മുംബയ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കഴിഞ്ഞ ദിവസമാണ് അണുബാധയെത്തുടർന്ന് വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ മസ്തിഷ്‌കത്തിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഒരു മാസത്തിൽ കൂടുതൽ കാംബ്ലിക്ക് ആശുപത്രിയിൽ തുടരേണ്ടി വന്നേക്കും. ആശുപത്രിയിൽ കഴിയുന്ന വിനോദ് കാംബ്ലിയുടെ ആദ്യ പ്രതികരണവും ഇതനോടകം പുറത്തുവന്നിട്ടുണ്ട്.
താനിപ്പോൾ ജീവനോടെയിരിക്കുന്നതിന് കാരണം ഡോക്ടർമാരാണെന്ന് കാംബ്ലി പറഞ്ഞു. 'ഡോക്ടർമാർ കാരണമാണ് ഞാൻ ഇപ്പോൾ ജീവനോടെയുള്ളത്. അവർ പറയുന്ന കാര്യങ്ങൾ എല്ലാം ഇപ്പോൾ ചെയ്യുന്നുണ്ട്'- വിനോദ് കാംബ്ലി പ്രതികരിച്ചു. ആശുപത്രിയിൽ കാംബ്ലി എത്തുന്ന സമയത്ത് അദ്ദേഹത്തിന് ഇരിക്കാനോ നടക്കാനോ സാധിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ പ്രതികരിച്ചു.
അടുത്തിടെ പരിശീലകനായ രമാകാന്ത് അച്ഛരേക്കറുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ കാംബ്ലി പങ്കെടുത്തിരുന്നു. അന്നത്തെ പരിപാടിയിൽ സച്ചിൻ ടെൻഡുൽക്കറുമുണ്ടായിരുന്നു. അന്ന് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കാത്ത സച്ചിന്റെ കൈകൾ മുറുകെപ്പിടിക്കുന്ന കാംബ്ലിയുടെ ദൃശ്യങ്ങൾ ചർച്ചയായിരുന്നു. 2013ൽ സച്ചിൻ ടെൻഡുൽക്കറുടെ സാമ്പത്തിക സഹായത്തോടെ കാംബ്ലി ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ബിസിസിഐ നൽകുന്ന പെൻഷൻ തുകയിലാണ് ജീവിതം മുന്നോട്ടു പോകുന്നതെന്ന് കാംബ്ലി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, അടുത്തിടെ മദ്യലഹരിയിൽ ഭാര്യയുടെ തലയിൽ അടിച്ചെന്ന പരാതിയിൽ വിനോദ് കാംബ്ലിക്കെതിരെ മുംബയ് പൊലീസ് കേസെടുത്തിരുന്നു. ബാന്ദ്രയിലെ ഫ്ലാറ്റിൽ വച്ചായിരുന്നു ആക്രമണം നടന്നത്. ഭാര്യ ആൻഡ്രിയ ഹെവിറ്റിന്റെ പരാതിയിൽ ഐപിസി സെക്ഷൻ 324, 504 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |