തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പക്ഷിശല്യം പണ്ടുമുതലേ വലിയ സുരക്ഷാ ഭീഷണിയാണ്. നിരവധി വിമാനങ്ങളുടെ യാത്ര പക്ഷികൾ കാരണം വൈകുകയോ മുടങ്ങുകയോ ചെയ്യാറുണ്ട്. ഈ പക്ഷിഭീഷണിക്കൊപ്പം കഴിഞ്ഞ ശനിയാഴ്ച പറന്നെത്തിയ ഒരു പട്ടം ആറു വിമാനങ്ങളുടെ യാത്രയാണ് ഏറെ നേരം മുടക്കിയത്. പൗരബോധമോ വിമാനത്താവള സുരക്ഷയെക്കുറിച്ചുള്ള അവബോധമോ ഇല്ലാത്ത ആരോ വിനോദത്തിനായി പറത്തിയ പട്ടമാണ് അനവധി യാത്രക്കാരെ മുൾമുനയിൽ നിറുത്തിയത്. റൺവേയ്ക്കു മുകളിൽ ചുറ്റിപ്പറന്ന പട്ടം ഭീഷണിയാകുമെന്നു കണ്ട്, ഇറങ്ങാനെത്തിയ നാലു വിമാനങ്ങൾക്ക് വട്ടംചുറ്റി പറക്കാൻ എയർ ട്രാഫിക് കൺട്രോളിൽ നിന്ന് നിർദ്ദേശം നൽകുകയായിരുന്നു. ടേക്ക് ഓഫ് ചെയ്യാൻ കാത്തുനിന്ന രണ്ടു വിമാനങ്ങളോട് റൺവേയിൽത്തന്നെ തുടരാനും നിർദ്ദേശിച്ചു.
റൺവേയ്ക്കു മുകളിൽ ഇരുനൂറോളം മീറ്റർ ഉയരത്തിൽ കാറ്റിൽ പറന്നുനടന്ന പട്ടം വീണ്ടെടുക്കാൻ സുരക്ഷാ ജീവനക്കാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഒടുവിൽ കാറ്റ് ശമിച്ചതോടെ പട്ടം സ്വയം താഴേക്കു പതിച്ചതിനു ശേഷമാണ് വിമാനങ്ങൾക്ക് ഇറങ്ങാനും പുറപ്പെടാനും കഴിഞ്ഞത്. വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു തടസം ആദ്യമാണെന്നു പറയാം. വലിയതുറ പൊലീസിന് എയർപോർട്ട് അധികൃതർ നൽകിയ പരാതിയിന്മേൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പട്ടം പറപ്പിച്ച വിദ്വാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതത്ര എളുപ്പമുള്ള ദൗത്യവുമല്ല. മഴയെല്ലാം ഒഴിഞ്ഞ് അന്തരീക്ഷം ശുഭ്രസുന്ദരമാകുന്നതോടെ ശംഖുംമുഖം ബീച്ചിലും പരിസരങ്ങളിലും പട്ടം പറത്തലുകാരുടെ തിരക്കാണ്. കുട്ടികൾക്കു പുറമെ പ്രായമേറിയവരും ഈ വിനോദത്തിൽ പങ്കെടുക്കാറുണ്ട്. നിയന്ത്രണംവിട്ട് പട്ടങ്ങൾ തോന്നിയ വഴിക്കെല്ലാം പറക്കും. ചിലപ്പോൾ തൊട്ടടുത്തുള്ള വിമാനത്താവളത്തിന്റെ റൺവേയ്ക്കു മുകളിലും അവ എത്താറുണ്ട്.
എന്നാൽ, അര ഡസൻ വിമാനങ്ങളുടെ യാത്ര തടസപ്പെടുത്തും വിധത്തിൽ ഒരു പട്ടം പ്രശ്നകാരിയായി മാറിയത് ശനിയാഴ്ചയാണ്. വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുംവിധം എയർപോർട്ട് പരിസരങ്ങളിൽ പട്ടം പറത്തൽ നിരോധിക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. വിമാനങ്ങൾക്കും അവയിലെ യാത്രക്കാർക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ ആരിൽ നിന്നും ഉണ്ടായിക്കൂടാത്തതാണ്. വിമാനത്താവളത്തിന്റെ സുരക്ഷയെക്കുറിച്ച് ബോധമില്ലാത്തവരെ ഇതുപോലുള്ള വിനോദങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ പൊലീസിനെക്കൊണ്ടേ കഴിയൂ. ശനിയാഴ്ചത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കാൻ നടപടിയെടുക്കണം. വിമാനത്താവളത്തിനു ചുറ്റും പരിസരങ്ങളിലും അറവു മാലിന്യങ്ങൾ ഉൾപ്പെടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതാണ് പക്ഷിശല്യം വർദ്ധിക്കാൻ കാരണം.
മാലിന്യ നിക്ഷേപം മലയ്ക്കു സമാനമാകുമ്പോഴാകും അവ നഗരസഭാധികൃതർ നീക്കം ചെയ്യാറുള്ളത്. നഗരത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള അറവുമാലിന്യങ്ങൾ എത്താറുള്ളത് വിമാനത്താവള പരിസരങ്ങളിലാണ്. ഇതു തടയാൻ നഗരസഭ ഒട്ടേറെ നടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും പൂർണമായും ഫലവത്തായിട്ടില്ല. ഫലവത്താകണമെങ്കിൽ മാലിന്യ സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കുകയും അതതു ദിവസം തന്നെ സംസ്കരിക്കാൻ നടപടിയെടുക്കുകയും വേണം. റൺവേയ്ക്കു മുകളിൽ പറന്നു നടക്കുന്ന പക്ഷിക്കൂട്ടങ്ങളെ വെടിവച്ചു തുരത്തിയാണ് പുറപ്പെടാൻ നിൽക്കുന്ന വിമാനങ്ങൾക്ക് ഇപ്പോൾ വഴിയൊരുക്കുന്നത്. എന്നാലും ഇതിനിടയിലൂടെ പക്ഷികൾ പലപ്പോടും വിമാനങ്ങൾക്ക് സുരക്ഷാഭീഷണി സൃഷ്ടിക്കാറുണ്ട്. യാത്ര വൈകുക മാത്രമല്ല, ലക്ഷക്കണക്കിനു
രൂപയുടെ അറ്റകുറ്റപ്പണികളും ഇതുമൂലം സംഭവിക്കുന്നു. ആകാശത്ത് എത്തുന്ന എത്രയോ വിമാനങ്ങൾ പക്ഷിയിടിച്ച് യാത്ര തുടരാനാവാതെ തിരിച്ചിറക്കേണ്ടിവരാറുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തെ ഇമ്മാതിരി സുരക്ഷാ ഭീഷണികളിൽ നിന്ന് രക്ഷിക്കാൻ കർക്കശ ഇടപെടലുകൾ സ്വീകരിക്കാൻ ഇനിയും വൈകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |