മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് ഈ മാസം 25നാണ് തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിനൊപ്പം ഗുരു സോമസുന്ദരം, മോഹൻ ശർമ്മ, തുഹിൻ മേനോൻ എന്നിവരും വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും അണിനിരക്കുന്നു. ഛായാഗ്രഹണം സന്തോഷ് ശിവൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
ഇപ്പോഴിതാ ബറോസ് റിലീസ് ദിവസം തനിക്ക് ഒരു സങ്കടം ഉണ്ടെന്ന് വെളിപ്പെടുത്തകയാണ് മോഹൻലാൽ. ബറോസ് സിനിമ അമ്മയെ തീയേറ്ററിൽ കൊണ്ട് പോയി ത്രീഡി ഷോ കാണിക്കാൻ സാധിക്കാത്തതിന്റെ സങ്കടമാണ് താരം പങ്കുവച്ചത്. 'ബറോസും ആയിരം കുട്ടികളും' എന്ന ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമ്മയോട് ബറോസിന്റെ കഥ പറഞ്ഞോ? അമ്മ എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിനാണ് മോഹൻലാൽ മറുപടി നൽകിയത്.
'ഞാൻ ഇന്നും അമ്മയെ കണ്ടു. എന്റെ അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. ഇന്ന് ഞാൻ അമ്മയ്ക്ക് ഈ സിനിമയിലെ ഗാനങ്ങൾ കേൾപ്പിച്ചു കൊടുത്തു. എനിക്ക് ഉള്ള ഒരു സങ്കടം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണട വച്ച് ഈ ചിത്രം കാണിപ്പിക്കാൻ പറ്റില്ല എന്നതാണ്. പക്ഷേ അമ്മയെ വേറെ ഒരു തരത്തിൽ അല്ലെങ്കിൽ 2ഡിയിലാക്കി സിനിമ കാണിക്കും. അമ്മയ്ക്ക് തിയേറ്ററിൽ പോകാൻ പറ്റില്ല. എന്റെ ചിത്രങ്ങൾ അമ്മ ടിവിയിൽ കാണാറുണ്ട്',- മോഹൻലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |