തിരുവനന്തപുരം: നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള സേവനം ആവശ്യക്കാർ ഓഫീസിലെത്താതെ ഓൺലൈനിൽ ലഭ്യമാക്കുന്ന കെ.സ്മാർട്ട് സംവിധാനം ഏപ്രിൽ മുതൽ എല്ലാ പഞ്ചായത്തുകളിലും നിലവിൽ വരും. പരീക്ഷണാർത്ഥം ജനുവരി ഒന്നു മുതൽ തിരുവനന്തപുരം ജില്ല പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നടപ്പാക്കും.
പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഐ.എൽ.ജി.എം.എസിന്റെ പോരായ്മകൾ പരിഹരിച്ചാണ് കെ.സമാർട്ട് എത്തുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് രണ്ട് സോഫ്റ്റുവെയറുകളും വികസിപ്പിച്ചത്.
941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാർക്കുള്ള പരിശീലനം ജനുവരിയിൽ ആരംഭിക്കും. ഓൺലൈനായി എല്ലാ സേവനവും സമയബന്ധിതമായി പൂർത്തിയാക്കാനാവുന്ന സംവിധാനം പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഈ വർഷം ജനുവരി ഒന്നുമുതൽ നഗരസഭകളിൽ നടപ്പാക്കിയ കെ സ്മാർട്ട് വിജയകരമായതോടെയാണ് പഞ്ചായത്തുകളിലും സജ്ജമാക്കുന്നത്.
`കെ സ്മാർട്ട് പഞ്ചായത്തുകളിലും വിന്യസിക്കുന്നതോടെ ഇ ഗവേണൻസ് രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടമാകും. കെ സ്മാർട്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.'
-എം.ബി.രാജേഷ്,
തദ്ദേശ മന്ത്രി
നഗരസഭകളിൽ ഹിറ്റായി !
ജനുവരി ഒന്നുമുതൽ ഇതുവരെ നഗരസഭകളിൽ 27.31 ലക്ഷം ഫയലുകളാണ് കെ.സ്മാർട്ടിലൂടെ പ്രോസസ് ചെയ്തത്. 20.37ലക്ഷം (74.6%) ഫയലുകളും തീർപ്പാക്കി.
ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലും പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങൾക്ക് അറിയാനാകും. ഫയൽ തീർപ്പാക്കലിൽ മുൻ ആഴ്ചയുമായുള്ള താരതമ്യവും ഡാഷ്‌ബോർഡിലൂടെ അറിയാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |