തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ നേട്ടം. 17 സീറ്റുകളിൽ ജയിച്ചു. എൽ.ഡി.എഫ് 11 സീറ്റുകളിലും ബി.ജെ.പി മൂന്നിടത്തും വിജയിച്ചു. എൽ.ഡി.എഫ് 15, യു.ഡി.എഫ് 13, ബി.ജെ.പി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥിതി.
സീറ്റുകൾ നഷ്ടമായതോടെ മൂന്ന് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് ഇവിടെ ഭരണത്തിലെത്തും. പാലക്കാട് തച്ചമ്പാറ, തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ പഞ്ചായത്തുകളിലാണിത്.
ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 9 സീറ്റ് നഷ്ടമായപ്പോൾ 5 സീറ്റുകൾ പിടിച്ചെടുക്കാനായി. ആറ് സീറ്റുകൾ നിലനിറുത്തി. യു.ഡി.എഫിന് 5 സീറ്റ് നഷ്ടമായെങ്കിലും സി.പി.എമ്മിന്റെ ഏഴ് ഉൾപ്പെടെ 9 സീറ്റ് പിടിച്ചെടുത്തു. എട്ട് സീറ്റുകൾ നിലനിറുത്തി. ബി.ജെ.പിക്ക് നിലവിലെ ഒരു സീറ്റ് നഷ്ടമായെങ്കിലും ഒരെണ്ണം കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തു. രണ്ടെണ്ണം നിലനിറുത്തി.
ഭരണം മാറുന്ന പഞ്ചായത്തുകൾ
1.പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാർഡ് എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. ഇതോടെ പതിനഞ്ചംഗ ഭരണസമിതിയിൽ യു.ഡി.എഫിന് എട്ടുപേരായി. എൽ.ഡി.എഫിന് ഭരണം നഷ്ടമായി.
2.നാട്ടിക പഞ്ചായത്തിലെ ഒമ്പതാം വാർഡ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തതോടെയാണ് ഭരണം യു.ഡി.എഫിലെത്തുന്നത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയായിരുന്നു എൽ.ഡി.എഫ് ഭരിച്ചിരുന്നത്. എൽ.ഡി.എഫ് 5, യു.ഡി.എഫ് 5, ബി.ജെ.പി 3 ആണ് നിലവിലെ കക്ഷിനില. ഉപതിരഞ്ഞെടുപ്പോടെ യു.ഡി.എഫ് സീറ്റ് ആറായി.
3.ഇടുക്കി കരിമണ്ണൂരിലെ പന്നൂർ വാർഡിൽ ഇടതുസ്വതന്ത്രനെ തോൽപ്പിച്ചതോടെയാണ് പഞ്ചായത്തിൽ യു.ഡി.എഫ് ഭരണത്തിലെത്തുന്നത്. 14 അംഗ പഞ്ചായത്തിൽ ഇതോടെ യു.ഡി.എഫിന് ഏഴ് സീറ്രായി. ജനാധിപത്യ കേരള കോൺഗ്രസ് അംഗം യു.ഡി.എഫിനെയാണ് പിന്തുണയ്ക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് ഫലം പാർട്ടി അടിസ്ഥാനത്തിൽ (നിലവിലെ സീറ്റ് ബ്രാക്കറ്റിൽ)
എൽ.ഡി.എഫ്.............. 11(15)
സി.പി.എം.......................9(14)
സി.പി.ഐ......................1(1)
കെ.സി.എം.....................1(0)
യു.ഡി.എഫ്................ 17(13)
കോൺഗ്രസ്..................14(12)
മുസ്ളീംലീഗ്...................... 3(1)
ബി.ജെ.പി ...................3(3)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |