'നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ....'
ഒ.എൻ.വി രചിച്ച പ്രശസ്തമായ ഈ ഗാനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇടത് തൊഴിലാളി, കർഷക പ്രസ്ഥാനങ്ങളും ഒരുകാലത്ത് പാടി നടന്നതാണ്. ഇന്നും ചിലപ്പോഴൊക്കെ ഈ പാട്ട് ഉയരാറുണ്ടെങ്കിലും പാട്ടിൽ പറയും പോലെ വയലുകളെല്ലാം നമ്മുടെ വകയായില്ലെന്ന് മാത്രമല്ല, അവയിൽ ഭൂരിഭാഗവും നികന്ന് ആ സ്ഥാനത്ത് ബഹുനില മന്ദിരങ്ങളും വൻകിട സ്ഥാപനങ്ങളുമൊക്കെയായി മാറി. സംസ്ഥാന വൈദ്യുതി ബോർഡിലും ഇതിന് സമാനമായൊരു മുദ്രാവാക്യം ഇപ്പോഴും അലയടിക്കുന്നുണ്ട്. 'നമ്മള് നിശ്ചയിക്കും ശമ്പളം നമ്മുടേതാകും പൈങ്കിളിയേ...' എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായപ്പോൾ ജീവനക്കാർക്ക് കൈനിറയെ ശമ്പളം കിട്ടിയെങ്കിലും ബോർഡിന്റെ അവസ്ഥ വയലുകളുടേതിന് സമാനമായി മാറി. വൈദ്യുതി ബോർഡെന്ന പൊതുമേഖലാ സ്ഥാപനം, അഥവ കമ്പനി എക്കാലത്തും വിവാദ സ്ഥാനത്താണ്. കേരളത്തിൽ വൈദ്യുതി വിതരണത്തിന്റെ കുത്തകാവകാശമുള്ള ബോർഡിന്റെ കഴിഞ്ഞ കുറെക്കാലമായുള്ള ഏക അജണ്ട അടിയ്ക്കടി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുക എന്നത് മാത്രമായി മാറിയിട്ടുണ്ട്. എന്നാൽ കൂട്ടുന്ന വൈദ്യുതി നിരക്കിന് സമാനമായി ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനോ കാലനുസൃതമായ നവീകരണം ബോർഡിൽ നടപ്പാക്കാനുള്ള ശുഷ്ക്കാന്തിയും ആത്മാർത്ഥതയും ഇല്ലെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. പിണറായി വിജയൻ സർക്കാരിന്റെ കഴിഞ്ഞ എട്ടര വർഷത്തെ ഭരണത്തിനിടെ തുടർച്ചയായ അഞ്ചാംതവണ വൈദ്യുതി നിരക്ക് കൂട്ടി റെക്കാഡിട്ടത് കഴിഞ്ഞ ദിവസമാണ്. യൂണിറ്റിന് 16 പൈസ നിരക്കിലാണ് വർദ്ധനവെങ്കിലും ഉപഭോക്താക്കൾ ശരിക്കും അസാധാരണമായ ഷോക്കേറ്റ അവസ്ഥയിലാണ്. കാര്യക്ഷമത ഇല്ലായ്മ, അഴിമതി, ധൂർത്ത്, കെടുകാര്യസ്ഥത, കേന്ദ്ര നിയമങ്ങൾങ്ങൾക്കെതിരെ നിഷേധാത്മക സമീപനം തുടങ്ങിയവ ഒക്കെ ചേർന്ന് ബോർഡ് സ്വയം കുഴിച്ച കുഴിയിൽ വീഴുന്നതിന്റെ പാപഭാരം മുഴുവൻ വൈദ്യുതി ഉപഭോക്താക്കൾ തലയിലേറ്റേണ്ട അവസ്ഥയാണിപ്പോൾ.
ഞങ്ങടെ ശമ്പളം ഞങ്ങൾ
കൂട്ടിയാൽ നിങ്ങൾക്കെന്താ ?
സർക്കാർ, പൊതുമേഖലാ സ്ഥാപന ജീവനക്കാർക്ക് കാലാകാലങ്ങളിൽ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കണമെങ്കിൽ സർക്കാരിന്റെയും മന്ത്രിസഭയുടെയും ഒക്കെ അനുമതി വേണം. ശമ്പള പരിഷ്ക്കരണ കമ്മിഷൻ രൂപീകരിച്ച് പഠന റിപ്പോർട്ട് സമർപ്പിച്ച് അതംഗീകരിച്ച ശേഷമേ വർദ്ധനവ് എത്രയെന്നത് സർക്കാർ തീരുമാനിക്കുകയുള്ളു. രാജ്യമൊട്ടാകെ ഇതാണ് നടപടിക്രമം. എന്നാൽ കേരളത്തിലെ വൈദ്യുതി ബോർഡ് കമ്പനിയായതിനാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ്. 2021 ൽ സർക്കാരിനെ അറിയിക്കാതെ സ്വന്തം നിലയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കിയതാണ് ഭീമമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും നഷ്ടത്തിന്റെ പടുകുഴിയിലേക്കും ബോർഡിനെ തള്ളിയിട്ടത്. 31,000 ജിവനക്കാരുള്ള ബോർഡിൽ 2021 ലെ പരിഷ്ക്കരണത്തിൽ ശരാശരി 7000 രൂപ മുതൽ 30,000 രൂപ വരെ ശമ്പള വർദ്ധനവുണ്ടായി. പെൻഷൻകാർക്കും കിട്ടി വൻവർദ്ധന. 2018 ജൂലായ് 1 മുതൽ മുൻകാല പ്രാബല്യം നൽകിയതോടെ ഒരു വർഷം 734. 4 കോടിയുടെ അധിക ബാദ്ധ്യതയാണ് ബോർഡിനുണ്ടായത്. സർക്കാർ ജീവനക്കാരെക്കാൾ 5 ശതമാനം കൂടുതൽ ക്ഷാമബത്തയും അനുവദിച്ചതോടെ ശമ്പള, പെൻഷൻ വിഹിതം റവന്യു വരുമാനത്തിന്റെ 26.77 ശതമാനത്തിൽ നിന്ന് 46.59 ശതമാനമായി ഉയർന്നു. ബോർഡിൽ ഓവർസിയർമാരായി നിയമിക്കപ്പെടാനുള്ള യോഗ്യത പത്താം ക്ളാസ് തോൽവിയാണ്. 2002 ൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ ഉണ്ടാക്കിയ നിയമമാണിത്. ഇങ്ങനെ നിയമിക്കപ്പെടുന്നവർ 10 വർഷം കഴിയുമ്പോൾ സ്ഥാനക്കയറ്റം നേടി സബ് എൻജിനിയർമാരായി ഒരുലക്ഷം രൂപയ്ക്ക്മേൽ ശമ്പളവും മറ്റാനുകൂല്യങ്ങളും വാങ്ങും. വർദ്ധിച്ച നിരക്കിൽ താരിഫ് കൂട്ടി ഉപഭോക്താക്കളെ പിഴിയുന്ന പണമാണ് ഇങ്ങനെയൊക്കെ ധൂർത്തടിക്കുന്നത്. 6500 കോടി രൂപയുടെ സഞ്ചിത നഷ്ടത്തിൽ നിൽക്കുന്ന ഘട്ടത്തിൽ നടത്തിയ ശമ്പള പരിഷ്ക്കരണത്തിന് ബോർഡ് ഡയറക്ടർ ബോർഡംഗങ്ങൾക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും അധിക ബാദ്ധ്യത കണക്ക് കൂട്ടി സർക്കാർ നൽകുന്ന സഹായത്തിൽ നിന്ന് തിരിച്ചു പിടിക്കാനും കംപ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ (സി.എ.ജി) ശുപാർശ ചെയ്തിരുന്നെങ്കിലും സർക്കാർ ഒരു നടപടിയുമെടുത്തില്ല. ഏത് സർക്കാർ ഭരിച്ചാലും ബോർഡിലെ ഇടതുപക്ഷ യൂണിയൻ തീരുമാനിക്കുന്നതേ നടപ്പാകൂ. വകുപ്പ് മന്ത്രിയും ബോർഡ് ചെയർമാനും സി എം ഡിയും സർക്കാരുമൊക്കെ വെറും കാഴ്ചക്കാരാകും.
റഗുലേറ്ററി കമ്മിഷനും ബോർഡും
ഒരേ തൂവൽ പക്ഷികൾ
നഷ്ടത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന ബോർഡിന് മുന്നോട്ട് പോകാൻ 7,000 കോടി രൂപ ആവശ്യമുണ്ടെന്നും താരിഫ് വർദ്ധനയല്ലാതെ മറ്റു മാർഗവുമില്ലെന്ന ബോർഡിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ചാണ് ഇപ്പോൾ യൂണിറ്റിന് 16 പൈസയും അടുത്ത ഏപ്രിലിൽ 12 പൈസയും വർദ്ധിപ്പിക്കാൻ അനുമതി നൽകിയതെന്നാണ് റഗുലേറ്ററി കമ്മിഷന്റെ അവകാശവാദം. ഫിക്സഡ് ചാർജും വർദ്ധിപ്പിച്ചു. ഈ വർഷം യൂണിറ്റിന് 35 പൈസയുടെ വർദ്ധനവാണത്രെ ബോർഡ് ആവശ്യപ്പെട്ടത്. ഇത് കമ്മിഷനും ബോർഡും തമ്മിലുള്ളൊരു ഒത്തുകളിയാണെന്നാണ് ബോർഡുമായി ബന്ധപ്പെട്ടവർ പറയുന്നത്. താരിഫ് വർദ്ധനവിന് മുന്നോടിയായി കമ്മിഷൻ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ അദാലത്തുകളിൽ പതിവിൽ നിന്ന് വ്യത്യസ്ഥമായി ഉപഭോക്താക്കളുടെ വൻ സാന്നിദ്ധ്യമാണുണ്ടായത്. ബോർഡിനെതിരായ കടുത്ത ജനരോഷമാണ് അദാലത്തുകളിൽ അലയടിച്ചത്. അതുകൂടി കണക്കിലെടുത്താണ് ഇപ്പോൾ ബോർഡ് ആവശ്യപ്പെട്ട 35 പൈസയുടെ വർദ്ധനവിന് അനുമതി നൽകാതെ 16 പൈസയിലൊതുക്കിയതെന്ന് തോന്നാമെങ്കിലും ഉപഭോക്താക്കളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നാണ് വൈദ്യുതി ബോർഡ് മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ സി.പി ജോർജ് പറയുന്നത്. റഗുലേറ്ററി കമ്മിഷന്റെ ഘടന പരിശോധിച്ചാൽ തന്നെ ഇത് വ്യക്തമാകും. ആ കസേരയിൽ ഇരിക്കുന്നവരുടെ തോന്ന്യാസമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷൻ ചെയർമാൻ മുൻ ചീഫ് സെക്രട്ടറി ടി.കെ ജോസാണ്. ടെക്നിക്കൽ മെമ്പറായ പി. പ്രദീപ് വൈദ്യുതി ബോർഡ് മുൻ ജീവനക്കാരനും സി.പി.എം സഹയാത്രികനുമാണ്. ലീഗൽ മെമ്പറായ അഡ്വ. എ.ജെ വിൽസൺ എം.എം മണി വൈദ്യുതി മന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ആളാണ്. കമ്മിഷൻ ഓഫീസിലെ ജീവനക്കാരെല്ലാം ബോർഡിൽ നിന്ന് വിരമിച്ച സി.ഐ.ടി.യു യൂണിയന്റെ സജീവ പ്രവർത്തകരുമാണ്. ബോർഡും റഗുലേറ്ററി കമ്മിഷനും ഒരേ തൂവൽ പക്ഷികളാണെന്നതിന്റെ പൊരുൾ ഇതിലൂടെ വ്യക്തമാണ്.
സ്മാർട്ട് മീറ്ററുമില്ല,
നവീകരണവുമില്ല
രാജ്യത്താകെ വൈദ്യുതി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 2003 ൽ പാർലമെന്റ് പാസാക്കിയ വൈദ്യുതി ഭേഗതി നിയമം നടപ്പാക്കാത്ത ഏകസംസ്ഥാനമാണ് കേരളം. വൈദ്യുതമേഖലയിൽ മൂലധന നിക്ഷേപവും മത്സരവും വർദ്ധിപ്പിക്കുന്നതിലൂടെ കുറഞ്ഞവിലയിൽ വൈദ്യുതി നൽകുന്ന ഏത് കമ്പനിക്കും വൈദ്യുതി വാങ്ങുകയും വിൽക്കുകയും ചെയ്യാമെന്നതിനാൽ വൈദ്യുതി ബോർഡുകളുടെ കുത്തക അവസാനിക്കും. ഉപഭോക്താവിന് ആവശ്യാനുസരണം സേവനദാതാവിനെ തിരഞ്ഞെടുക്കാം. വൈദ്യുതിരംഗത്തെ രാഷ്ട്രീയ അതിപ്രസരം, മാനേജ്മെന്റിനെപ്പോലും വരുതിയിലാക്കിയുള്ള ട്രേഡ് യൂണിയനുകളുടെ അഴിമതി ഭരണവും മൂലമാണ് ബോർഡ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. കേന്ദ്രനയത്തിന്റെ ഭാഗമായ 'സ്മാർട്ട് മീറ്റർ' പദ്ധതി യൂണിയനുകളുടെ പിടിവാശി മൂലം നടപ്പായിട്ടില്ല. ഇതിനായി കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട കോടികളുടെ സബ്സിഡിയാണ് ബോർഡിന് നഷ്ടമായത്. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയാൽ ഒരു വർഷം വൈദ്യുതി വാങ്ങുന്നതിൽ 1000 കോടി വീതം ലാഭിക്കാമെന്നാണ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്മാർട്ട്മീറ്റർ പദ്ധതി നടപ്പാക്കിയെങ്കിലും കേരളത്തിൽ മാത്രമാണ് അതിന് വിലക്ക്. 3600 കോടി രൂപയുടെ കേന്ദ്രസഹായം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നീക്കമാണ് സ്മാർട്ട് മീറ്റർ പദ്ധതിയെ എതിർത്തതിലൂടെ യൂണിയനുകൾ ചെയ്തത്. വൈദ്യുതി ഉപഭോഗത്തിന്റെ 150 ലധികം വ്യത്യസ്ഥ സ്വഭാവ സവിശേഷതകൾ മനുഷ്യ ഇടപെടലില്ലാതെ വൈദ്യുതി ബോർഡിന്റെ സർവറിൽ എത്തിക്കുന്നതാണ് സ്മാർട്ട് മീറ്റർ. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രത്തിന്റെ ഗ്രാന്റും ലഭിക്കില്ല. 3600 കോടി രൂപയുടെ കേന്ദ്രസഹായം നഷ്ടപ്പെടുത്തി ഭാരം മുഴുവൻ ഉപഭോക്താക്കളുടെ തലയിൽ വച്ചാണ് ബോർഡ് തന്നിഷ്ടം കാട്ടുന്നത്. ആരും ചോദ്യം ചെയ്യാനില്ലാത്തതിനാൽ അനുഭവിക്കുക തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |