മാനന്തവാടി: `മരണത്തിൽ നിന്നാണ് സാറെ ഞാൻ രക്ഷപ്പെട്ടത്. എന്നെ അവര് കൊന്നുകളയുമെന്ന് കരുതി.ഒപ്പമുളളവർ ബഹളം ഉണ്ടാക്കിയെത്തിയത് കൊണ്ട് മാത്രം ജീവൻ തിരിച്ച് കിട്ടി.എനിക്കിത് രണ്ടാം ജന്മമാണ്. റോഡിലൂടെ കാറിൽ വലിച്ച് കൊണ്ടുപോയപ്പോൾ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. അപ്പോഴും അവർ തെറി വിളിച്ച് ബഹളം വയ്ക്കുകയായിരുന്നു. കഴിഞ്ഞത് ഓർക്കാൻ പോലും പേടി തോന്നുന്നു. ജീവൻ തിരിച്ച് കിട്ടിയത് എന്റെ കുട്ടികളുടെ ഭാഗ്യം. '- ചെമ്മാട് ഉന്നതിയിലെ മാതൻ വേദന കടിച്ചമർത്തി വയനാട് മെഡിക്കൽ കോളേജിലെ സർജറി വാർഡിൽ വച്ച് പറഞ്ഞു.
ജോലി കഴിഞ്ഞാൽ കൂടൽക്കടവിലെ ബഷീർക്കയുടെ കടയിലാണ് ഉന്നതിയിലെ ആദിവാസികൾ സാധനങ്ങൾ വാങ്ങാൻ പോകാറ്. അപ്പോഴാണ് അറപ്പുളവാക്കുന്ന തെറി വിളിയുമായി കാറിൽ ഒരു സംഘം യുവാക്കളെത്തിയത്. കൂടൽക്കടവ് പുൽപ്പളളി റോഡിൽ വെയ്റ്റിംഗ് ഷെഡിന്റെ മുന്നിൽ കാർ നിർത്തിയിട്ട ശേഷമായിരുന്നു പരാക്രമം. ആരെയാണ് എന്തിനാണ് തെറി പറയുന്നതെന്നാണ് ആദിവാസികൾ ഇവരോട് ചോദിച്ചത്. ഉടൻ കല്ലെടുത്ത് ഇവർ എറിയാൻ തുടങ്ങി. വിവരം തിരക്കാനാണ് ഞാൻ കാറിന്റെ അടുത്തേക്ക് ചെന്നത്. എന്തെങ്കിലും ചോദിക്കുംമുമ്പേ അവർ പരാക്രമം കാട്ടുകയായിരുന്നു. ഇടതുകൈ കാറിന്റെ മുന്നിലെ ഡോറിലായിരുന്നു. ഈ സമയത്താണ് ഡോർ ശക്തിയോടെ അവർ അടച്ചത്. ഇടതുകൈയുടെ പെരുവിരൽ ഡോറിനുളളിലായി. വേദന കൊണ്ട് നിലവിളിച്ചെങ്കിലും അവർ അതിവേഗത്തിൽ കാർ ഓടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |