ഹൈദരാബാദ്: പുഷ്‌പ 2 റീലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിലൂടെ പൊലീസ് പുറത്തുവിട്ടു. ഷോ പൂർത്തിയാകുന്നതിന് മുമ്പ് ഡിസിപിക്കൊപ്പം അല്ലു തീയേറ്ററിന് പുറത്തേക്ക് വരുന്നതിന്റെ ദൃശ്യങ്ങളാണിവ.
യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം അറിയിക്കുകയും നടൻ ഉടൻതന്നെ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. പ്രതികരണം അനുകൂലമല്ലാത്തതിനാൽ എസിപി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടു. എന്നാൽ, ഷോ കഴിയുന്നതുവരെ തീയേറ്ററിൽ തുടരുമെന്നായിരുന്നു അല്ലുവിന്റെ മറുപടിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഡിസിപി എത്തിയാണ് നടനെ പുറത്തിറക്കിയതെന്നാണ് പൊലീസിന്റെ വാദം.
ഈ മാസം നാലാം തീയതിയാണ് പുഷ്‌പ 2വിന്റെ പ്രീമിയർ ഷോയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇവരുടെ മകന് മസ്‌തിഷ്‌ക മരണം സംഭവിച്ചിരുന്നു. രേവതി മരിച്ച വിവരം പറഞ്ഞിട്ടും ഏറെനേരം അല്ലു തീയേറ്ററിൽ തുടർന്നുവെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ദൃശ്യങ്ങളുമാണ് ഇതിന് തെളിവായി പൊലീസ് പുറത്തുവിട്ടത്.
അപകടത്തിന്റെ കാര്യം പൊലീസ് തന്നെ അറിയിച്ചില്ലെന്ന് അല്ലു അർജുൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തീയേറ്റർ വിടണമെന്ന് തന്നോട് ആരും പറഞ്ഞില്ലെന്നും അല്ലു മാദ്ധ്യമങ്ങളോട് പറഞ്ഞു. രേവതിയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തീയേറ്റർ ഉടമയ്‌ക്കുമെതിരെ കേസെടുത്തിരുന്നു. തുടർന്ന് അല്ലുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജാമ്യം നേടിയ അല്ലു അർജുൻ അടുത്തി ദിവസം രാവിലെ ജയിൽ മോചിതനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |