ആലപ്പുഴ: കളർകോട് ആറ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കാറിന്റെ ഉടമയ്ക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തു. ചട്ടം ലംഘിച്ച് വാഹനം വാടകയ്ക്ക് നൽകിയതിനാണ് കാറുടമയായ കാക്കാഴം മഠത്തിൽ ചിറയിൽ ഷാമിൽഖാനെതിരെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ രമണൻ കേസെടുത്തത്.
കാർ വാടകയ്ക്കെടുത്തതാണെന്ന പരിക്കേറ്റ കുട്ടികളുടെ മൊഴിയ്ക്കുപുറമേ വാടകയായി 1000രൂപ ഗൂഗിൾ പേ ചെയ്തതിന്റെ തെളിവുകളും ലഭിച്ചിരുന്നു. വെള്ളിയാഴ്ച എം.വി.ഡി നോട്ടീസ് നൽകി വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചപ്പോഴും കടം വാങ്ങിയ പണം ഗൂഗിൾ പേയിലൂടെ തിരികെ നൽകിയതാണെന്ന നിലപാടിലായിരുന്നു ഷാമിൽ. എന്നാൽ എം.വി.ഡി ഇത് വിശ്വാസത്തിലെടുത്തില്ല. കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയതായും എൻഫോഴ്സ്‌മെന്റ് വിഭാഗം ആർ.ടി.ഒ അറിയിച്ചു.
റിപ്പോർട്ട് തേടി
ട്രാൻ. കമ്മിഷണർ
അപകടസ്ഥലം സന്ദർശിച്ച് സ്ഥലത്തെ അപകടസാഹചര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കി. കറുത്തപൊട്ടായി കളർകോടെന്ന തലക്കെട്ടിൽ കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഗതാഗത കമ്മിഷണർ സി.എച്ച് നാഗരാജുവിന്റെ ഉത്തരവ്.
കാർ കോടതിയ്ക്ക്
കൈമാറി
കളർകോട് അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്ത സൗത്ത് പൊലീസ് അപകടത്തിനിടയാക്കിയ കാർ കോടതിയ്ക്ക് കൈമാറി. നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നൽകിയതിന് കാറുടമ ഷാമിലിനെതിരെ പൊലീസും കേസെടുക്കും. കാറോടിച്ച മെഡിക്കൽ വിദ്യാർത്ഥി ഗൗരീശങ്കറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിലുൾപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് മോട്ടോർവാഹന വകുപ്പിന്റെയും ഫോറൻസിക് വിഭാഗങ്ങളുടെയും പരിശോധനയ്ക്ക് ശേഷം ഇന്നലെ വിട്ടുനൽകി. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |