കണ്ണൂർ:മാടായി കോളേജ് നിയമനവിവാദം കെ.പി.സി.സി അദ്ധ്യക്ഷന്റെ തട്ടകമായ കണ്ണൂരിലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്കിടയാക്കുന്നു. ഡി.സി.സി നേതൃത്വം പ്രാദേശിക പ്രവർത്തകരുടെ വികാരത്തിനൊപ്പം നിന്നതോടെ പോര് എം.കെ.രാഘവൻ എം.പിയും കണ്ണൂരിലെ കോൺഗ്രസും തമ്മിലായിട്ടുണ്ട്. പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെയുളള രാഘവന്റെ നീക്കത്തിൽ ഡി.സി.സി. നേതൃത്വം കെ.പി.സി.സിയെ അതൃപ്തി അറിയിച്ചു. പുതിയ വിവാദം കണ്ണൂരിൽ എ ഗ്രൂപ്പിനെ ശക്തമാക്കുന്നതിലേക്ക് നീങ്ങുകയാണ്.
പയ്യന്നൂർ മേഖലയിൽ പാർട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം.കെ രാഘവൻ എം.പിക്ക് ഒപ്പമുള്ള കോളേജ് ഡയറക്ടർമാർക്കെതിരെ നടപടിയെടുത്തത് മതിയായ കാരണം കൊണ്ടാണെന്നുമാണ് കെ.പി.സി.സിക്ക് ഡി.സി.സി നൽകിയ വിശദീകരണം. കോളേജ് ഭരണസമിതി സംഘടനാതാല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് സംഘടന ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ഡി.സി.സി പ്രസിഡന്റ് വിശദീകരിച്ചിട്ടുണ്ട്.രാഘവനെതിരെ പ്രതിഷേധിച്ചതിന് നടപടി നേരിട്ട കുഞ്ഞിമംഗലത്തെ കോൺഗ്രസ് നേതാക്കൾ ഇന്നലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ടിരുന്നു. പ്രാദേശിക പ്രശ്നം കെ.പി.സി.സി ഇടപ്പെട്ട് സംസാരിച്ച് തീർക്കുമെന്നാണ് സതീശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.
ധനേഷിന്റെ അംഗത്വ രസീത് പുറത്ത്
എം.കെ. രാഘവൻ എം.പി ചെയർമാനായ മാടായി കോളേജിൽ അദ്ദേഹത്തിന്റെ ബന്ധുവായ എം.കെ.ധനേഷ് എന്ന സി.പി.എം പ്രവർത്തകന് ജോലി നൽകിയെന്നാരോപിച്ചാണ് പ്രതിഷേധം പുകയുന്നത്. അതേ സമയം ധനേഷ് 2021ൽ കോൺഗ്രസിൽ ചേർന്നെന്നാണ് രാഘവൻ അനുകൂലികളുടെ വാദം. 2021 ജനുവരി നാലിന് കുഞ്ഞിമംഗലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒപ്പിട്ട് നല്കിയ അംഗത്വ രസീത് പുറത്തു വിട്ടാണ് ഈ വാദത്തെ ബലപ്പെടുത്തുന്നത്. എന്നാൽ പ്രാദേശികമായ എതിർപ്പിനെ തുടർന്ന് അംഗത്വം അപ്പോൾ തന്നെ റദ്ദാക്കിയെന്നാണ് മണ്ഡലം പ്രസിഡന്റ് കെ.വിജയന്റെ പ്രതികരണം.
പഴയങ്ങാടിയിലും പയ്യന്നൂരിലും ഏറ്റുമുട്ടി കോൺ.പ്രവർത്തകർ
എം.കെ.രാഘവൻ എം.പി ചെയർമാനായ പയ്യന്നൂർ കോ ഓപറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ള മാടായി കോളേജിൽ ബന്ധുവായ ഡി.വൈ.എഫ്.ഐ പ്രവർത്തകന് നിയമനം നൽകിയ സംഭവത്തിലെ പ്രതിഷേധം തെരുവിലേക്ക്. നിയമനത്തിന് അനുകൂലമായി നിന്ന കോളേജ് ഡയറക്ടർ ബോർഡംഗവും പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ കെ.ജയരാജിനെ പയ്യന്നൂരിലെ ഒരു പരിപാടിയിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തു.പിന്നാലെ, പഴയങ്ങാടിയിൽ എം.കെ.രാഘവനെ അനുകൂലിക്കുന്ന പ്രവർത്തകരും നിയമനത്തിൽ പ്രതിഷേധമുള്ള പ്രവർത്തകരും ഏറ്റുമുട്ടി.
പഴയങ്ങാടിയിൽ ഇന്നലെ വൈകിട്ട് അഞ്ചോടെ എം കെ രാഘവനെ അനുകൂലിച്ച് എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പഴയ മാടായി ഗ്രാമപഞ്ചായത്തിന്റെ ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനത്തെ ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞതോടെയാണ് കൈയാങ്കളിയിലെത്തിയത്. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും കൈയേറ്റവും നടന്നു. പൊലീസ് എത്തിയാണ് ഇരു വിഭാഗത്തെയും മാറ്റിയത്.
കോളേജിനെയും എം.കെ.രാഘവനെയും ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബ്രിജേഷ് കുമാർ ആരോപിച്ചു. കോൺഗ്രസിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനത്തിൽ ഡി.വൈ.എഫ്.ഐക്കാർക്ക് നിയമനം കൊടുത്തതിൽ മാത്രമാണ് തങ്ങളുടെ പ്രതിഷേധമെന്ന് രാഘവനെതിരെ പരസ്യമായി പ്രതിഷേധിച്ചതിന് സസ്പെൻഷനിലായ കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.വി.സതീഷ് കുമാറും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |