തിരുവനന്തപുരം: ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ മിക്ക അപകടങ്ങൾക്കും പ്രധാനകാരണം. രാത്രിയുടെ അന്ത്യയാമങ്ങളിലെ ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കം നിയന്ത്രിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ രാത്രിയിൽ മണിക്കൂറുകളോളം വാഹനമോടിക്കുന്നത് വിവേകമല്ല. കഴിഞ്ഞദിവസം കോന്നിയിൽ നാലുജീവനെടുത്ത അപകടത്തിലെ വില്ലനും ഉറക്കമാണ്.
പുലർച്ചെ രണ്ടിനും അഞ്ചിനുമിടയിലാണ് ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങളേറെയും. ഉറക്കം കണ്ണിലെത്തുമ്പോൾ ഡ്രൈവിംഗിലെ നിയന്ത്രണം നഷ്ടപ്പെടും. തലച്ചോറും ഞരമ്പുകളും മരവിപ്പിലായതിനാൽ പ്രതികരണശേഷിയും കുറയും. ഉച്ചത്തിൽ പാട്ടുകേട്ടും പരസ്പരം സംസാരിച്ചും ഗ്ലാസ് താഴ്‌ത്തിയിട്ടുമൊക്കെ ഡ്രൈവർമാർ ഉറക്കമകറ്റാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഉറക്കത്തിന്റെ റാപ്പിഡ്-ഐ-മൂവ്‌മെന്റ് എന്ന ഘട്ടത്തിൽ ഒരു നിമിഷാർദ്ധം കണ്ണടച്ചുപോകും. ഈ ഘട്ടത്തിൽ കണ്ണുതുറന്നിരിക്കുകയായിരിക്കും,പക്ഷേ ഉറക്കമായിരിക്കും. അപ്പോൾ കാൽ മരവിപ്പിലായിരിക്കും. ആക്സിലറേറ്ററിൽ കാലമർത്താൻ സാദ്ധ്യതയേറും.
പകൽ ഉണർന്നിരിക്കാനും രാത്രിയിൽ ഉറങ്ങാനുമായി ക്രമീകരിക്കപ്പെട്ട ജൈവഘടികാരം (ബയോളജിക്കൽ ക്ലോക്ക്) നമ്മുടെ ശരീരത്തിലുണ്ട്. ഉറക്കം നിയന്ത്രിച്ച് വാഹനോടിക്കുമ്പോൾ ഇതിന്റെ താളംതെറ്റും. തുടർച്ചയായി എതിർദിശയിലെ വെളിച്ചമടിക്കുമ്പോൾ കണ്ണഞ്ചിക്കുന്നത് (ഗ്ലെയർ)കൂടും,രാത്രികാഴ്ച കുറയും. റോഡിലെ മീഡിയൻ,ഹമ്പ്, കുഴികൾ,കട്ടിംഗുകൾ, മുറിച്ചുകടക്കുന്ന ആളുകൾ എന്നിവ കാണണമെന്നില്ല. പെട്ടെന്നിവ കണ്ടാലും ആക്സിലറേറ്ററിൽ കാലമർത്താം,സിറ്റിയറിംഗ് പാളിപ്പോവാം.
ഉറക്കം, നാലുഘട്ടങ്ങളിൽ
ഘട്ടം-1
ചെറിയ മയക്കം. കണ്ണുകൾ ക്രമേണ അടഞ്ഞ് വിശ്രമാവസ്ഥയിലാവും. ബോധമനസായതിനാൽ വേഗംഉണരാം
ഘട്ടം-2
കണ്ണുകളുടെ ചലനം കുറഞ്ഞ് ഉറക്കം അഗാധമാവും. തലച്ചോറിൽ നിന്നുള്ള തരംഗപ്രവാഹം സാവധാനത്തിലാവും.
ഘട്ടം-3
ബോധമനസിന്റെ പ്രവർത്തനം നിലച്ചുതുടങ്ങും. തലച്ചോറിൽ നിന്നുള്ള ഡെൽറ്റാ തരംഗങ്ങളുടെ പ്രവാഹം ദുർബലം.
ഘട്ടം-4
ഗാഡനിദ്രയാവും. കണ്ണുകളുടെ ചലനം നിലയ്ക്കും. കണ്ണുതുറന്നിരുന്ന് നല്ല ഉറക്കത്തിലാവുന്നത് ഈ ഘട്ടത്തിലാണ്.
വേഗത കുറയ്ക്കണം
രാത്രിയിൽ ദൂരക്കാഴ്ച കുറവായതിനാൽ ബ്രേക്കിംഗ് എളുപ്പമാവില്ല. ശരാശരി വേഗമാണ് നല്ലത്.
ഉറങ്ങാതിരിക്കാൻ എതിർവാഹനങ്ങളുടെ ലൈറ്റിൽ നോക്കുന്നത് കണ്ണിന്റെ ക്ഷമത കുറയ്ക്കും.
വയറുനിറയെ ഭക്ഷണംകഴിച്ച് വാഹനമോടിക്കരുത്.
പുകവലി ഒഴുവാക്കുക
മയക്കമുണ്ടാക്കുന്ന മരുന്നുകൾ രാത്രിയാത്രയിൽ വേണ്ട
ഡ്രൈവിംഗിൽ ഉറക്കം വന്നാൽ വാഹനം നിറുത്തി അരമണിക്കൂറെങ്കിലും ഉറങ്ങിയശേഷം മുഖംകഴുകി യാത്രതുടരണം. ഉറക്കത്തെ അവഗണിക്കരുത്
-എസ്.ശ്യാംസുന്ദർ
ദക്ഷിണമേഖലാ ഐ.ജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |