ശബരിമല : മണ്ഡലപൂജയ്ക് ഉണ്ടാകുന്ന തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എ.ഡി.എം അരുൺ എസ്.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. 22മുതൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലപൂജ, തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന എന്നിവയ്ക്ക് പുറമേ സ്കൂൾ അവധിക്കാലം കൂടി പരിഗണിച്ച് കൂടുതൽ ഭക്തർ മലകയറും. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ തുടരണമെന്നും വിശേഷ ദിവസങ്ങളിലെ ഭക്തജനത്തിരക്ക് പരിഗണിച്ച് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും വിവിധ വകുപ്പ് പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.
കൊപ്രാക്കളത്തിലെ ഷെഡ്‌ഡിൽ കഴിയുന്ന 30 ഓളം തൊഴിലാളികളുടെ താമസത്തിന് അടുത്തുള്ള ഹാളിൽ സൗകര്യം ഏർപ്പെടുത്തി. ഇവിടുത്തെ കൊപ്രയും ചിരട്ടകളും മണ്ഡല പൂജയ്ക്കുശേഷം നട അടയ്ക്കുന്ന ദിവസങ്ങളിൽ മാറ്റും. സിവിൽ ദർശനത്തിന്റെ വഴി വ്യക്തമായി സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കും. സോപാനത്ത് മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ വിവിധ ഭാഷകളിൽ ഇലക്ട്രോണിക് ഡിസ്പ്ളേ വഴിയും നിരോധന വിവരം കാണിക്കും. തിരക്ക് കണക്കിലെടുത്ത് ഹോട്ടലുകൾ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ ശേഖരിക്കുന്നത് തടയാൻ അഗ്നിശമനസേന എല്ലാ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകും. ട്യൂബ് ലൈറ്റുകൾ കത്താത്തത് പരിഹരിക്കും. ശരംകുത്തി വഴിയിൽ ക്യു കോംപ്ലക്സിലെ മൂത്രപ്പുര നന്നാക്കും. മാളികപ്പുറം ക്യു കോംപ്ലക്സിന്റെ ഭാഗത്ത് കൂട്ടിയിട്ട ആക്രി ഉടൻ നീക്കും. നടപ്പന്തലിൽ വയോജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകവരി വ്യക്തമാക്കുന്ന ബോർഡ് പുന:സ്ഥാപിക്കും. വിരികളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളില്ലെന്ന് ഉറപ്പിക്കും. വിരികളിൽ നിന്ന് പുറത്തേക്കുള്ള വഴികളുടെ എണ്ണം കൂട്ടും. ഉന്നതതല യോഗത്തിൽ സന്നിധാനം സ്പെഷൽ ഓഫീസർ ബി.കൃഷ്ണകുമാർ, ജി.എസ്.ഒ ഉമേഷ് ഗോയൽ, റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഡെപ്യൂട്ടി കമാൻഡന്റ് ജി.വിജയൻ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി.മുരാരി ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
സുരക്ഷ ശക്തമാക്കും
1. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പുറത്തേക്കുള്ള വഴികൾ എല്ലായ്പ്പോഴും തുറന്നിടുകയും നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്യും.
2. ഹോട്ടലുകൾ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ ശേഖരിക്കുന്നത് തടയാൻ അഗ്നിശമനസേന എല്ലാ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകും.
3. ശരംകുത്തി ഭാഗത്ത് ജല അതോറിറ്റിയുടെ രണ്ട് ടാങ്കുകൾ നിരീക്ഷിക്കാൻ സി.സി ടി.വി സ്ഥാപിക്കും.
4. നടപ്പന്തലിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിൽ തീർത്ഥാടകരെ കൂട്ടമായി കടത്തിവിടുമ്പോൾ കൂട്ടത്തിലുള്ളവർ ഞെരുങ്ങാതെ സുഗമസഞ്ചാരം പൊലീസ് ഉറപ്പാക്കും
5. പമ്പയിലെ എൻ.ഡി.ആർ.എഫിന്റെ സ്ട്രച്ചർ സംഘത്തെ സന്നിധാനത്ത് നിയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |