ഡമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ച് വിമതസേന ഭരണം പിടിച്ചിരിക്കുകയാണ്. ബാഷറിനെ താഴെയിറക്കാൻ സിറിയൻ വിമതർ കഴിഞ്ഞ 13 വർഷമായി പോരാടിയിട്ടും പരാജയമായിരുന്നു ഫലം. എന്നാൽ കഴിഞ്ഞ 13 ദിവസമായുള്ള ആഭ്യന്തര കലാപം അസദ് കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ടായുള്ള ഭരണത്തിന് അവസാനം കുറിക്കുകയായിരുന്നു. പരിണിതഫലമായി ബാഷറിന് രാജ്യം വിടേണ്ടതായും വന്നു.
കൃത്യമായ ആസൂത്രണം, പ്രാദേശിക ശക്തികളുടെ പിന്തുണ, മിഡിൽ ഈസ്റ്റിൽ മാറിവരുന്ന ഭരണ സാഹചര്യങ്ങൾ എന്നിവയാണ് വിമതരുടെ ഞെട്ടിക്കുന്ന മുന്നേറ്റത്തിന് കാരണമായത്.
ടൈമിംഗ്
അസദ് ഭരണം അതിന്റെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് വിമതർ കണക്കുകൂട്ടിയിരുന്നു. പ്രധാന സഖ്യകക്ഷികളായ റഷ്യ, ഇറാൻ എന്നിവരുടെ പിന്തുണയോടെയാണ് പതിറ്റാണ്ടുകളായി അസദ് ഭരണകൂടം വിമത ശബ്ദങ്ങളെ അടിച്ചമർത്തിയിരുന്നത്. ഇതിനിടെ റഷ്യ യുക്രെയിനെതിരായ യുദ്ധത്തിലും ഇറാൻ ഇസ്രയേലിനെതിരായ യുദ്ധത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചത് അസദ് ഭരണകൂടത്തിന്റെ ശക്തി ക്ഷയിപ്പിച്ചു. അസദിന്റെ മറ്റൊരു സഖ്യകക്ഷിയായ ഹിസ്‌ബുള്ളയ്ക്ക് ഇസ്രയേലിൽ നിന്ന് കനത്ത പ്രഹരമേറ്റതും ബാഷറിന് തിരിച്ചടിയായി. ഈ അവസരം വിമതസേന കൃത്യമായി മുതലെടുക്കുകയായിരുന്നു.
ആഭ്യന്തര കലാപങ്ങളും അഴിമതിയും കാരണം സിറിയ ദുർബലാവസ്ഥയിലെത്തിയിരുന്നു. സൈനിക ടാങ്കുകളും വിമാനങ്ങളും മറ്റും ഇന്ധം തീർന്ന അവസ്ഥയിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇതും വിമതർക്ക് ധൈര്യം നൽകുന്നതായിരുന്നു. ആവശ്യത്തിന് ആയുധങ്ങളില്ലാതെ, സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ മനോവീര്യം തകർന്ന നിലയിലായിരുന്നു സിറിയൻ സേന. ഇതാണ് തങ്ങളുടെ അവസരമെന്ന് മനസിലാക്കിയ വിമതർ കൃത്യമായി തിരിച്ചടിച്ചത് ഫലം കണ്ടു.
തുർക്കിയുടെ പങ്ക്
തുർക്കിയുടെ നിർദേശപ്രകാരമാണ് സിറിയയിലെ വിമതമുന്നേറ്റമെന്ന് പല അന്താരാഷ്ട്ര റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. ആറുമാസം മുൻപ് വിമതർ തങ്ങളുടെ പദ്ധതികൾ തുർക്കിയെ അറിയിച്ചതായി ചില അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാൻ തുർക്കി പച്ചക്കൊടി വീശിയതായും നിരീക്ഷണമുണ്ട്. എന്നാൽ വിമത നീക്കങ്ങൾക്ക് പിന്നിൽ തങ്ങളല്ലെന്നും അനുമതി നൽകിയിട്ടില്ലെന്നുമാണ് തുർക്കി വ്യക്തമാക്കുന്നത്. ബാഷറിന്റെ പതനത്തിന് പിന്നാലെ തുർക്കിയുടെ വിദേശകാര്യ സഹമന്ത്രി നൂപ് യിൽമാസ് ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. വിമത സേനയിലെ പ്രധാന ശക്തി ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌ടിഎസ്) എന്ന തീവ്രവാദ സംഘടനയാണെങ്കിലും തുർക്കി വളരെക്കാലമായി സിറിയൻ പ്രതിപക്ഷത്തെ പിന്തുണച്ചിരുന്നു.
സിറിയയിലെ വിമത ശക്തികളുടെ വിജയത്തിനും ബാഷറിന്റെ പതനത്തിനും പിന്നിലെ ബുദ്ധികേന്ദ്രം എച്ച്‌ടിഎസും സംഘടനയുടെ നേതാവ് അബു മുഹമ്മദ് അൽ ഗോലാനിയുമാണ്. അൽ ക്വയിദയുമായി ബന്ധമുള്ള എച്ച്‌ടിഎസ് നുസ്ര ഫ്രണ്ട് എന്ന പേരിലാണ് പ്രവർത്തനമാരംഭിച്ചത്. യുഎസ്, യുകെ, തുർക്കി പോലുള്ള രാജ്യങ്ങളിൽ ഗോലാനിയെ ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ എച്ച്‌ടിഎസിന് നിർദേശങ്ങളോ ഉത്തരവുകളോ ഒന്നും നൽകിയിരുന്നില്ലെന്നും തങ്ങളുമായി ചേർന്നല്ല അവരുടെ പ്രവർത്തനമെന്നും ഒരു തുർക്കിഷ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. അതിനാൽ തന്നെ അലെപ്പോയിലെ വിമതരുടെ ഓപ്പറേഷൻ തുർക്കിയുടെ പിന്തുണയോടെ നടത്തിയതാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുർക്കിയുടെ പിന്തുണയ്ക്ക് പിന്നിൽ
സിറിയൻ യുദ്ധങ്ങൾ കാരണമുള്ള അഭയാർത്ഥി പ്രവാഹം തുർക്കിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് കാരണമായിരുന്നു. ഒരിക്കൽ സഖ്യകക്ഷിയായിരുന്ന അസദ് ഭരണകൂടത്തോട് അഭയാർത്ഥി പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് തുർക്കി അഭ്യർത്ഥിച്ചെങ്കിലും തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്. ഈ ആവശ്യം തങ്ങളുടെ ദുർബലാവസ്ഥയായി കണ്ട സിറിയ തുർക്കിഷ് സൈന്യത്തെ രാജ്യത്തുനിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ടു. ഇത് കൂടുതൽ അഭയാർത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് തുർക്കി ഭയന്നു. ഇതിനിടെ തുർക്കി സിറിയയിലെ അധിനിവേശ ശക്തിയാണെന്ന് റഷ്യ പ്രഖ്യാപിച്ചു. സിറിയ തങ്ങളുടെ ആവശ്യം നിരാകരിച്ചതിൽ തുർക്കി പ്രസിഡന്റ് സന്തുഷ്ടനല്ലെന്ന് വിമതർ മനസ്സിലാക്കി. ഇതിനിടെയാണ് ബാഷർ ഭരണത്തെ താഴെയിറക്കാനുള്ള പദ്ധതികൾ വിമതസേന തുർക്കിയോട് വിശദീകരിച്ചതെന്നാണ് വെളിപ്പെടുത്തൽ.
ബാഷർ ഭരണം അവസാനിച്ചത് തുർക്കിക്ക് ആശ്വാസമാണ്. വിമതർക്കുള്ള തുർക്കിയുടെ നിശബ്ദ പിന്തുണ അതിർത്തിയിൽ സമാധാനത്തിന് വഴിയൊരുക്കിയേക്കാമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ വർഷങ്ങളായി അവർ പോരാടുന്ന വൈപിജെ പോലുള്ള ഗ്രൂപ്പുകളിൽ നിന്നുള്ള ചെറുത്തുനിൽപ്പ് ഇല്ലാതാക്കാനും സഹായിച്ചേക്കാമെന്ന് തുർക്കി കണക്കുകൂട്ടുന്നു. ഇതോടെ സിറിയൻ അഭയാർത്ഥികൾ തങ്ങളുടെ രാജ്യത്തേയ്ക്ക് തിരിച്ചുപോകുമെന്നും തുർക്കി പ്രതീക്ഷിക്കുന്നു.
നേട്ടം കൊയ്ത് ഇസ്രയേലും
ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ പതനത്തിലെ മറ്റൊരു വിജയി ഇസ്രയേൽ ആണ്. ലെബനനിലെ ഹിസ്ബുള്ളയ്ക്ക് ഇറാൻ ആയുധങ്ങൾ നൽകിയിരുന്നത് സിറിയൻ പിന്തുണയോടെയാണ്. ഭരണമാറ്റം ഈ കൈമാറ്റം തടഞ്ഞു. ഇതിനകം ദുർബലമായ ഹിസ്ബുള്ളയെ ഇപ്പോൾ ഫലപ്രദമായി തുടച്ചുമാറ്റാൻ ഇസ്രയേലിന് സാധിക്കും. വിമതർ സിറിയ പിടിച്ചടക്കിയതിന് പിന്നാലെ ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ സിറിയയിലുടനീളമുള്ള ഡസൻ കണക്കിന് ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുകയാണ്. വിമതരുടെ കൈകളിൽ അകപ്പെടാതെ ആയുധങ്ങൾ നശിപ്പിക്കുകയാണ് ലക്ഷ്യം. സിറിയയിലെ ഭരണ മാറ്റത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തിരിക്കുകയാണ്. ഇത് ചരിത്രപരമായ ദിവസമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം സിറിയയിലെ ഭരണമാറ്റത്തിന് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |