ന്യൂഡൽഹി : 10 വർഷം പിന്നിട്ട മൂന്ന് പ്രത്യേക കവചിത വാഹനങ്ങളുടെ രജിസ്ട്രേഷൻ നീട്ടണമെന്ന്, പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. പത്തുവർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിൽ വിലക്കുണ്ട്. ഇക്കാര്യത്തിൽ ഇളവു വേണം. അഞ്ചുവർഷം കൂടി പ്രത്യേക കവചിത വാഹനങ്ങൾ ഓടിക്കാൻ അനുമതി നൽകണമെന്നും എസ്.പി.ജിയുടെ ഹർജിയിൽ ആവശ്യപ്പെട്ടു.
ഇന്നലെ ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിഷയം പരിഗണിച്ചപ്പോൾ, വാഹനങ്ങൾ എസ്.പി.ജിയൊരുക്കുന്ന സുരക്ഷാക്രമീകരണങ്ങളിൽ അതീവപ്രാധാന്യമുള്ളതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. അടിയന്തരമായി വാദംകേട്ട് തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു. ഡിസംബർ 16ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ദേശീയ ഹരിത ട്രൈബ്യൂണൽ ആവശ്യം തള്ളിയതിനെ തുടർന്നാണ് എസ്.പി.ജി സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |