ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെട്ട് നമ്മുടെ കലാലയങ്ങൾ അക്രമത്തിന്റെ വേദികളാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദിവസങ്ങൾക്കു മുൻപ് കണ്ണൂർ തോട്ടട ഐ.ടി.ഐ.യിൽ നടന്നത്. കൊടിമരം സ്ഥാപിച്ചതിന്റെ പേരിൽ നടന്ന അസഹിഷ്ണുത കലാപത്തിൽ കലാശിച്ചപ്പോൾ ഒരു വിദ്യാർത്ഥിയുടെ നട്ടെല്ല് തകർന്നു. അക്രമം അഴിഞ്ഞാടുന്ന ക്യാമ്പസുകൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കൂടി ഇടമായി പരിണമിക്കുകയാണ്.
വലിയ തരത്തിലുള്ള മാനസിക പീഡനങ്ങളാണ് ക്യാമ്പസുകളിലെ അതിശക്തരായ സംഘടനകളിൽ നിന്ന് ഇതര വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഭാഗമായി നിൽക്കുന്നവർ നേരിടേണ്ടി വരുന്നത്. 18 വയസ് തികഞ്ഞവർക്ക് വോട്ടവകാശമുള്ള നാട്ടിൽ ആ പ്രായം പിന്നിട്ട വിദ്യാർത്ഥികൾക്ക് രാഷ്ട്രീയം അരുതെന്നു പറയുന്നത് ശരിയല്ല. പക്ഷേ ആ രാഷ്ട്രീയത്തിൽ ജനാധിപത്യ ബോധമില്ലെങ്കിൽ കാര്യങ്ങൾ അരാജകമാകും എന്നതാണ് തോട്ടട ഐ.ടി.ഐ. സംഭവങ്ങളിലൂടെ വെളിവാകുന്നത്. ഇവിടെ വിദ്യാർത്ഥി രാഷ്ട്രീയം പേശീബല രാഷ്ട്രീയമായി തരം താഴുന്നു. ഇത് ജനാധിപത്യപരമല്ല, മറിച്ച് ഗുണ്ടാധിപത്യപരമാണ്.
ആശങ്കയിൽ രക്ഷിതാക്കൾ
മക്കൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് അറിയില്ലെന്നാണ് സംഘർഷം പുറത്തറിഞ്ഞപ്പോൾ മിക്ക രക്ഷിതാക്കളുടെയും പ്രതികരണം. അടിയന്തരമായി രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണമെന്ന് തോട്ടട ഗവ. ഐ.ടി.ഐ. അദ്ധ്യാപക രക്ഷാകർതൃസമിതി പ്രസിഡന്റ് ഷാജി പി. മുഴപ്പിലങ്ങാട് ആവശ്യപ്പെട്ടു. സംസ്ഥാനത്തുതന്നെ മികച്ച ഐ.ടി.ഐ.കളിൽ ഒന്നായ സ്ഥാപനത്തെ രാഷ്ട്രീയ സംഘർഷം ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
80 ശതമാനം ഹാജരില്ലെങ്കിൽ പരീക്ഷയെഴുതാനാവില്ലെന്ന നിയന്ത്രണം ശക്തമായി നടപ്പാക്കിയിരുന്നതിനാൽ ക്ലാസ് നഷ്ടപ്പെടുത്തുന്ന സമരങ്ങളും മറ്റും മുൻപ് കുറവായിരുന്നു. ഹാജർ പരിഗണിക്കാതെ എല്ലാവരെയും പരീക്ഷയെഴുതിപ്പിക്കണമെന്ന നിർദ്ദേശം ഡയറക്ടറേറ്റിൽ നിന്നുതന്നെ വന്നതോടെ ഇക്കാര്യത്തിലും മാറ്റം വന്നു.
കൊടിമരത്തിന്റെ പേരിൽ
എസ്.എഫ്.ഐ. കാലങ്ങളായി ആധിപത്യം പുലർത്തുന്ന കലാലയത്തിൽ കെ.എസ്.യുവും എ.ബി.വി.പിയും സാന്നിദ്ധ്യമറിയിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കെ.എസ്.യു യൂണിറ്റ് സ്ഥാപിച്ചതോടെ ഇവിടെ നിരന്തരം സംഘർഷം അരങ്ങേറുകയാണ്. പൊലീസെത്തിയാണ് പലപ്പോഴും സ്ഥിതി നിയന്ത്രിച്ചിരുന്നത്. ഇതേത്തുടർന്ന് കോളേജിൽ പഠിപ്പ് മുടങ്ങുന്നതും പതിവായിരുന്നു. കൊടിമരം സ്ഥാപിക്കുന്നതിന് കെ.എസ്.യു. നടത്തുന്ന ശ്രമങ്ങൾ തടയുന്നതിനുള്ള തീവ്രശ്രമമായിരുന്നു എസ്.എഫ്.ഐ. നടത്തിയതെന്നാണ് ആരോപണം. രണ്ടുതവണ എടക്കാട് പൊലീസ് ഇതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനായി ഐ.ടി.ഐ.യിൽ എത്തിയതായി പൊലീസ് പറഞ്ഞു. കെ.എസ്.യു കൊടിമരം പിഴുതതിനെ തുടർന്ന് കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായിരുന്നു സംഘർഷം. ഇതിനിടെ തിരഞ്ഞെടുപ്പ് നാമനിർദ്ദേശം നൽകാനും പ്രിൻസിപ്പാളിനെ കാണാനും പുറത്തുനിന്നുള്ള കെ.എസ്.യു പ്രവർത്തകരുമെത്തി. ഇവരുടെ നേതൃത്വത്തിൽ കൊടിമരം സ്ഥാപിക്കാൻ ശ്രമിച്ചതോടെ എസ്.എഫ്.ഐ പ്രതിരോധിക്കാനിറങ്ങി. കെ.എസ്.യു പ്രവർത്തകൻ വീണ്ടും കൊടിമരം കെട്ടുകയും എസ്.എഫ്.ഐ അത് ഊരിമാറ്റുകയും ചെയ്തതോടെ സംഘർഷത്തിനിടയാക്കിയത്. തുടർന്ന് കോളേജിനുള്ളിൽ തുടങ്ങിയ കൈയാങ്കളി കോളേജിന്റെ പുറത്തേക്കും നീണ്ടു. പൊലീസ് ഇടപെട്ടെങ്കിലും സംഘർഷം നിയന്ത്രിക്കാനാവാതെ വന്നതോടെ ലാത്തിവീശി. സംഘർഷത്തിൽ കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിയും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റുമായ സി.എച്ച് മുഹമ്മദ് റിബിനാണ് നട്ടെല്ലിന് പരിക്കേറ്റത്. 20ന് നടക്കുന്ന യൂണിയൻ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പണത്തിന് മുന്നോടിയാണ് സംഘർഷമുണ്ടായത്. സംഘർഷം കാരണം തിരഞ്ഞെടുപ്പു മാറ്റി. മുൻപ് ഐ.ടി.ഐ.യിൽ പ്രവേശനം നേടിയ കെ.എസ്.യു. അനുഭാവിയായ വിദ്യാർത്ഥിയുടെ ചെവി അടിച്ച് പൊട്ടിച്ച സംഭവവുമുണ്ടായിട്ടുണ്ട്.
മികച്ച പശ്ചാത്തല സൗകര്യങ്ങൾ
സംസ്ഥാനത്തെ 17 മേജർ ഐ.ടി.ഐ.കളിൽ ഒന്നാണിത്. 21 ട്രേഡുകളിലായി 1300 വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ നിരവധി പേർക്കാണ് തൊഴിൽ ലഭിച്ചത്. 1300 സീറ്റുകളിലേക്ക് ഏഴായിരത്തിനടുത്ത് അപേക്ഷകളാണ് ഇത്തവണ പ്രവേശനത്തിന് കിട്ടിയത്. ക്യാമ്പസിലെ തൊഴിൽമേളയിൽ ഇത്തവണ 265 പേർക്കാണ് നിയമനം കിട്ടിയത്. 70 ശതമാനത്തിന് മുകളിലാണ് ഇവിടുത്തെ പ്ലേസ്‌മെന്റ് നിരക്ക്. ബെംഗളൂരുവിൽനിന്നുള്ള ഓട്ടോമോട്ടീവ് കമ്പനികൾ നേരിട്ടെത്തിയും പലതവണ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്ത പാരമ്പര്യവും ഐ.ടി.ഐ.ക്കുണ്ട്. 10 സ്മാർട്ട് ക്ലാസ്മുറികൾ സ്ഥാപനത്തിലുണ്ട്. നിലവിലുള്ള ട്രേഡുകൾക്ക് പുറമെ അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോളാർ ടെക്നീഷ്യൻ കോഴ്സ് എന്നിവ ഉടൻ തുടങ്ങാനുള്ള പദ്ധതിയുണ്ട്.
ക്ലാസുകൾ തുടങ്ങി,
സ്ഥിതി ശാന്തമല്ല
സംഘർഷത്തെ തുടർന്ന് ദിവസങ്ങളോളം അടച്ചിട്ട തോട്ടട ഗവൺമെന്റ് ഐ.ടി.ഐയിൽ ക്ലാസുകൾ പുനരാരംഭിച്ചു. കഴിഞ്ഞ 11ന് അടച്ചിട്ട കോളേജിൽ 18 മുതലാണ് വീണ്ടും ക്ലാസുകൾ ആരംഭിച്ചത്. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ സർവ്വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് കോളേജ് തുറന്നത്. എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം, കോംപൗണ്ടിൽ കൊടിയോ തോരണങ്ങളോ പാടില്ല, സംഘടനാ പ്രവർത്തനങ്ങളിൽ പുറത്ത് നിന്നുള്ളവർ ഇടപെടാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ക്ലാസുകൾ ആരംഭിച്ചത്.
ഇവിടെ നിരന്തരമുണ്ടാകുന്ന കെ.എസ്.യു- എസ്.എഫ്.ഐ രാഷ്ട്രീയ തർക്കത്തിൽ വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം നഷ്ടമാകുന്നുവെന്ന് രക്ഷിതാക്കൾ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഇത് പരിഹരിക്കാൻ കോളേജ് അധികൃതരും രാഷ്ട്രീയ പാർട്ടികളും പൊലീസും ഇടപെടണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് എ.സി.പിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നത്. ക്യാമ്പസിൽ ഇപ്പോഴും സംഘർഷ സാദ്ധ്യത നിലനിൽക്കുന്നുണ്ട്.
പൊലീസ് നീക്കത്തിൽ പ്രതിഷേധം
സംഘർഷത്തെ തുടർന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കാത്ത പ്രവർത്തകനെതിരെയും കേസെടുത്തതായി കെ.എസ്.യു ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി അർജ്ജുനെതിരൈയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം ടൗൺ പൊലീസ് കേസെടുത്തത്. ഐ.ടി.ഐ സംഘർഷത്തിനിടെ പരിക്കേറ്റ അർജ്ജുൻ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |