SignIn
Kerala Kaumudi Online
Wednesday, 09 July 2025 3.13 PM IST

'ലോകം മുഴുവൻ സാമ്പത്തികമാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, താങ്കൾ ഇന്ത്യയെ വളർച്ചയുടെ പടവുകൾ കൈപിടിച്ചു കയറ്റുകയായിരുന്നു' ഓർമ്മക്കുറിപ്പുമായി തരൂർ

Increase Font Size Decrease Font Size Print Page
tharoor

പത്ത് വർഷത്തോളം ഇന്ത്യൻ പ്രധാനമന്ത്രിയായ പ്രശസ്‌ത സാമ്പത്തിക വിദഗ്ദ്ധനായ മൻമോഹൻ സിംഗിന് ശ്രദ്ധേയമായ ആദരാഞ്‌ജലി അർപ്പിച്ച് ശശിതരൂർ എംപി. വ്യാജചരിത്ര നിർമ്മിതികൾ പരത്തുന്ന ഇരുട്ടിൽ സത്യത്തിന്റെ കെടാവിളക്കുകൾ തെളിയിച്ച്, അംബരചുംബിയായ ദീപസ്‌തംഭമായി മൻമോഹൻ സിംഗ് ചരിത്രത്തിന് വഴികാട്ടിയതായി തരൂർ പറയുന്നു. 'അങ്ങയുടെ ഭരണത്തിൽ ഇന്ത്യ സാമ്പത്തികരംഗത്ത് ലോകശക്തിയായിക്കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്‌ഫലങ്ങളെത്തിക്കാൻ അങ്ങേക്ക് കഴിഞ്ഞു.' തരൂർ ഓർമ്മിക്കുന്നു.

'സാമ്പത്തികമാന്ദ്യത്തിൽ ലോകം മുഴുവനും ഉഴലുമ്പോൾ,​ ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി അദ്ദേഹം കൈപിടിച്ച് കയറ്റുകയായിരുന്നു. ലോകനേതാക്കൾ പോലും അദ്ദേഹത്തെ ആരാധനയോടെ കണ്ടു.' തരൂർ കുറിക്കുന്നു. സൗമ്യതയോടെ ഇന്ത്യയെ മുന്നോട്ടുനയിച്ച മൃദുഭാഷിയും ദൃഢചിത്തനുമായ നേതാവായിരുന്നു മൻമോഹൻ സിംഗ് എന്നും തരൂർ ഓർമ്മക്കുറിപ്പിൽ പറയുന്നു.

ശശി തരൂരിന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:

ഡോ. മൻമോഹൻ സിംഗ്, ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്...
വ്യാജചരിത്ര നിർമിതികൾ പരത്തുന്ന ഇരുട്ടിൽ സത്യത്തിന്റെ കെടാവിളക്കുകൾ തെളിയിച്ച്, അംബരചുംബിയായൊരു ദീപസ്തംഭമായി ,അങ്ങ് ചരിത്രത്തിനു വഴി കാട്ടുന്നു. താങ്കൾ ചരിത്രത്തിനു മുമ്പേ നടന്നയാളാണ്...
ഡോ. സിംഗ്, താങ്കൾ ഞങ്ങളെ സാമ്പത്തിക വിപ്ലവത്തിന്റെ വഴിയിലൂടെ നയിച്ചു. അങ്ങയുടെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ താങ്കൾക്ക് കഴിഞ്ഞു.


മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും, ഭക്ഷ്യ ഭദ്രതാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും , വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ഞങ്ങളെ ശാക്തീകരിച്ചു. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, താങ്കൾ ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നു. അങ്ങയുടെ സാമ്പത്തിക മാന്ത്രികതയിൽ സർവ മേഖലയിലും ഇന്ത്യ കുതിച്ചുയർന്നപ്പോൾ ലോകനേതാക്കൾ അങ്ങയെ ആരാധനയോടെ കണ്ടു. സൗമ്യതയോടെ അതിവൈകാരികതയില്ലാതെ ഇന്ത്യയെ മുന്നോട്ടുനയിച്ച മൃദുഭാഷിയെങ്കിലും ദൃഢചിത്തനായ രാഷ്ട്രനേതാവായിരുന്നു താങ്കൾ.


അങ്ങു നയിച്ച മന്ത്രിസഭയിൽ രണ്ടു തവണയായി മൂന്നു വർഷക്കാലം അങ്ങയുടെ സഹപ്രവർത്തകനായിരുന്ന എനിക്ക് താങ്കൾ വഴികാട്ടിയായിരുന്നു. ഇന്ത്യക്കു ഗുണകരമായ തീരുമാനങ്ങൾ എത്ര ശക്തമായ എതിർപ്പുണ്ടായിട്ടും മാറ്റാതെ ഒരു മഹാമേരുവായി ഉറച്ചുനിന്നു നടപ്പിലാക്കിയ ഡോ. സിംഗ് താങ്കളാണ് കരുത്തനായ പ്രധാനമന്ത്രി.


അനേകം മഹായുദ്ധങ്ങൾ ജയിക്കുന്നതിലും ഉന്നതമായിരുന്നു അങ്ങു നമുക്കായി നേടിയ സാമ്പത്തിക യുദ്ധവിജയം. ശത കോടിക്കണക്കിനു മനുഷ്യരെ ദാരിദ്ര്യരേഖയ്ക്കു മുകളിലേക്ക് കൈപിടിച്ചുയർത്തിയ അങ്ങയോട് അന്നത്തെ മാദ്ധ്യമങ്ങളും പ്രതിപക്ഷവും ജനങ്ങളും നീതി കാണിച്ചില്ല. കൂരമ്പുകൾ ഒന്നൊന്നായി നെഞ്ചിലേൽക്കുമ്പോഴും അങ്ങ് സ്വന്തം കർത്തവ്യത്തിൽ മാത്രം മുഴുകി.
വാചാലമായ എത്രയെത്ര പത്ര സമ്മേളനങ്ങൾ എങ്കിലും അങ്ങയെ അവർ മൗനി എന്നുവിളിച്ചു. കരുത്തുറ്റ അനേകം തീരുമാനങ്ങൾ എടുത്തുവെങ്കിലും അവർ താങ്കളെ ദുർബലൻ എന്നു വിളിച്ചു. ജനാധിപത്യം സാഹോദര്യം, പുരോഗമനം എല്ലാം തികഞ്ഞൊരു ഭരണാധികാരിയായിരുന്നു താങ്കൾ. കാലവും ചരിത്രവും സാക്ഷി പറയുന്നു ...
താങ്കളായിരുന്നു ശരി എന്ന്... നൻമ നിറഞ്ഞ ശരി....


പ്രണാമം ഡോ. മൻമോഹൻ സിംഗ്(1932-2024)

TAGS: DR MANMOHAN SINGH, REMEMBERING, SASI THAROOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.