ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ച ഒന്നാണ് നടനും നിർമാതാവുമായ ധനുഷും നടി നയൻതാരയും തമ്മിലുള്ള തർക്കം. 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെന്ററിയിൽ നടൻ നിർമിച്ച 'നാനും റൗഡി താൻ' എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെക്കുറിച്ച് ധനുഷിനെതിരെ തുറന്ന കത്തുമായി നയൻതാര രംഗത്തെത്തിയതാണ് തർക്കങ്ങൾക്ക് തുടക്കമായത്. അതിനുശേഷം സംഭവത്തിൽ നയൻതാര മൗനം പാലിച്ചിരുന്നു. ഇപ്പോഴിതാ ധനുഷിനെതിരെ തുറന്ന കത്തെഴുതാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
'സത്യം ഉള്ളയിടത്ത് മാത്രമേ ധൈര്യമുണ്ടാവുകയുള്ളൂ. ഞാൻ നുണകൾ കെട്ടിച്ചമയ്ക്കുകയാണെങ്കിൽ മാത്രമേ പേടിക്കേണ്ടതായുള്ളൂ. ഞാനത് ചെയ്യുന്നില്ലെങ്കിൽ ഭയക്കേണ്ട കാര്യവുമില്ല. ഞാനിപ്പോൾ സംസാരിച്ചില്ലെങ്കിൽ, കാര്യങ്ങൾ അതിരുകടന്നാൽ, ഇനിയൊരിക്കലും തങ്ങൾക്കുവേണ്ടി നിലകൊള്ളാൻ ആർക്കും ധൈര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. എനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ എന്തിന് പേടിക്കണം? ഞാൻ തെറ്റ് ചെയ്യുന്നെങ്കിൽ മാത്രമേ പേടിക്കേണ്ടതായുള്ളൂ. പബ്ളിസിറ്റിക്കുവേണ്ടി മറ്റൊരാളുടെ ഇമേജ് നശിപ്പിക്കാൻ ആഗ്രഹിക്കുന്നയാളല്ല ഞാൻ' -നയൻതാര വ്യക്തമാക്കി. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'ഡോക്യുമെന്ററിക്കായി ഒരു പബ്ളിസിറ്റി സ്റ്റണ്ടിന് വേണ്ടിയായിരുന്നില്ല ധനുഷിന് തുറന്ന കത്തെഴുതിയത്. ഡോക്യുമെന്ററി ഹിറ്റാകുമോ പരാജയപ്പെടുമോ എന്നതിലല്ല, മറിച്ച് നിങ്ങളിഷ്ടപ്പെടുന്ന ഒരാളെക്കുറിച്ച് കുടൂതൽ അറിയുന്നു എന്നതിലാണ് കാര്യം. ഞങ്ങളുടെ ജീവിതം, പ്രണയം, കുഞ്ഞുങ്ങൾ എന്നിവയെ സംഗ്രഹിക്കുന്ന നാല് വരികൾ മാത്രമാണ് നാനും റൗഡി താൻ എന്ന സിനിമയിൽ നിന്ന് ഡോക്യുമെന്ററിയിലേയ്ക്കായി ആഗ്രഹിച്ചത്'- താരം കൂട്ടിച്ചേർത്തു.
ഇതിനിടെ ധനുഷുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നുവെന്നും നടി അഭിമുഖത്തിൽ വെളിപ്പെടുത്തി. ധനുഷുമായി സംസാരിക്കുന്നതിനായി അദ്ദേഹത്തിന്റെ മാനേജറുമായി ബന്ധപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനിടെ എന്താണ് സംഭവിച്ചത് എന്നത് ചികയാനല്ല, മറിച്ച് നടനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചത്. കാരണം ഭാവിയിൽ കണ്ടുമുട്ടുമ്പോൾ പരസ്‌പരം ഹായ് പറയാനെങ്കിലും കഴിയണമെന്ന് നടി പറഞ്ഞു.
ഡോക്യുമെന്ററിയിൽ ഉപയോഗിച്ച സിനിമയിലെ ഭാഗം ക്രൂ അംഗമായ ഒരാൾ ചിത്രീകരിച്ച പിന്നാമ്പുറ രംഗമാണ്. പിന്നാമ്പുറ രംഗങ്ങൾ കരാറിന്റെ ഭാഗമല്ല, അതിനാൽ അത് ഔദ്യോഗിക ഫൂട്ടേജ് ആണെന്ന് പറയാനാവില്ല. ധനുഷ് പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നാണ് കരുതിയത്. എന്നാൽ ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതും നടൻ പരിധി വിടുകയായിരുന്നു. അത് അനീതിയാണെന്ന് തോന്നിയതിനാലാണ് നടനെതിരെ തുറന്ന കത്തെഴുതിയതെന്നും നയൻതാര വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |