മുംബയ്: സർക്കാർ ബസ് വിവിധ വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറ് മരണം, 49 പേർക്ക് പരിക്ക്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 9.50ന് മുംബയിലെ കുർളയിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നും വിവരമുണ്ട്.
കുർള സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേയ്ക്ക് പോവുകയായിരുന്ന റൂട്ട് നമ്പർ 332 ബെസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒരു ഓട്ടോറിക്ഷയിലാണ് ബസ് ഇടിച്ചത്. തുടർന്ന് കാൽനടയാത്രക്കാരെയും മറ്റുചില വാഹനങ്ങളെയും ഇടിച്ചുവീഴ്‌ത്തി. പിന്നീട് ഒരു വീടിന്റെ ഗേറ്റിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ സിയോൺ, കുർള ഭാഭ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബ,സ് ഒരു പൊലീസ് ജീപ്പിനെ ഇടിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു.
മൂന്ന് മാസം മാത്രം പഴക്കമുള്ള, ബ്രിഹാൻമുംബയ് ഇലക്‌ട്രിക് സപ്ളൈ ആന്റ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗ് (ബെസ്റ്റ്) ബസാണ് അപകടത്തിൽപ്പെട്ടതെന്ന് ടാർഡിയോ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രദേശത്ത് ഗതാഗതം ഏറെനേരം തടസപ്പെട്ടു. അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ചെറുകിട കച്ചവടക്കാരും മറ്റും റോഡ് കയ്യേറിയതിനാൽ പാത ഇടുങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികളിൽ ചിലർ വിമർശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |