മലപ്പുറം: മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ജില്ലയിൽ ഡെങ്കിപ്പനിയുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു. ഈ മാസം ഇതുവരെ ഡെങ്കി ലക്ഷണങ്ങളോടെ 163 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 31 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കേസുകൾ കൂടുതലാണ്. ഡെങ്കി കൊതുകിന്റെ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. മുതുവല്ലൂർ - 4, മഞ്ചേരി - 4, തൃക്കലങ്ങോട് - 3 എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പാണ്ടിക്കാട്, അമരമ്പലം, നെടിയിരുപ്പ്, ആനക്കയം, കുഴിമണ്ണ, മങ്കട, കാവന്നൂർ, കരുളായി, കോഡൂർ, പൂക്കോട്ടൂർ, തുവ്വൂർ, പോരൂർ, ചെമ്മലശ്ശേരി, മലപ്പുറം, പൂക്കോട്ടൂർ, ഊർങ്ങാട്ടിരി എന്നിവിടങ്ങളിലാണ് ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനമാർഗ്ഗം കൊതുകിന്റെ ഉറവിട നശീകരണമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.
ഇവ ഡെങ്കി സ്പോട്ടുകൾ
മുനിസിപ്പാലിറ്റികളായ മഞ്ചേരി, പെരിന്തൽമണ്ണ, മലപ്പുറം, ഗ്രാമപഞ്ചായത്തുകളായ അമരമ്പലം, മൂത്തേടം, എടവണ്ണ, കുഴിമണ്ണ, അങ്ങാടിപ്പുറം, മേലാറ്റൂർ, ആലിപ്പറമ്പ, എടപ്പറ്റ, താഴേക്കോട്, കീഴാറ്റൂർ, വെട്ടത്തൂർ, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, പോരൂർ, മാറഞ്ചേരി, പുഴക്കാട്ടിരി എന്നിവയെ ആണ് നേരത്തെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഡെങ്കി ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയത്.
കരുതാം ഡെങ്കിപ്പനിയെ
പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത മഞ്ചേരി നഗരസഭയിലെ മുള്ളമ്പാറ പ്രദേശത്ത് ജില്ല ആരോഗ്യ വകുപ്പ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭ, മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ സഹകരണത്തോടെ സമഗ്ര പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വീടുകൾ, കെട്ടിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ, കൊതുക് സാന്ദ്രത പഠനം, ഫോഗിംഗ് എന്നിവ നടത്തി. ഫീൽഡ് വർക്കർമാരും ആശ പ്രവർത്തകരും അടങ്ങുന്ന 14 ടീമുകളാണ് ഭവന സന്ദർശന ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
മഴ ഇടക്കിടെ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഓരോ വീട്ടുകാരും കെട്ടിട ഉടമകളും സ്ഥാപനങ്ങളും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനത്തിലും ഡ്രൈഡേ ആചരണ പ്രവർത്തനങ്ങളിലും ജാഗ്രത പുലർത്തണം.
ഡോ. ആർ. രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |