പതിന്
കിയാൽ ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവള സംരക്ഷണ ദിനം ഒമ്പതിന് രാവിലെ 9.30ന് മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, സി.പി സലീം, കെ.പി മോഹനൻ തുടങ്ങിയവർ പ്രസംഗിക്കും. വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിന് തടസം നിൽക്കുന്നവർക്കുള്ള മുന്നറിയിപ്പായാണ് വാർഷികദിനം സംരക്ഷണദിനമായി ആചരിക്കാൻ അസോസിയേഷൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |