തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. മലപ്പുറം മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. 42 വർഷമായി സിപിഎം തുടർച്ചയായി ജയിക്കുന്ന വാർഡായിരുന്നു. ഇവിടെ ഇരട്ട പദവിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് വാർഡ് മെമ്പറെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയിരുന്നു. തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
എന്നാൽ, മലപ്പുറത്തെ തന്നെ ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡ് കോൺഗ്രസിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഇത് കോൺഗ്രസ് സ്ഥിരമായി ജയിച്ചിരുന്ന സീറ്റായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനിലും തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലുമുള്ള രണ്ട് ഫലം കൂടി വരാനുണ്ട്. ഇവിടെ വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുകയാണ്. ഇവിടെ രണ്ടിടത്തും ജനപ്രതിനിധി മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
അതേസമയം, തൃശൂർ നാട്ടികയിൽ യുഡിഎഫ് അട്ടിമറി ജയം നേടി. ഇടുക്കിയിലെ കരിമണ്ണൂർ പഞ്ചായത്തും യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ പത്തിയൂർ പഞ്ചായത്തിലെ 12-ാം വാർഡിലും യുഡിഎഫിനാണ് വിജയം. പാലക്കാട് തച്ചമ്പാറ നാലാം വാർഡും കോൺഗ്രസ് പിടിച്ചെടുത്തു. കോട്ടയം അതിരമ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽ എൽഡിഎഫ് ആണ് വിജയിച്ചത്. കൊല്ലം പടിഞ്ഞാറേ കല്ലട അഞ്ചാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാർ പഞ്ചായത്ത് ആറാം വാർഡും മാടായി ആറാം വാർഡും എൽഡിഎഫ് നിലനിർത്തി. പത്തനംതിട്ട എഴുമറ്റൂർ അഞ്ചാം വാർഡിൽ ബിജെപിയാണ് ജയിച്ചത്. ഇത് കോൺഗ്രസ് സ്ഥിരമായി വിജയിച്ചിരുന്ന സീറ്റായിരുന്നു.
ഇതോടെ, തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കി കരിമണ്ണൂർ എന്നീ പഞ്ചായത്തുകളിൽ എൽഡിഎഫിന് തുടർഭരണം നഷ്‌ടമാകും. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |