റാന്നി: തുടർച്ചയായി കുടിവെള്ളം കിട്ടാതായതോടെ പ്രധാന റോഡ് ഉപരോധിച്ച് നാട്ടുകാർ. ചെത്തോങ്കര- അത്തിക്കയം റോഡിൽ കരികുളത്ത് ഇന്നലെ രാവിലെ 9.30യോടാണ് കുടിവെള്ളം കിട്ടാത്തതിനെതിരെ നാട്ടുകാർ റോഡ് ഉപരോധിച്ചത്.റോഡുപരോധിച്ചവരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തത് പ്രദേശത്ത് സംഘർഷത്തിനിടയാക്കിരുന്നു.ഗതാഗതം തടസപ്പെടുത്തിയതിന് പത്തോളം പേരുടെ പേരിൽ കേസെടുത്ത പൊലീസ് ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മൂന്നു മാസത്തോളമായി പഴവങ്ങാടി പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ കരികുളത്ത് കുടിവെള്ള പ്രതിസന്ധി തുടങ്ങിയിട്ട്. വിഷയം ജനപ്രതിനിധികളുടേയും ജലഅതോറിറ്റി അധികൃതരുടേയും ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും പരിഹാരമായില്ല. നിലവിൽ ഉണ്ടായിരുന്ന വാൽവ് ഓപ്പറേറ്ററെ മാറ്റി രാഷ്ട്രീയ താത്പര്യത്തിന്റെ പേരിൽ പുതിയ ആളിനെ നിയമിച്ചതോടെയാണ് കുടിവെള്ള പ്രതിസന്ധി ആരംഭിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം .ചിലരുടെ കൃഷിയിടങ്ങളിലേക്ക് അധികമായി വെള്ളം വേണമെന്ന ആവശ്യം നിരാകരിച്ചതാണ് വാൽവ് ഓപ്പറേറ്ററെ മാറ്റാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കുടിവെള്ളം കൃത്യമായ ഇടവേളകളിൽ ലഭിക്കണമെന്നും അല്ലാത്ത പക്ഷം ജലഅതോറിറ്റി ഓഫീസ് ഉപരോധിക്കുമെന്നും സമര പരിപാടികളിൽ നിന്നും പിന്നോട്ടില്ലെന്നുമുള്ള നിലപാടിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |