കെ.കെ. രത്‌നൻ
വൈപ്പിൻ: ഏറ്റവും ഒടുവിൽ പുറത്തുവന്ന വിജ്ഞാപനം വന്നപ്പോഴും എടവനക്കാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് തീരദേശപരിപാലന നിയമത്തിൽ അനുവദിച്ച ഇളവുകൾ നാമമാത്രം. ചെമ്മീൻകെട്ടുകളും തോടുകളും കൈത്തോടുകളും ഏറെയുള്ള ഈ പ്രദേശത്ത് ഇവയുടെ തീരങ്ങളിൽ വസിക്കുന്നവരിൽ ഏറെയും സാധാരണക്കാരാണ്. നിയന്ത്രണങ്ങൾ പാലിച്ച് വീട് നിർമ്മാണവും പുനർനിർമ്മാണവും സാദ്ധ്യമല്ലാത്ത സാഹചര്യമാണ് ഇവർക്കുള്ളത്.
സംസ്ഥാനപാതയുടെ പടിഞ്ഞാറ് പഴങ്ങാട് തോട് മുതൽ അണിയൽ തോടുവരെയും സെയ്ത്മുഹമ്മദ് റോഡിന്റെ വടക്കേ ഭാഗത്ത് പഞ്ചായത്ത് അതിർത്തി വരെയുള്ള പ്രദേശങ്ങൾ ഇളവിന് പരിഗണിക്കപ്പെട്ടില്ല. ഈ പ്രദേശങ്ങളിൽ നിലവിലെ നിർമ്മാണ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരും. സെയ്ത്മുഹമ്മദ് റോഡിന് തെക്കോട്ട് പഴങ്ങാട് തോട് വരെയും കണ്ണപ്പിള്ളക്കെട്ട് പരിസരവും നേരത്തെ ഉണ്ടായിരുന്ന ഭൂപടത്തിൽ നിന്ന് മാറ്റം വന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നിയന്ത്രണത്തിൽ ഒഴിവ് ലഭിക്കും. റോഡിന് കിഴക്ക് പഴങ്ങാട് തോടിനും അണിയിൽ തോടിനും ഇടക്കുള്ള പ്രദേശവും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനാൽ ഇവിടെയും വീട് നിർമ്മാണത്തിന് തടസമുണ്ടാകില്ല.
തൂമ്പുകൾ വേലിയേറ്റ രേഖയുമായി ബന്ധപ്പെട്ട് നേരത്തേ കെ.എൻ ഉണ്ണക്കൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച കാര്യങ്ങളും പരിഗണിക്കപ്പെട്ടില്ല.
പുതിയ ഭൂപടം തയ്യാറാക്കിയപ്പോൾ ചെമ്മീൻ കെട്ടുകളും പൊക്കാളിപ്പാടങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നിട്ടും അത്തരമൊരു നീക്കം ഉണ്ടായില്ല ഇതുമൂലം വീട് നിർമ്മാണത്തിനും പുനർനിർമ്മാണത്തിനും ഒട്ടേറെപ്പേർ നേരിടുന്ന തടസങ്ങൾ മാറ്റമില്ലാതെ തുടരും പുതിയ ഭൂപടം തയ്യാറാക്കുന്നതിനായി നടത്തിയ പബ്ലിക് ഹിയറിംഗിൽ ഇവിടുത്തുകാരുടെ പരാതികളൊന്നും പരിഗണിക്കപ്പെട്ടില്ല
പുതിയ ഭൂപടമനുസരിച്ച് വൈപ്പിൻകരയിലെ എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകൾ സി.ആർ.ഇസഡ്.2 വിഭാഗത്തിലേക്ക് മാറുന്നതോടെ ഇവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുളള തടസങ്ങൾ ഒഴിവാകും കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളും 3എ
വിഭാഗത്തിലായതിനാൽ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ അകലം പാലിച്ച് നിർമ്മാണങ്ങൾ നടത്താം വൈപ്പിൻ ദ്വീപിൽ ആകെയുള്ള 6 പഞ്ചായത്തുകളിൽ 5ലും തീരദേശപരിപാലന നിയമത്തിൽ പുതിയ മാപ്പ് പ്രകാരം ഇളവുകൾ ലഭിച്ചു എടവനക്കാട് പഞ്ചായത്തിന് ഇളവുകൾ നാമമാത്രം.
പുതിയ ഭൂപടം തയ്യാറാക്കിയപ്പോൾ എടവനക്കാട് പഞ്ചായത്തിലെ പൊക്കാളിപ്പാടങ്ങളേയും ചെമ്മീൻ കെട്ടുകളേയും പൂർണമായി ഒഴിവാക്കാൻ കഴിയുമായിരുന്നിട്ടും വളരെക്കുറച്ച് ഭാഗത്ത് മാത്രം വേലിയേറ്റ രേഖ തൂമ്പിന്റെ ലൈനിൽ നിജപ്പെടുത്തി ഭൂരിഭാഗം പ്രദേശങ്ങളും കഠിനമായ നിയന്ത്രണങ്ങളിൽ തുടരുന്ന അവസ്ഥയിലാക്കി. ഇതിൽ ശക്തിയായ പ്രതിഷേധമുണ്ട്.
ഇ.കെ.സലിഹരൻ
കൺവീനർ, സി.ആർ.ഇസഡ്
ആക്ഷൻ കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |