കൊച്ചി : ഇന്ത്യയെ വൻസാമ്പത്തിക ശക്തിയാക്കാൻ വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം സൃഷ്ടിക്കുന്ന ചാലക ശക്തിയായി വിദേശകാര്യ വകുപ്പ് മാറിയതായി കേന്ദ്ര വിദേശകാര്യ പാർലമെന്ററി വകുപ്പ് സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
കൊച്ചിൻ സ്‌പെഷ്യൽ എക്കണോമിക് സോണിലെ കമ്പനികൾ ഉൾപ്പെടുന്ന കൊച്ചിൻ എക്‌സ്പോർട്ട് പ്രോസസിംഗ് സോൺ ഇൻഡസ്ട്രീസ് അസോസിയേഷന്റെ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയതന്ത്ര ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും നിലനിറുത്തുന്നതിനും മാത്രമുള്ള വേറിട്ട വകുപ്പായി വിദേശകാര്യം പരിഗണിക്കപ്പെടുന്ന കാലഘട്ടം അവസാനിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ വലിയ നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിക്ഷേപങ്ങൾക്കും കാർഷിക വ്യവസായത്തിനും സാഹചര്യം ഒരുക്കണം. വാണിജ്യ വകുപ്പുമായി ബന്ധപ്പെട്ട പലതും ഇപ്പോൾ വിദേശകാര്യ വകുപ്പിന്റെ പ്രവർത്തന മേഖലയിലുണ്ട്. വ്യാവസായിക വളർച്ചയ്ക്ക് ഇന്തോ റഷ്യ സംയുക്ത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. ആഫ്രിക്കൻ രാജ്യങ്ങളുമായി ഫോസ്‌ഫൈറ്റ് ഖനനത്തിന് ചർച്ചകൾ പുരോഗമിക്കുന്നു .
വിദേശകാര്യ വകുപ്പ് നടത്തുന്ന പ്രാഥമിക ചർച്ചകൾക്കു ശേഷം അതതു വകുപ്പുകൾ ചർച്ച തുടരും. ഇന്ത്യയുടെ കാർഷിക വ്യാവസായിക താത്പര്യങ്ങൾ മുൻനിറുത്തി ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി വരികയാണ്. ആഫ്രിക്കയിലെ 54 രാജ്യങ്ങളുമായുള്ള ബന്ധം വർദ്ധിപ്പിക്കാൻ രണ്ട് ഇന്തോ ആഫ്രോ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. രാഷ്ട്രതലവന്മാരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വ്യപാര വ്യവസായ ഉടമ്പടികൾ ഒപ്പിടും. ആഫ്രിക്കയിലെ 18 രാജ്യങ്ങളിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി എംബസികൾ ആരംഭിച്ചത്. ഈ വർഷം നാലു രാജ്യങ്ങളിൽ കൂടി തുറക്കും.
പ്രത്യേക സാമ്പത്തിക മേഖലകളുടെ വികസനത്തിനും ട്രെയിൻ, വിമാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കൊച്ചി കപ്പൽശാലയുടെ വികസനത്തിനും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെസ് ഡെവലപ്‌മെന്റ് കമ്മിഷണർ ഡി.വി.സ്വാമി, സെപ്‌സ് ഇൻഡസ്ട്രീസ് അസോസിേഷൻ പ്രസിഡന്റ് കെ.കെ. പിള്ള, ഹൈബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ, സെസ് ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മിഷണർ സജു കെ. സുരേന്ദ്രൻ, സെസ് ഡെപ്യൂട്ടി കമ്മിഷണർ അനീഷ് മുരളീധരൻ, ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |