ഉന്നത നിലവാരത്തിൽ നവീകരിച്ച പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത ചോരപ്പുഴയായി മാറി. അപകടങ്ങൾ ഒഴിയാത്ത ദിവസങ്ങളില്ല. നിരവധിയാളുകളുടെ ജീവനറ്റു. ഒട്ടേറെപ്പേർ അംഗവൈകല്യം ബാധിച്ചവരും ചലനശേഷി ഇല്ലാത്തവരുമായി. റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും വളവുകൾ നിവർത്താതിരുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. നിരവധി പരാതികൾ ഉയർന്നിട്ടും റോഡപകടങ്ങൾ കുറയ്ക്കാൻ അധികൃതർ നടപടിയെടുക്കാത്തത് ദുരന്തങ്ങൾക്ക് വഴി തെളിയ്ക്കുകയാണ്. ജീവനു ഭീഷണിയാകുന്ന തരത്തിൽ റോഡിൽ ഒട്ടേറെ സ്ഥലങ്ങളുണ്ട്. അപകടങ്ങളിൽ മരണപ്പെടുവന്നവരിൽ ഏറെയും യുവാക്കളാണ്. ശബരിമല തീർത്ഥാടനം തുടങ്ങിയ ശേഷം അയ്യപ്പ ഭക്തരുടെ വാഹനങ്ങളും അപകടത്തിൽപ്പെട്ടു. ശബരിമലയിൽ ദർശനം തേടിയെത്തുന്ന അന്യസംസ്ഥാനക്കാർ അടക്കമുള്ളവരെ ജീവനറ്റും പരിക്കേറ്റും ചലനശേഷിയില്ലാത്തവരുമയി തിരിച്ചു കൊണ്ടുപോകേണ്ടുന്ന സ്ഥിതി ദു:ഖകരമാണ്.
അമിതവേഗതയിൽ വാഹനങ്ങൾ ഓടിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് റോഡ് നിർമ്മാണം. വേഗനിയന്ത്രണ സംവിധാനങ്ങൾ പലയിടത്തുമില്ല. അതുള്ള സ്ഥലങ്ങളിൽ നടപടികൾ ഫലപ്രദമാകുന്നുമില്ല. കൂടുതലും വാഹനങ്ങൾ നിയന്ത്രണം തെറ്റിയുളള അപകടങ്ങൾക്കാണ് പുനലൂർ - മൂവാറ്റുപുഴ റോഡ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ജനപ്രതിധികളടക്കമുള്ളവർ റോഡിലെ അശാസ്ത്രീയ നിർമ്മാണത്തെപ്പറ്റി വാചാലരാകും. എന്നാൽ, അപകടങ്ങൾ കുറയ്ക്കാനുള്ള പ്രായോഗിക നടപടകളെപ്പറ്റി ചിന്തയില്ല. പുനലൂർ-മൂവാറ്റുപുഴ പാതയിൽ തെക്കൻ അതിർത്തിയിൽ കല്ലുംകടവാണ് ജില്ലയിലേക്കുള്ള പ്രവേശന കവാടം. ഇവിടം മുതൽ അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളാണ്. ഏകദേശം നാൽപ്പത്തിയഞ്ച് കിലോമീറ്ററാണ് ജില്ലയിലെ പാതയുടെ ദൂരം. റാന്നി പ്ളാച്ചേരിയിൽ ജില്ലയുടെ വടക്കൻ അതിർത്തി അവസാനിക്കുന്നതു വരെ നിരവധി അപകടക്കെണികളുണ്ട്.
അപകടം പതിവ് കാഴ്ച
സംസ്ഥാന പാതയിലെ അപകടങ്ങളിൽപ്പെടുന്നവർക്ക് രക്ഷാകരങ്ങളുമായി ഓടിയെത്തുന്നത് പ്രദേശവാസികളാണ്. മൈലപ്രായിൽ ആന്ധ്രസ്വദേശികളായ ഭക്തരുടെ കാർ നിയന്ത്രണം വിട്ടു സ്വകാര്യ ബസിലും ഓട്ടോറിക്ഷയിലും ഇടിച്ചു മറിഞ്ഞ് പതിനൊന്നു പേർക്ക് പരിക്കേറ്റ സംഭവമാണ് ഒടുവിലത്തേത്. അമിതവേഗതയിൽ കാർ വരുന്നത് കണ്ട് ബസ് വശത്തേക്ക് ഒതുക്കി നിറുത്തിയതിനാൽ ഇടിയുടെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞു. ആളപായം ഒഴിവാകുകയും ചെയ്തു. ആന്ധ്ര, തമിഴ്നാട് ഭക്തരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചതും മൈലപ്രായിലാണ്.
കലഞ്ഞൂരിൽ കെ.എസ്.ആർ.ടി.സി ബസും ആംബുലൻസും കൂട്ടിയിടിച്ച് രോഗിയടക്കം എട്ടുപേർക്ക് പരിക്കേറ്റു. ഹൃദ്രോഗിയുമായി കോന്നിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു പാേയ ആംബുലൻസും എതിർദിശയിൽ പത്തനംതിട്ടയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയിൽ ബസിന്റെ നിയന്ത്രണം തെറ്റിയതാണ് അപകട കാരണമായി പറയുന്നത്. മല്ലശേരിമുക്കിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.
ഉന്നത നിലവാരത്തിൽ നവീകരിച്ച പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ തുടരെത്തുടരെയാണ് അപകടങ്ങൾ. വളവുകൾ നിവർത്താതെയുള്ള അശാസ്ത്രീയ നിർമ്മാണം അപകടത്തിന് ഇടയാക്കുമെന്ന് തുടക്കം മുതലേ പരാതികൾ ഉയർന്നിരുന്നു.
വലിയ അപകടങ്ങൾ സംഭവിക്കുമ്പോഴെല്ലാം, തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ എങ്ങനെ കുറയ്ക്കാമെന്ന ചർച്ചയുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്താറുണ്ട്. റോഡ് സുരക്ഷാവിഭാഗം സംസ്ഥാനപാതയിൽ പരിശോധന നടത്തുന്നുമുണ്ട്. വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനും ജംഗ്ഷനുകളെക്കുറിച്ചും അപകട വളവുകളെക്കുറിച്ചും സൂചിപ്പിക്കുന്ന ബോർഡുകൾ അതാതിടങ്ങളിൽ സ്ഥാപിക്കുന്നതിനും തീരുമാനങ്ങളില്ല. അധികൃതരുടെ അനാസ്ഥയിൽ റോഡിൽ വീണ്ടും പ്രാണൻ പിടയുകയാണ്. റോഡ് നിർമ്മിക്കുന്ന വേളയൽ തന്നെ അപകട സാദ്ധ്യതകളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. പണി തീരുമ്പോൾ എല്ലാം ശരിയാകുമെന്നായിരുന്നു കെ.എസ്.ടി.പിയുടെ ഉറപ്പ്. നിർമ്മാണം പൂർത്തിയാക്കി ഉദ്യോഗസ്ഥരും താെഴിലാളികളും മടങ്ങിപ്പോയി.
എം.സി റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത വികസിപ്പിച്ചത്. പടിഞ്ഞാറ് ദേശീയ പാത നിർമ്മാണം നടുക്കുന്നതിനാൽ ദീർഘദൂര വാഹനയാത്രക്കാർ മലയോര പാതകളെയാണ് ആശ്രയിക്കുന്നത്. വലിയ ഗതാഗതക്കുരുക്കില്ലാതെ കിഴക്കൻ മേഖലയിലൂടെ എറണാകുളം ഭാഗത്തേക്ക് എത്താമെന്നതാണ് നേട്ടം. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും പുനലൂർ മൂവാറ്റുപുഴ റോഡിലൂടെ സർവീസ് നടത്തുന്നുണ്ട്. ഏകദേശം നൂറ്റിയൻപത്തിനാല് കിലോമീറ്ററാണ് റോഡിന്റെ ആകെ ദൂരം.
അടിയന്തര ഇടപെടൽ വേണം
സംസ്ഥാന പാതയിലെ അപകടങ്ങൾ കുറയ്ക്കാൻ സർക്കാർ ഭാഗത്തു നിന്ന് അടിയന്തര ഇടപെടൽ ആവശ്യമാണ്. വേഗ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിച്ചതിൽ പുന:പരിശോധന നടത്തണം. സ്കൂളുകൾക്കും ജംഗ്ഷനുകൾക്കും സമീപം വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ ഫലപ്രദമായ സംവിധാനം ആവശ്യമാണ്. അമിത വേഗതിയിൽ പായുന്ന ബൈക്കുകൾ റോഡിൽ അപകടം ക്ഷണിച്ചുവരുത്തുന്നു. ചീറിപ്പോകുന്ന ബൈക്കുകൾ നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവരെയും അപകടത്തിൽപ്പെടുത്തുകയാണ്. നിരപരാധികളുടെ ജീവനും റോഡിൽ പൊലിഞ്ഞിട്ടുണ്ട്.
രാത്രി യാത്രക്കാർക്കും റോഡിന്റെ നിർമ്മാണം അപകടഭീഷണിയുണ്ടാക്കുന്നു. പൊതുവെ വാഹനങ്ങൾ കുറവുള്ള സമയങ്ങളിൽ ബൈക്കുകളും കാറുകളും മറ്റു വാഹനയാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ഓടിച്ചു പോകാറുണ്ട്. പൊലീസിന്റെ രാപ്പകൽ പട്രോളിംഗ് ഇവിടെ അനിവാര്യമാണ്. ജില്ലയുടെ തെക്കൻ അതിർത്തിയിൽ കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എഴുപതോളം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് മാത്രമായി അപകടമേഖലകൾ കേന്ദ്രകരിച്ച് ഹൈവേ പട്രോളിംഗ് സംഘത്തിന്റെ നിരീക്ഷണം വേണം. റോഡ് ക്രോസ് ചെയ്യുന്ന ഭാഗങ്ങളിൽ ഹോംഗാർഡുകളെ പ്രത്യേകമായി നിയോഗിക്കണം. ഇത്തരത്തിൽ ഒട്ടേറെ പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും പൊതുമരാമത്ത് അധികൃതർ ഗൗരവത്തിലെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |