നോട്ടീസ് പോലും നൽകാതെ തെലുങ്ക് സൂപ്പർതാരം അല്ലു അർജ്ജുനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനുള്ള തെലങ്കാന പൊലീസിന്റെ നീക്കത്തിന് മജിസ്ട്രേട്ട് കോടതി പച്ചക്കൊടി കാട്ടിയെങ്കിലും, ഹൈക്കോടതി ഇടപെട്ട് ഒഴിവാക്കിയത് സമയോചിതമായി. അല്ലെങ്കിൽ നടന്റെ ആരാധകരുടെ പ്രതിഷേധവും അതിനെ നേരിടാനുള്ള പൊലീസ് നടപടികളും കൂടുതൽ ജീവനുകൾ പൊലിയാനിടയാക്കിയേനെ. ഇന്ത്യ മുഴുവൻ ആരാധകരുള്ള നടനാണ് അല്ലു അർജ്ജുൻ. അദ്ദേഹം അഭിനയിച്ച് സൂപ്പർ ഹിറ്റായ 'പുഷ്പ" എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം രാജ്യമെമ്പാടും ഇപ്പോൾ പ്രദർശിപ്പിച്ചുവരികയാണ്. ചിത്രത്തിന്റെ കളക്ഷൻ ആയിരം കോടി കവിഞ്ഞു. ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിൽ ഡിസംബർ നാലിനു രാത്രി, ചിത്രത്തിന്റെ പ്രിമിയർ ഷോ കാണാൻ അല്ലു അർജ്ജുനും കുടുംബവും എത്തിയിരുന്നു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ്, 35-കാരിയായ രേവതി മരണമടയുകയും ഒമ്പതുവയസുള്ള മകൻ ശ്രീതേജയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അല്ലു അർജ്ജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ പ്രേക്ഷകരെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നും, ഇതേത്തുടർന്ന് പൊലീസിന് ലാത്തിവീശേണ്ടിവന്നുവെന്നും ഉള്ള പ്രോസിക്യൂഷൻ വാദമാണ് നമ്പള്ളി മജിസ്ട്രേട്ട് കോടതി അംഗീകരിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചുമുതൽ പത്തുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു. എന്നാൽ നരഹത്യാവാദം നിലനിൽക്കില്ലെന്നും നടനെ ഇങ്ങനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോയെന്നും നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് തെലങ്കാന ഹൈക്കോടതി ചോദിച്ചത് ശ്രദ്ധേയമായി. മരണമടഞ്ഞ രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നടൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലു അർജ്ജുന് രേവതിയുടെ മരണത്തിൽ നേരിട്ട് പങ്കില്ല. ആരാധകരെ നിയന്ത്രിക്കുന്നതിൽ പൊലീസിനും തെലങ്കാന സർക്കാരിനും സംഭവിച്ച വീഴ്ചയാണ് ഒരു യുവതിയുടെ മരണത്തിന് ഇടയാക്കിയത്.
ദൗർഭാഗ്യകരമായ ആ സംഭവത്തിൽ രേവതിയുടെ കുടുംബത്തെ സഹായിക്കാൻ നടൻ മുന്നോട്ടുവന്നിരുന്നു. അല്ലു അർജ്ജുൻ എന്തു തെറ്റാണ് ചെയ്തതെന്ന് ചോദിച്ച് കേന്ദ്ര സർക്കാരും പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്ഡിയുടെ പാർട്ടിയായ വൈ.എസ്.ആർ.സി.പിക്കു വേണ്ടി ആന്ധ്രയിൽ അല്ലു പ്രചാരണം നടത്തിയിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അല്ലു അർജ്ജുനോടുള്ള വിദ്വേഷം നാടകീയമായ ഈ അറസ്റ്റിനു പിന്നിലുണ്ടെന്ന് വിമർശനമുയർന്നിരുന്നു. സിനിമാതാരങ്ങൾ നിയമത്തിന് അതീതരല്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഇത് വ്യക്തമാക്കുന്നതാണ്. ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ജയിലിൽ ഹാജരാക്കാൻ വൈകിയതിനാൽ ഇന്നലെ പുലർച്ചെയോടെയാണ് അല്ലു അർജ്ജുന് ചഞ്ചൽഗുഡ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങാനായത്.
അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. സ്ക്രീനിൽ ആരാധിക്കുന്ന സൂപ്പർ താരത്തെ തിയേറ്ററിൽ നേരിൽക്കാണാൻ അവസരം ലഭിക്കുമ്പോൾ പ്രേക്ഷകർ സ്വാഭാവികമായും തിക്കും തിരക്കുമുണ്ടാക്കും. അതൊക്കെ നിയന്ത്രിക്കേണ്ടത് പൊലീസ് ആണെങ്കിലും സൂപ്പർ താരങ്ങൾ സ്വയം നിയന്ത്രണം പാലിക്കാനും തയ്യാറാകേണ്ടതാണ്. ചിത്രത്തിന്റെ പ്രചാരണാർത്ഥമാണ് തിയേറ്ററുകളിൽ എത്തുന്നതെന്നതിനാൽ അതിനെ എതിർക്കാൻ കഴിയില്ലായിരിക്കാം. എങ്കിലും ഇത്തരം സാഹചര്യങ്ങൾ പരമാവധി സംഘർഷരഹിതമാക്കാൻ താരങ്ങളും ശ്രദ്ധ പുലർത്തണം. അറിഞ്ഞുകൊണ്ട് ആരും അത്യാഹിതം വരുത്തിവയ്ക്കില്ലല്ലോ. സിനിമ ജനങ്ങളെ ഏറ്റവും ആകർഷിക്കുന്ന കലയാണ്. മാത്രമല്ല, കോടികളുടെ വ്യവസായരംഗം കൂടിയാണ്. ആ നിലയ്ക്ക് എല്ലാവരുടെ ഭാഗത്തുനിന്നും ജാഗ്രത ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |