കോഴിക്കോട്: വാഹനമിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവത്തിൽ പ്രതിയെ വിദേശത്ത് നിന്നെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി പൊലീസ്. പ്രതി പുറമേരി മീത്തലേ പുനത്തിൽ ഷജീലിനെതിരെ ലുക്കൗട്ട് നോട്ടീസിറക്കി.
ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസിറക്കിയത്. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് അപകടമുണ്ടായത്.
വടകരയ്ക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകൾ ദൃഷാനയേയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബിയെയുമാണ് വാഹനം ഇടിച്ചിട്ടത്.
ബന്ധു വീട്ടിലേക്ക് പോകാനായി ബസിറങ്ങി റോഡ് മുറിച്ചുകടക്കവേയാണ് ഇരുവരെയും ഷജീൽ ഓടിച്ച കെ.എൽ. 18 ആർ 1846 വെള്ള സ്വിഫ്റ്റ് കാർ ഇടിച്ചുതെറിപ്പിച്ചത്. ബേബി മരിച്ചു. കുട്ടി കോമയിലാകുകയും ചെയ്‌തു.
സംഭവത്തിന് പിന്നാലെ പ്രതി യു എ ഇയിലേക്ക് കടന്നു. കാർ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാർ നന്നാക്കാൻ ഇൻഷ്വറൻസ് ക്‌ളെയിം ചെയ്തിരുന്നു. അതാണ് പ്രതിയെ തിരിച്ചറിയാൻ നിമിത്തമായത്. മതിലിൽ ഇടിച്ചുകാർ തകർന്നെന്ന് പറഞ്ഞായിരുന്നു ഇൻഷുറൻസ് നേടിയത്. .ഫെബ്രുവരി 17ന് ശേഷമുള്ള ഇൻഷ്വറൻസ് ക്‌ളെയിമുകൾ പൊലീസ് പരിശോധിച്ചു. ഇതോടെയാണ് അന്വേഷണം ഷജീലിലേക്കെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |