തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങിയ സംഭവത്തിൽ സാധാരണക്കാരായ പാർട്ട്ടൈം ജീവനക്കാർ ഉൾപ്പെടെയുള്ളവരെ മാത്രം ബലിയാടാക്കുന്നു. ഇവർക്കെതിരെ മാത്രം നടപടിയെടുത്ത് വമ്പൻമാരെയും ഉന്നത ഉദ്യോഗസ്ഥരേയും ഒഴിവാക്കുന്നു. അനർഹർക്ക് പെൻഷൻ തട്ടാൻ കൂട്ടുനിന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെയും നടപടിയില്ല. രാഷ്ട്രീയ, ഉന്നതതല സമ്മർദ്ദം മൂലമാണിതെന്ന് ആക്ഷേപം. തട്ടിപ്പ് നടത്തിയവർക്കെതിരെ വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണമുണ്ടാകുമെന്ന സർക്കാർ പ്രഖ്യാപനത്തിലും ഇതുവരെ നടപടിയായില്ല.
കഴിഞ്ഞ ദിവസം സസ്പെൻഷനിലായ കൃഷിവകുപ്പിലെ ആറുപേരിൽ ഭൂരിപക്ഷവും പാർട്ട്ടൈം ജീവനക്കാരാണ്. ഇന്നലെ മൃഗസംരക്ഷണവകുപ്പിലെ 72 പേർക്കെതിരെയും പൊതുഭരണ വകുപ്പിലെ ആറു പേർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തവരിൽ ഭൂരിഭാഗം പേരും സ്വീപ്പർ പോലുള്ള താഴ്ന്ന തസ്തികകളിലുള്ളവരാണ്.
നേരത്തെ കിട്ടിയിരുന്ന ക്ഷേമപെൻഷൻ ജോലി സ്ഥിരപ്പെട്ടശേഷവും വാങ്ങിയിരുന്നവരാണ് ഇവരിൽ പലരും.
എന്നാൽ, ബി.എം.ഡബ്ളിയു കാർ ഉടമയും വിമുക്തഭട പെൻഷൻ വാങ്ങുന്നവരുടെ കുടുംബത്തിലുള്ളവരുമൊക്കെ എങ്ങനെ ക്ഷേമപെൻഷന് അർഹരായി എന്നതിൽ അന്വേഷണമില്ല. സാധാരണക്കാരായ കുറച്ചു ജീവനക്കാർക്കെതിരെ മാത്രം നടപടിയെടുത്ത് അതിലൊതുക്കാനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്.
സി.എ.ജി റിപ്പോർട്ടിലും നടപടിയില്ല
മലപ്പുറം കോട്ടയ്ക്കൽ ഉൾപ്പെടെ പല നഗരസഭകളിലും ക്ഷേമപെൻഷൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് രണ്ടുവർഷം മുമ്പ് സി.എ.ജിയുടെ സോഷ്യൽ ഒാഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുവരെ അന്വേഷണമുണ്ടായില്ല. അത്തരത്തിൽ വ്യാപകമായ അന്വേഷണത്തിലേക്ക് കടക്കുന്നത് സർക്കാർ സംവിധാനത്തിന് അപകീർത്തിയുണ്ടാക്കുമെന്ന ആശങ്കയാണ് കാരണം. അതേസമയം, തദ്ദേശ സ്ഥാപനതലത്തിൽ ധനവകുപ്പ് പരിശോധന തുടരുകയാണെന്നും അതുകഴിയുമ്പോൾ നടപടിയുണ്ടാകുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ക്ഷേമപെൻഷൻ തട്ടിപ്പ്
സർക്കാർ കണ്ടെത്തിയതിൽ...........1458 പേർ
തട്ടിപ്പിൽ നഷ്ടമായ തുക.................. 2.25കോടി
സി.എ.ജി.കണ്ടെത്തിയതിൽ ............9201പേർ
തട്ടിപ്പിൽ നഷ്ടമായ തുക.................. 39.27കോടി
നടപടിക്ക് വിധേയമാകേണ്ടവർ
ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവർ
അനർഹരെ തിരുകിക്കയറ്റാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർ
അനർഹരെ ഉൾപ്പെടുത്താൻ സ്വാധീനം ചെലുത്തിയവർ
62 ലക്ഷം
ക്ഷേമ പെൻഷൻ വാങ്ങുന്നത്
11,000 കോടി
പ്രതിവർഷം ചെലവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |