ജെറുസലേം: ഹമാസ് നേതാവ് ഇസ്‌മായിൽ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രേൽ കാറ്റ്‌സ്. ഇതാദ്യമായാണ് ഇസ്രയേൽ ഹനിയ വധം പരസ്യമായി സമ്മതിക്കുന്നത്. കഴിഞ്ഞ ജൂലായിൽ ഇറാനിലാണ് ഹനിയ കൊല്ലപ്പെട്ടത്.
'ഇസ്രയേലിനുനേരെ മിസൈൽ ആക്രമണം നടത്തുന്ന ഹൂതി തീവ്രവാദ സംഘടനയോട് ഒരു കാര്യം വ്യക്തമാക്കാനുണ്ട്. ഞങ്ങൾ ഹമാസിനെ പരാജയപ്പെടുത്തി, ഹിസ്‌ബുള്ളയെ പരാജയപ്പെടുത്തി, ഇറാന്റെ പ്രതിരോധ സംവിധാനത്തെ മറച്ചു, അവരുടെ നിർമാണ സംവിധാനം തകർത്തു, സിറിയയിലെ അസദ് ഭരണത്തെ അട്ടിമറിച്ചു, തിന്മയ്ക്കുമേൽ കടുത്ത പ്രഹരം ഏൽപ്പിച്ചു. അതുപോലെ യെമനിലെ ഹൂതി സംഘടനയ്ക്കുമേലും കനത്ത പ്രഹരമേൽപ്പിക്കും, അത് അവസാനത്തേതുമായിരിക്കും'- കാറ്റ്‌സ് മുന്നറിയിപ്പ് നൽകി.
'ഹൂതി സംഘടനയുടെ തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ തകർക്കും. ടെഹ്‌റാനിലും ഗാസയിലും ലെബനനിലും ഹനിയയുടെയും സിൻവാറിന്റെയും നസ്‌റല്ലയുടെയും തലയറുത്തതുപോലെ അവരുടെ നേതാക്കളുടെ തലയറുക്കും. ഹൊതീദയിലും സനായിലും ഞങ്ങളിത് ആവർത്തിക്കും'- കാറ്റ്‌സ് വ്യക്തമാക്കി. സൈനികരെ ആദരിക്കുന്ന ഒരു ചടങ്ങിൽ സംസാരിക്കവേയായിരുന്നു ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ പരാമർശം.
ഇറാനിലെ പുതിയ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇറാനിൽ എത്തിയതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ ഹനിയ കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷം ഹനിയയെ വധിക്കുമെന്നും ഹമാസിനെ തുടച്ചുനീക്കുമെന്നും ഇസ്രയേൽ പ്രതിജ്ഞയെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |