തിരുവനന്തപുരം: ചിത്രങ്ങളും വാക്യങ്ങളും ഹൈ റെസല്യൂഷൻ വീഡിയോ ആക്കുന്ന ജെനറേറ്റീവ് എ.ഐ മോഡലായ 'വിയോ" പുറത്തിറക്കി ഗൂഗിൾ. ഗൂഗിളിന്റെ ആദ്യ ജെൻ എ.ഐ മോഡലാണ് വിയോ. ജെനറേറ്റീവ് എ.ഐയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 86 ശതമാനം വളർച്ച കൂടുതലാണെന്ന് ഗൂഗിളിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് വിയോ പുറത്തിറക്കിയത്.
വിയോ നിർമ്മിക്കുന്ന വീഡിയോയ്ക്ക് കൃത്യത കൂടുതലായിരിക്കും. ഓപ്പൺ എ.ഐ കമ്പനി മൂന്നുമാസം മുൻപ് നിർമ്മിച്ച എ.ഐ മോഡലായ 'സോറാ"യെ മറികടക്കാനാണ് വിയോ എത്തുന്നത്.
അതേസമയം സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകൾ വിയോയിൽ ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയിലാണ് സൈബർ വിദഗ്ദ്ധർ. എന്നാൽ കോപിറൈറ്റുള്ള ചിത്രങ്ങൾ ദുരുപയോഗിക്കാതിരിക്കാൻ നടപടിയെടുക്കുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നു. ഡീപ്മൈൻഡിന്റെ സിന്ത് ഐഡി വാട്ടർമാർക്കും വീഡിയോകളിലുണ്ടാകും.
വീഡിയോയ്‌ക്ക് 1080 പിക്സൽ റെസല്യൂഷൻ
ചിത്രശലഭം പൂന്തോട്ടത്തിലൂടെ പറക്കുന്നുവെന്ന കമാൻഡ് 'വിയോ"യ്‌ക്ക് നൽകാം. അല്ലെങ്കിൽ ശലഭത്തിന്റെയും പൂന്തോട്ടത്തിന്റെയും പ്രത്യേകം ചിത്രങ്ങൾ നൽകാം. 1080 പിക്സൽ റെസല്യൂഷനുള്ള വീഡിയോ ലഭിക്കും. ഒരുമിനിട്ടിലധികം ദൈർഘ്യമുള്ള വീഡിയോ നിർമ്മിക്കാനാവും. വാക്യത്തെ ചിത്രമാക്കുന്ന ഇമേജൻ എന്ന എ.ഐ മോഡലിന്റെ പുതിയ വേർഷനും ഗൂഗിൾ പുറത്തിറക്കി. വാക്യങ്ങളിലൂടെ വീഡിയോ എഡിറ്റിംഗ് നടത്താം. ബ്രാൻഡുകൾക്ക് ലോഗോ സൃഷ്ടിക്കാനും ഇമേജൻ ഉപയോഗിക്കാം. ബിസിനസ് ആവശ്യങ്ങൾക്കാണ് വിയോ വിപണിയിലെത്തിച്ചിട്ടുള്ളത്. ഗൂഗിൾ ക്ലൗഡിലെ വെർട്ടക്ട് എ.ഐ പ്ലാറ്റ്ഫോമിലൂടെ വിയോ ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |