കൽപ്പറ്റ: ആദിവാസിയെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെയും പിടികൂടി. പനമരം താഴെപുനത്തിൽ ടി.പി.നബീൽ കമർ, പനമരം കുന്നുമ്മൽ കെ.വിഷ്ണു എന്നിവരെയാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ കോഴിക്കോട് വച്ച് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ.സുരേഷിന്റെ നേതൃത്വത്തിലുളള സംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ വയനാട്ടിൽ എത്തിച്ചു.
ഇവർക്കായി വ്യാപക തെരച്ചിലാണ് നടത്തിയത്. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. മാനന്തവാടിക്കടുത്ത പയ്യമ്പളളി കൂടൽക്കടവ് ചെമ്മാട് ഉന്നതിയിലെ മാതനാണ് ആക്രമണത്തിനിരയായത്. മാതൻ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സഞ്ചാരികൾ തമ്മിലുളള സംഘർഷം അന്വേഷിക്കാൻ ചെന്നപ്പോഴാണ് പ്രദേശവാസിയായ മാതന്റെ കൈയിൽ ബലമായി പിടിച്ച് കാർ ഓടിച്ചുപോയത്. കണിയാമ്പറ്റ പച്ചിലക്കാട് പടിക്കംവയൽ കക്കാറക്കൽ അഭിരാം കെ സുജിത്, പനമരം പച്ചിലക്കാട് പുത്തൻപീടികയിൽ മുഹമ്മദ് അർഷിദ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നാലുപേരാണ് പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |