പ്രമേഹത്തിനും അനുബന്ധ പ്രശ്നങ്ങൾക്കും ആയുർവേദത്തിൽ കൃത്യവും ഫലപ്രദവുമായ ചികിത്സയുണ്ട്. ടൈപ്പ് ടു ഡയബറ്റിക്സാണ് കൂടുതലായി കാണുന്നത്. ജീവിത, ആഹാര ശൈലികളുമായി ബന്ധപ്പെട്ടതിനാൽ ഇത് നിയന്ത്രണവിധേയമാണ്. പ്രമേഹ അവസ്ഥയ്ക്കനുസരിച്ച് വിവിധതരം ആയുർവേദ ഔഷധങ്ങൾ നൽകാറുണ്ട്. നിശാകതകാദി കഷായം, കതകഖദിരാദി കഷായം, പ്രമേഹൗഷധി ചൂർണം, അമൃതമേഹാരി ചൂർണം എന്നിവയാണ് പ്രധാനമായും നൽകാറുള്ളത്. ഇതിലൂടെ ഷുഗർ ലെവൽ നിയന്ത്രിക്കാനാകും. ക്ഷീണമുള്ളവർക്ക് അശ്വഗന്ധ ചുർണം, സി- ഹെൽത്ത് ഷുഗർ ഫ്രീ ഗ്രാനൂൾസ്, ചവനുൾസ് ഷുഗർ ഫ്രീ ഗ്രാനൂൾസ് നൽകാറുണ്ട്.
പ്രമേഹം സങ്കീർണ്ണമാവുമ്പോൾ പലപ്പോഴും ഞരമ്പുകളെ ബാധിക്കാറുണ്ട്. തരിപ്പ്, പുകച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ. ഇത്തരം രോഗികൾക്ക് ധാര, അഭ്യഗം വളരെ ഫലപ്രദമാണ്. പ്രമേഹം കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന അവസ്ഥയെ പ്രതിരോധിക്കാൻ നേത്ര ചികിത്സകളുണ്ട്. തുള്ളി മരുന്നുകൾ, ധാര, തർപ്പണമെല്ലാം മികച്ച ഫലം നൽകാറുണ്ട്.
ഭക്ഷണം പ്രധാനം
ഗ്ലൂക്കോസ് ലെവൽ അനുസരിച്ചാണ് ആഹാരം നിയന്ത്രണം പറയാറുള്ളത്. ബ്രേക്ക്ഫാസ്റ്റിന് അരി കൊണ്ടുണ്ടാകുന്ന ദോശ, അപ്പം, പുട്ട് എന്നിവയ്ക്ക് പകരമായി മില്ലെറ്റ്സുകളായ രാഗി, വരക്, ചാമ തുടങ്ങിയവ കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കാം. ഇടയ്ക്ക് കുമ്പളങ്ങ, നെല്ലിക്ക ജ്യൂസ്, ഉലുവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാം. ഉച്ചയ്ക്ക് അല്പം ചോറും കൂടുതൽ കറികളും കഴിക്കാം. പച്ചക്കറികൾ വൈറ്റമിൻസും മിനറൽസും ശരീരത്തിന് നൽകാൻ ഉപകരിക്കും. ഇറച്ചി, മുട്ട, മീൻ എന്നിവ രോഗിയുടെ ഭാരവും മറ്റും നോക്കിയാണ് നിർദ്ദേശിക്കാറുള്ളത്. രാത്രി ഭക്ഷണം എട്ടിന് മുമ്പ് കഴിക്കണം. കൃത്യമായ ഉറക്കവും വ്യായാമവും പ്രധാനമാണ്. മാനസിക സമ്മർദ്ദങ്ങളുള്ളവർക്ക് യോഗ അഭ്യസിക്കാം.
(കോട്ടക്കൽ വൈദ്യരത്നം പി.എസ്.വാര്യർ ആയുർവേദ കോളേജ് അസി. പ്രൊഫസറാണ് ലേഖിക)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |