SignIn
Kerala Kaumudi Online
Thursday, 02 January 2025 8.01 PM IST

സ്വപ്‌നങ്ങൾ ലോകത്തെ മാറ്റിമറിക്കും കാലം സംരംഭകരുടെ കാലം...

Increase Font Size Decrease Font Size Print Page
k

ഇതൊരു വസന്തകാലമാണ്. മറ്റുള്ളവർ പരിഹസിക്കുമോ എന്നു പേടിച്ച് മനസിലൊളിപ്പിച്ചിരുന്ന ആശയങ്ങൾ വിറ്റ് ലക്ഷങ്ങൾ കൊയ്യുന്നവരുടെ കാലം! വെല്ലുവിളികളെ തീക്ഷ്ണമായ സ്വപ്നങ്ങളും കഴിവും ആത്മവിശ്വാസവും കൊണ്ട് മാറ്റിമറിക്കുന്ന സംരംഭകരുടെ കാലം. ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ പരമോന്നത പുരസ്‌കാരമടക്കം സ്വന്തമാക്കി കേരളം വിജയഗാഥ തുടരുകയാണ്. സ്റ്റാർട്ടപ്പ് മിഷനിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത് 5000-ത്തിലധികം സംരംഭങ്ങളാണ്. ചടുലമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയും നൂതന ഇൻകുബേഷൻ സംവിധാനങ്ങളും നിക്ഷേപ സാദ്ധ്യതകളുമൊരുക്കി മുന്നേറുന്ന സ്റ്റാർട്ടപ്പ് മിഷന്റെ സി.ഇ.ഒ അനൂപ് അംബിക പുതിയ പ്രതീക്ഷകളെക്കുറിച്ച് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

? രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാർട്ടപ്പ് ഫെസ്റ്റായ ഹഡിൽ ഗ്ലോബലിന്റെ ആറാം പതിപ്പ് വിജയകരമായല്ലോ. ഹഡിലിന്റെ വിജയമന്ത്രം.

സാധാരണ ബിസിനസ് കോൺക്ലേവുകൾ ഹോട്ടൽ മുറികളിലാവും നടത്തുന്നത്. ഒരു പാനൽ ഡിസ്കഷൻ നടക്കും. ചിലർ സംശയങ്ങൾ ചോദിക്കും, ഭക്ഷണം കഴിക്കും, പിരിയും. ഇതിൽ നിന്ന് വ്യത്യസ്തമായി പരസ്പരം ആശയവിനിമയം നടത്തി, അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള വേദിയാണ് ഹഡിൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഹഡിൽ ആരംഭിക്കുന്നത്. ഫിൻലാൻഡിൽ മൈനസ് നാല് ഡിഗ്രി കൊടുംതണുപ്പിൽ നടത്തുന്ന 'സ്ലഷ്" എന്ന ഇവന്റിൽ നിന്നാണ് ഹഡിലിന്റെ ആശയം ഉദിക്കുന്നത്. ഈ ആശയത്തെ നമ്മുടെ കടൽത്തീരത്തേക്ക് പറിച്ചുനടുകയായിരുന്നു.

?​ അടുത്ത ഹഡിൽ വ്യത്യസ്തമായിരിക്കുമോ.

ഇക്കുറി കോവളത്തെ ഹോട്ടലിൽ നടത്തിയതുകൊണ്ട് കുറച്ച് പരിമിതകൾ ഉണ്ടായിരുന്നു. കഴിഞ്ഞവർഷം അടിമലത്തുറ കടൽത്തീരത്തായിരുന്നു. കടലിനോട് മനുഷ്യർക്ക് വൈകാരികമൊയൊരു അടുപ്പമുണ്ട്. സമ്മർദ്ദഘട്ടങ്ങളിൽ അത് സാന്ത്വനമേകുന്നു. അടുത്ത വർഷം പൂർണമായും കടൽത്തീരത്ത് നടത്തണമെന്നാണ് ആഗ്രഹം.

?​ ഒരുകൂട്ടം ചെറുപ്പക്കാർ ഒന്നുമില്ലായ്മയിൽ നിന്നാണ് സ്റ്റാർട്ടപ്പ് വില്ലേജ് ആരംഭിച്ചത്. അവിടെ നിന്ന് സ്റ്റാർട്ടപ്പ് മിഷനിലേയ്ക്കുള്ള ദൂരം...

സ്റ്റാർട്ടപ്പ് മിഷന്റെയും കേരളത്തിന്റെ സംരംഭക രംഗത്തിന്റെയും വളർച്ചയിൽ സ്റ്റാർട്ടപ്പ് മിഷന്റെ ആദ്യ രൂപമായ സ്റ്റാർട്ടപ്പ് വില്ലേജ് വലിയ പങ്കു വഹിച്ചിട്ടുണ്ട്. അന്ന് ഞാനൊരു സ്റ്റാർട്ടപ്പ് നടത്തുകയായിരുന്നു. അതുകൊണ്ട് അതിന്റെ ഓരോ ഘട്ടവും അടുത്തറിഞ്ഞിട്ടുണ്ട്. ഒരു കമ്പനി തുടങ്ങുകയാണെന്നു പറയുമ്പോൾ ബന്ധുക്കൾ നെറ്റിചുളിക്കുന്ന കാലമായിരുന്നു. അതിൽ നിന്ന് ഇന്നുണ്ടായ സാമൂഹികമായ മാറ്റത്തിന് സ്റ്റാർട്ടപ്പ് മിഷന്റെ പങ്ക് ചെറുതല്ല. ലോകോത്തര കമ്പനികൾ കേരളത്തിൽ നിന്ന് ഉയർന്നുവരുന്നതിനും സ്റ്റാർട്ടപ്പ് മിഷൻ കാരണമായി.

?​ സ്റ്റാർട്ടപ്പ് മിഷൻ സമീപഭാവിയിൽ ശ്രദ്ധ ചെലുത്തുന്ന രംഗങ്ങൾ....

ഇതിനായി അഞ്ചു മേഖലകൾ തിരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ക്യാപ്പിറ്റൽ ആക്കുന്നതാണ് ലക്ഷ്യം. അതത്ര എളുപ്പമല്ല. വർഷങ്ങളെടുക്കുന്ന ആ പ്രക്രിയയിൽ മൂലധനം ആര്,​ എങ്ങനെ എത്തിക്കുമെന്നത് നിർണായകമായ ചോദ്യമാണ്. ബഹിരാകാശം, ഹെൽത്ത് കെയർ ആൻഡ് ലൈഫ് സയൻസസ്, ഫുഡ് ആൻഡ് അഗ്രികൾച്ചർ, എ.വി.ജി.സി (ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് ഗെയിമിംഗ് ആൻഡ് കോമിക്സ്), ഊർജസംരക്ഷണം തുടങ്ങിയ രംഗങ്ങളിൽ ഏയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റ് സൃഷ്ടിച്ച് കേരളത്തെ എമേർജിംഗ് ടെക്നോളജി ഹബ്ബാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

?​ സർക്കാർ ഉദ്യോഗസ്ഥന്റെ ഗ്ലാമറാണല്ലോ ഇപ്പോൾ സംരംഭകന്...

 സർക്കാർ ജോലിക്കു മാത്രമാണ് ഗ്ലാമർ എന്നു വിശ്വസിക്കുന്നവർ ഇന്നുമുണ്ട്. എന്നാൽ തലമുറകൾ മാറുന്നതിനനുസരിച്ച് ആ ചിന്താഗതിക്ക് മാറ്റം വരുന്നുണ്ട്. എനിക്ക് പരിചയമുള്ള ഇരട്ട പെൺകുട്ടികളുടെ അവസ്ഥ ഇതാണ്. ഒരാൾ നാട്ടിലെ ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ ആണ്. മറ്റേയാൾ ഞങ്ങൾ നടത്തിക്കൊണ്ടിരുന്ന കമ്പനിയിൽ ജോലി ചെയ്തിരുന്നു. അവൾ മൂന്നുവർഷം കൊണ്ട് ഒരുലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങി. ഗസ്റ്റ് ലക്ചറർക്ക് പതിനയ്യായിരത്തിൽ താഴെയായിരുന്നു ശമ്പളം. എന്നാൽ, പള്ളിയിൽ പോകുമ്പോൾ ഇവരുടെ അമ്മ അഭിമാനത്തോടെ പറയുന്നത് അദ്ധ്യാപികയായ മകളെക്കുറിച്ചാണ്. മക്കളെ മാതാപിതാക്കൾ മനസിലാക്കുന്നതിലാണ് കാര്യം.

അടുത്തിടെ കുറച്ചു വിദ്യാർത്ഥികൾ എന്നെ കാണാൻ വന്നിരുന്നു. സ്വിഗി, സൊമാറ്റോ ഉൾപ്പെടെയുള്ള ഗിഗ് തൊഴിൽമേഖലയെ ഫാഷണബിൾ ആക്കാൻ സ്റ്റാർട്ടപ്പ് മിഷന് എന്തെങ്കിലും ചെയ്യാമോ എന്നാണ് അവരെന്നോട് ചോദിച്ചത്. ഹോട്ടലിൽ വെയിറ്ററായി നിൽക്കുന്നതും ഭക്ഷണം ഡെലിവറി ചെയ്യുന്നതും കുറച്ചിലാണെന്ന് ചിന്തിക്കുന്നതിലാണ് പ്രശ്നം. മൂന്നുമാസം ശമ്പളം കിട്ടിയില്ലെങ്കിൽ സർക്കാർ ജോലിക്കും ഗ്ലാമർ ഉണ്ടാകില്ലല്ലോ.

?​ പ്രതിരോധ മേഖലയിലെ സംരംഭങ്ങൾക്ക് മികച്ച സാദ്ധ്യതകളാണോ.

പ്രതിരോധ മേഖലയിലെ സഹകരണത്തിന് കേരള ഡിഫൻസ് ഇന്നൊവേഷൻ സോൺ (കെ.ഡി.ഐ.ഇസഡ്) ആരംഭിക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷൻ ഡി.ആർ.ഡി.ഒയുമായി രണ്ട് സുപ്രധാന ധാരണാപത്രങ്ങൾ അടുത്തിടെ കൈമാറിയിരുന്നു. സാങ്കേതികവിദ്യയും പ്രതിരോധ മേഖലയും തമ്മിലുള്ള അന്തരം കുറച്ച്,​ സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേറ്റർമാർക്കും പ്രതിരോധ- എയ്റോസ്പേസ് മേഖലയിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഇത് വഴിയൊരുക്കും. അണ്ടർവാ‌ട്ടർ ഡ്രോണുകൾ, ഓട്ടോണമസ് വാഹനങ്ങൾ തുടങ്ങിയവയിൽ വലിയ അവസരങ്ങളാണുള്ളത്.

കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ ഏറ്റവുമധികം ചെലവിടുന്നതും പ്രതിരോധ മേഖലയിലാണല്ലോ. ഡിഫൻസ് ഇന്നൊവേഷൻ സോൺ നിർമ്മിക്കുന്നത് സേനയിലേക്ക് ഉത്പന്നങ്ങൾ എത്തിക്കാനാണ്. ഒരു സ്റ്റാർട്ടപ്പ് പുതിയൊരിനം റിവോൾവർ കണ്ടുപിടിച്ചാൽ എവിടെ ടെസ്റ്റ് ചെയ്യും? വീട്ടിലും നാട്ടിലും പറ്റില്ലല്ലോ. അതിനുള്ള സോണാണ് ഇത്.

?​ എപ്പോഴാണ് ഒരു സംരംഭം തുടങ്ങേണ്ടത്?എപ്പോഴാണ് ശ്രമം മതിയാക്കേണ്ടത്.

സംരംഭത്തോടുള്ള അഭിനിവേഷമാണ് പ്രധാനം. നേടിയെടുക്കണമെന്ന ആഗ്രഹം വിഭവശേഷിയെക്കാൾ വലുതാണെങ്കിൽ അതാണ് സംരംഭം തുടങ്ങേണ്ട സമയം. പണവും സ്ഥലവുമെല്ലാം പിന്നാലെ വരും. കാശ് തീരുമ്പോൾ വണ്ടിപൂട്ടി വീട്ടിലേക്കു പോകണം എന്നാണ് സംരംഭം അവസാനിപ്പിക്കുന്നതിനെപ്പറ്റി പണ്ടുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ, എന്റെ അഭിപ്രായത്തിൽ മനസ് മടുക്കുമ്പോഴാണ് നിറുത്തേണ്ടത്. സംരംഭത്തെ വൈകാരികമായി സമീപിച്ച് വർഷങ്ങൾ പാഴാക്കുന്നവരുണ്ട്. കടം വാങ്ങുന്നത് തെറ്റല്ല. എന്നാൽ, ഒന്നിലധികം പേരിൽ നിന്ന് കടം വാങ്ങി, ഒരെണ്ണം അടച്ചുതീർക്കാൻ മറ്റൊരാളിൽ നിന്ന് കടം വാങ്ങി... അങ്ങനെ അത് അവസാനിക്കാത്ത സൈക്കിളായി മാറുന്നത് അപകടകരമാണ്.

?​ വനിതാ സംരംഭകർക്ക് 'എലിവേറ്റ് ഹെർ" പോലുള്ള പരിപാടികൾ നടത്തുന്നുണ്ട്. അവർക്ക് ഇപ്പോഴും സംരംഭക മേഖലയിൽ ഗ്ലാസ് സീലിംഗ് (ഇൻവിസിബിൾ ബാരിയേഴ്സ്)​ ഉണ്ടോ.

ഉണ്ടെന്നു തന്നെ കരുതണം. ഒരു സ്ത്രീ സംരംഭകയായാൽ അവരുടെ അച്ഛന് ഇൻസെന്റീവ് കൊടുക്കണമെന്നുള്ള വിചിത്ര നിർദ്ദേശങ്ങൾ വരെ കേട്ടിട്ടുണ്ട്. ഫാബ് അക്കാഡമി,​ ടിങ്കർ ഹബ് എന്നൊരു പരിപാടി നടത്തിയതിൽ 200 പെൺകുട്ടികൾ പങ്കെടുത്തു. പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ പ്രിവിലേജ് ഉണ്ടെന്ന് എത്ര പേർ വിശ്വസിക്കുന്നുണ്ടെന്ന് അവരോട് ചോദിച്ചു. ഒരാളൊഴികെ ബാക്കി എല്ലാവരും കൈപൊക്കി. കൈപൊക്കാത്തത് ഒരു കുട്ടിയുടെ അമ്മയായിരുന്നു. ചിന്തിക്കുന്നതിലും പ്രവർത്തിക്കുന്നതിലും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും തുല്യതയും സ്വാതന്ത്ര്യവും വരുമ്പോഴേ സ്ത്രീ ശാക്തീകരണം പൂർത്തിയാകുകയുള്ളു.

?​ കോവർക്കിംഗ് സ്പേസ് എന്ന ആശയം കേരളത്തിലും പച്ചപിടിക്കുന്നു...

കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ എന്നിവർ ഒരേ സ്‌പേസിൽ ഇരുന്ന് ജോലി ചെയ്യുന്ന സ്ഥലങ്ങളാണ് കോവർക്കിംഗ് സ്പേസുകൾ. ഇന്റർനെറ്റ്, ഫർണിച്ചറുകൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവ ഇവർക്ക് പങ്കിടാം. പ്രാരംഭ ഘട്ടത്തിലുള്ള സംരംഭകർക്ക് ചെലവ് ചുരുക്കാം. ടെക്നോപാർക്കിലും അതിനു പുറത്തും ഇപ്പോൾ കോവർക്കിംഗ് സ്പേസുകൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ സ്ഥലമാണെങ്കിൽ സ്റ്റാർട്ടപ്പ് മിഷനും പങ്കാളിയാകും.

?​ അടുത്ത ലക്ഷ്യം.

ലോകമറിയുന്ന 100 കമ്പനികളെങ്കിലും കേരളത്തിൽ നിന്ന് ഉണ്ടാവണം. മികച്ച കമ്പനികൾ കേരളത്തിലേക്കും വരണം. അതിനുള്ള അവസരങ്ങൾ സൃഷ്ടിച്ച് സ്റ്റാർട്ടപ്പ് മിഷൻ ഒപ്പമുണ്ടാകും.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.