2007ൽ ആര്യ വരുമ്പോൾ ഒരു പ്രതീക്ഷയുമില്ലാതെയാണ് തിരുവനന്തപുരത്ത് പോയി ഡബ്ബ് ചെയ്‌തതെന്ന് സംവിധായകൻ ജിസ് ജോയ്. അല്ലു അർജുന്റെ ആദ്യ ചിത്രമായ ആര്യ മുതൽ അദ്ദേഹത്തിന് മലയാളത്തിൽ ശബ്‌ദം നൽകുന്നത് ജിസ് ആണ്. തിരക്കുള്ള സംവിധായകനായി മാറിയിട്ടും എല്ലാ അല്ലു അർജുൻ ചിത്രങ്ങൾക്കും ജിസ് ജോയി നിർബന്ധമാണ്. അല്ലു അർജുന്റെ വളർച്ചയെ കുറിച്ച് പറയുമ്പോൾ ഉറപ്പായിട്ടും വിട്ടുപോകാൻ പാടില്ലാത്ത ഒരാളാണ് ഖാദർ ഹസൻ എന്ന് ജിസ് ജോയ് പറയുന്നു.
''ഖാദർ ഹസനെ ഒരിക്കലും അല്ലു അർജുനും മറക്കാൻ പാടില്ല, ഞാനും മറക്കാൻ പാടില്ല, ഇൻഡസ്ട്രിയും മറക്കാൻ പാടില്ല. കാരണം, അല്ലു അർജുൻ എന്ന് പറയുന്ന ആരും അറിയാത്ത പയ്യനെ ഇവിടെ കൊണ്ടുവന്ന് മലയാള സിനിമ മാർക്കറ്റ് ചെയ്യുന്ന പോലെ കേരളമൊട്ടാകെ ഹോർഡിംഗും പോസ്‌റ്ററുകളും വച്ച് അവതരിപ്പിച്ചത് ഖാദർ ഹസൻ ആണ്.
അക്കാലത്ത് സീരിയലുകളിൽ വളരെ തിരക്ക് പിടിച്ച് ഡബ്ബ് ചെയ‌്തുകൊണ്ടിരിക്കുന്ന കാലമാണ്. ഡബ്ബിംഗ് പടങ്ങൾ ചെയ‌്ത എക്‌സ്പീരിയൻസും എനിക്കില്ല. കായംകുളം കൊച്ചുണ്ണി അടക്കമുള്ള പല സീരിയലുകളിലും കമ്മിറ്റഡ് ആണ്. ആ സമയത്താണ് ഖാദർ ഹസൻ വിളിച്ചിട്ട്, താൻ തെലുങ്കിൽ നിന്ന് ഒരു പുതിയ പയ്യനെ അവതരിപ്പിക്കുന്നുണ്ടെന്നും കായംകുളം കൊച്ചുണ്ണിക്ക് നൽകുന്ന ശബ്‌ദമാണ് വേണ്ടതെന്നും അറിയിക്കുന്നത്.
അവിടെ ചെന്ന് എത്ര ടേക്ക് പോയിട്ടും ശരിയാകുന്നില്ല. അദ്ദേഹം അത്ര പെർഫക്ഷന്റെ ആളായിരുന്നു. അന്നത് മനസിലായില്ല. നാല് മണിക്കൂർ ആയിട്ടും രണ്ട് സീൻ പോലും കഴിയാത്ത അവസ്ഥ. ഒടുവിൽ ഞാൻ സ്ക്രിപ്‌ട് ചോദിച്ചു. സതീഷ് മുതുകുളമാണ് സ്ക്രിപ്‌ട്. 92 സീൻ ഉണ്ടായിരുന്നു. തലയിൽ കൈവച്ച് ഇരുന്നുപോയി. അങ്ങനെ മുഷിച്ചിലായി.
ഒടുവിൽ എല്ലാം ഡബ്ബ് ചെയ്‌ത് തീർത്തതിന് ശേഷം കറക്ഷൻ പറഞ്ഞാൽ മതി എന്ന ഉറപ്പിൽ വീണ്ടും ഡബ്ബ് തുടർന്നു. അവിടെ നിന്നും ഇരുപതോളം അല്ലുവിന്റെ പടങ്ങൾ ഡബ്ബ് ചെയ‌്തു. എന്റെ വോയിസിന്റെ ഐഡന്റിറ്റി തന്നെ അല്ലു ആയി മാറി. ഞാൻ അത് എൻജോയ് ചെയ്യുന്നുമുണ്ട്. ''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |