''നമ്മുടെ നായകളെ ആരാണ് 'നന്ദി"പഠിപ്പിച്ചതെന്ന് ഇന്നോളം ഏതെങ്കിലും മനുഷ്യൻ അന്വേഷിച്ചിട്ടുണ്ടോ? അല്ല, അന്വേഷിക്കണ്ട, ചിന്തിച്ചിട്ടുണ്ടോ? ഇല്ല, അല്ലേ! നിരന്തരം'പാര"കളുമായി നടക്കുന്ന നമുക്ക് അതിന് നേരം എവിടെ! എന്നാണോ മറുപടി! 'നന്ദി"യെന്നാൽ ഉപകാരസ്മരണ മാത്രമല്ല, ഉപാധികളില്ലാത്ത സ്‌നേഹം കൂടിയാണല്ലോ! ങേ, സ്‌നേഹത്തിന് ഉപാധികളോ! എന്താ, കേട്ടിട്ടില്ലേ? അങ്ങനെയൊക്കെയാകാം. ഞാൻ ചോദിച്ചതിന്റെ മറുപടി പറയു, ആരാണ് നമ്മുടെയീ സാധുജീവികളെ, ആത്മാർത്ഥമായി സ്‌നേഹിക്കാൻ പഠിപ്പിച്ച് ഇത്രയും വലിയ ഒരു അബദ്ധത്തിൽ അവറ്റകളെ കൊണ്ടെത്തിച്ചത്!"" ഇന്നോളം ആരും അധികം ശ്രദ്ധിക്കാത്ത സുപ്രധാന സംഗതിയിലേക്കാണല്ലോ പ്രഭാഷകൻ പോകുന്നതെന്ന ചിന്ത സദസ്യരിൽ ഉണർത്തിയ ഭാവവ്യത്യാസം, ശ്രദ്ധേയമായിരുന്നു! പരസ്പരം ചീത്തപറയാൻ മനുഷ്യർ തിരഞ്ഞുവച്ചിരിക്കുന്ന, എന്നാൽ, സ്‌നേഹം മാത്രം ശീലിച്ചിരിക്കുന്ന, സാധുജീവിയിൽ, സുവിശേഷ വചനങ്ങൾ കണ്ടെത്തുന്ന പ്രഭാഷകന്റെ കലാവിരുത് നന്നായി ബോധിച്ചെന്ന സന്ദേശമാണ് സദസ്യരുടെ മുഖത്ത് കണ്ടത്! അത് വായിച്ചെടുത്ത പ്രഭാഷകൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം തുടർന്നു:
''ഒരു അദ്ധ്യാപിക, ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുടുംബഭാരം മുഴുവനും അവരുടെ തലയിലായി. മക്കളൊക്കെ നല്ല നിലയിലെത്തി. പക്ഷെ, താങ്ങും തണലുമായിരുന്ന, അമ്മയെ വാർദ്ധ്യക്യത്തിൽ ആർക്കും വേണ്ടാതായി. ഒടുവിൽ, എന്നന്നേക്കുമായി അവരുടെ കണ്ണടഞ്ഞ നേരം, വളർത്തുനായ അവരുടെ വായയിലേക്ക് അന്ത്യജലമിറ്റിച്ചു കൊടുക്കുന്ന രംഗമുള്ള പഴയ തമിഴ് സിനിമ കുട്ടിക്കാലത്തു കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്. ഇന്നത്തെ, പലതും കാണുമ്പോൾ സിനിമാക്കഥ സത്യമായി ഭവിക്കുമോയെന്നൊരു ഭയം! ഭയമെന്തിനാ, എന്നേ അതിനുമപ്പുറം നടന്നു കാണും. ചെറുപ്പത്തിൽ തന്നെ ഭാര്യ മരിച്ചുപോയ ഒരു മനുഷ്യന് ആശ്രയം ഏകമകനായിരുന്നു. വീട്ടിലെ മൂന്നാമത്തെ അംഗം മകന്റെ വളർത്തുനായയായിരുന്നു. പെട്ടന്നൊരു ദിവസം, മകൻ വാഹനാപകടത്തിൽ മരണപ്പെട്ടു. പിന്നെ, ആ അച്ഛൻ, മകന്റെ നായയെ ഇളയമകനെ പോലെ വളർത്തി. വാർദ്ധക്യത്തിൽ, അച്ഛൻ രോഗബാധിതനായി കിടപ്പോൾ ആ വീട്ടിലേക്ക് അയൽക്കാരെ കൂട്ടികൊണ്ടു വന്ന ആ നായയെ ഞാനറിയും! ആ, അച്ഛന്റെ ചിതയണഞ്ഞ് അധിക നാളാകുന്നതിനു മുൻപുതന്നെ സാധുജീവിയും, ആ അച്ഛനും, മകനും പോയടത്തേക്കു തന്നെ പോയി! ഇത് സിനിമാക്കഥയല്ല. പക്ഷെ, നിങ്ങളിനിയും എന്റെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല: നമ്മുടെ നായകളെ ആരാണ് ഇത്രയേറെ നന്ദിയും, സ്‌നേഹവും പഠിപ്പിച്ചത്?"" ഇപ്രകാരം പ്രഭാഷകൻ നിറുത്തുമ്പോൾ, സദസ്യരിൽ പലരും കണ്ണീർകൊണ്ട് കാഴ്ച മറഞ്ഞൊരു അവസ്ഥയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |