ഇത് എഐയുടെ ലോകമാണ്. വാർത്ത വായിക്കുന്നതുമുതൽ ചായ കൊണ്ടുവരാൻ വരെ നിർമിത ബുദ്ധിയെ ആശ്രയിക്കാൻ തുടങ്ങിയിരിക്കുകയാണ് നമ്മൾ. നമുക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം നിമിഷ നേരം കൊണ്ട് ചെയ്യാൻ സാധിക്കുമെന്നതാണ് എ ഐയുടെ ഗുണം.
ഒരു ഫാഷൻ ഐക്കൺ മുതൽ വെർച്വൽ മുത്തശ്ശി വരെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ചിച്ചുകഴിഞ്ഞു. ഇപ്പോൾ ഈ കൂട്ടത്തിലേക്ക് കാവ്യ മെഹ്റ കൂടി എത്തിയിരിക്കുകയാണ്. ആരാണ് ഈ കാവ്യ മെഹ്റ എന്നല്ലേ?
കാവ്യ മെഹ്റ
രാജ്യത്തെ ഏറ്റവും വലിയ ടാലന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്ക് സൃഷ്ടിച്ച എ ഐ 'വ്യക്തിത്വമാണ്' കാവ്യ മെഹ്റ. രാജ്യത്തെ ആദ്യ മോം എ ഐ ഇൻഫ്ളുവൻസർ കൂടിയാണ് കാവ്യ മെഹ്റ.
മാതൃത്വവുമായി ബന്ധപ്പെട്ടുള്ള കാഴ്ചപ്പാടുകളടക്കമുള്ള കാര്യങ്ങളാണ് കാവ്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിടുന്നത്. 'ഇന്ത്യയിലെ ആദ്യത്തെ എഐ അമ്മ, യഥാർത്ഥ അമ്മമാരാൽ പ്രവർത്തിക്കുന്നു' എന്നാണ് കാവ്യയുടെ ഇൻസ്റ്റാഗ്രാം ബയോയിലെഴുതിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള അമ്മമാരുടെ ജീവിതാനുഭവങ്ങളും വികാരങ്ങളും ഉൾക്കൊള്ളുന്ന ഒരു 'അമ്മ' തന്നെയാണ് കാവ്യ മെഹ്റ.
രാജ്യത്തുടനീളമുള്ള അമ്മമാരുടെ ജീവിതാനുഭവങ്ങളും വികാരങ്ങളും ഉൾക്കൊള്ളുന്ന ഒരു 'അമ്മ' തന്നെയാണ് കാവ്യ മെഹ്റ. പല വീഡിയോകളും കാണുമ്പോൾ ഇതൊരു എ ഐ ആണെന്ന് മനസിലാകുക പോലുമില്ല. അത്രയ്ക്കും മനോഹരമായിട്ടാണ് കാവ്യ മെഹ്റയെ രൂപകൽപന ചെയ്‌തിരിക്കുന്നത്.
ഒരു അമ്മയുടെ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് കാവ്യ കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. പരമ്പരാഗത വിഭവങ്ങൾ പാചകം ചെയ്യുന്നത് മുതൽ ദീപാവലി പോലുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നത് വരെ ഇതിലുൾപ്പെടുന്നു. അക്കൗണ്ടിൽ പ്രത്യക്ഷപ്പെടുന്ന പെയിന്റിംഗ്, ചർമ്മസംരക്ഷണ മാർഗങ്ങൾ, പാരന്റിംഗ് വീഡിയോകൾക്കും ആരാധകരേറെയാണ്.
താൻ ഗർഭിണിയായിരിക്കുമ്പോൾ, എങ്ങനെയുള്ള അമ്മയാകാൻ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചിന്തകളോടെ പലപ്പോഴും ത്രോബാക്ക് പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നു. 'കാവ്യ മെഹ്റ വെറുമൊരു ഡിജിറ്റൽ അവതാരം മാത്രമല്ല, അവൾ ആധുനിക മാതൃത്വത്തിന്റെ മൂർത്തീഭാവമാണ്. എ ഐയുടെ ശക്തിയാൽ പ്രവർത്തിക്കുന്നുവെങ്കിലും മനുഷ്യാനുഭവത്തിൽ ആഴത്തിൽ വേരൂന്നിയതാണ്.' - എന്നാണ് കമ്പനി കാവ്യയെക്കുറിച്ച് പറയുന്നത്.
എ ഐ ഇൻഫ്ളുവൻസർമാരുടെ റോൾ എന്താണ്
കാവ്യ മെഹ്റയുടെ രൂപകൽപന പുതിയൊരു ട്രെൻഡിന് കൂടിയാണ് രൂപം നൽകിയിരിക്കുന്നത്. പ്രേക്ഷകരുമായി വൈകാരികമായ ബന്ധം ഉണ്ടാക്കിയെടുക്കാൻ എ ഐ ഇൻഫ്ളുവൻസർമാർക്ക് വളരെപ്പെട്ടെന്ന് സാധിക്കും.
'യഥാർത്ഥ ജീവിതാനുഭവങ്ങളുടെ വൈകാരികതലത്തിൽ എഐയെ സംയോജിപ്പിക്കുന്നതിനുള്ള സാദ്ധ്യതകൾ മനസിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആധുനിക അമ്മമാരെപ്പോലെയാണ് കാവ്യയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുവഴി ബ്രാൻഡുകളും ആധികാരികമായ ഉള്ളടക്കവും പ്രചരിപ്പിക്കാൻ സാധിക്കുന്നു.'- കമ്പനി അധികൃതർ വ്യക്തമാക്കി.
കുഞ്ഞ് ഉറങ്ങുമ്പോൾ കാപ്പി കുടിക്കുന്നത് മുതൽ മീറ്റിംഗുകൾക്കിടയിലുള്ള മൾട്ടിടാസ്‌കിംഗ് വരെയുള്ള കാവ്യയുടെ പോസ്റ്റുകൾ മോഡേൺ അമ്മമാരുടെ ദൈനംദിന ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |