തിരുവനന്തപുരം: പാർട്ടിയിൽ സുഖിമാന്മാർ കൂടുന്നുവെന്ന് സംഘടനാ രേഖയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംഘടനാ പ്രവർത്തനത്തിൽ സഖാക്കൾക്ക് ശ്രദ്ധയില്ല. ഇത്തരക്കാരിൽ നേതാക്കളും പ്രവർത്തകരുമുണ്ട്. ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികൾ നേതാക്കൾ മനസിലാക്കണം. ബദൽ ആശയമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച രേഖയിൽ കോടിയേരി ആവശ്യപ്പെട്ടു. സംഘടനാ തലത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന ശൈലിയിൽ മാറ്റം കൊണ്ടുവരുന്നതിനുമുള്ള നിർദേശങ്ങളടങ്ങിയ സംഘടന രേഖയാണ് കോടിയേരി അവതരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
സംഘടനാ നിർദേശങ്ങൾ നടപ്പാക്കാൻ നേതൃത്വം ഇച്ഛാശക്തി കാണിക്കണമെന്ന് രേഖ നിർദേശിക്കുന്നു. നേതാക്കളുടെ പ്രവർത്തന പ്രസംഗ ശൈലികൾ മാറ്റണം. ബ്രാഞ്ച് തലം മുതൽ സംസ്ഥാനതലം വരെ നേതാക്കൾ ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുത്. ഓരോ പാർട്ടിയോഗങ്ങളും ക്ലാസുകളും ജനകീയ അടിത്തറ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതാകണമെന്നും രേഖയിൽ നിർദേശമുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ ശക്തി ക്ഷയിക്കുകയാണ്. അതിന്റെ അലയൊലികൾ സംസ്ഥാനത്തുമുണ്ട്. വിപത്കരമായ ഒരു സന്ദേശമാണ് ഇത് നൽകുന്നതെന്നും രേഖയിൽ പറയുന്നു.
സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങൾ രാഷ്ട്രീയനേട്ടമായി മാറുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഏറെക്കുറെയെല്ലാം നടപ്പാക്കിയെങ്കിലും ജനങ്ങൾക്കിടയിലേക്ക് അക്കാര്യം എത്തുന്നില്ലെന്ന് മൂന്ന് ദിവസത്തെ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |